കൊച്ചി: ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിലേക്ക് ബുധനാഴ്ച രാവിലെ ജസ്റ്റിസ് അശോക് മേനോൻ വന്നിരിക്കുമ്പോൾ ഒരു 'റിലേ മത്സരം' ഓടാനെന്നപോലെ നിൽക്കുകയായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും. ഹൈക്കോടതി വിധി വരുന്നതിനുമുമ്പേ എല്ലാ തയ്യാറെടുപ്പുകളും രണ്ട് അന്വേഷണസംഘങ്ങളും പൂർത്തിയാക്കിയിരുന്നു. ജാമ്യം തള്ളിക്കൊണ്ടുള്ള കോടതിവിധി വന്നാൽ പിന്നെ ശിവശങ്കറിന് മറ്റു 'സാധ്യതകളി'ലേക്കു തിരിയാൻ സമയം കൊടുക്കരുതെന്ന തീരുമാനത്തിലായിരുന്നു ഇവരുടെ ആസൂത്രണം. ഹൈക്കോടതിയിലെ പത്തു മിനിറ്റ് ബുധനാഴ്ച രാവിലെ 10.15-നാണ് ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധിപറയാൻ ജസ്റ്റിസ് അശോക് മേനോൻ ബെഞ്ചിലെത്തിയത്. ആദ്യം പത്തു മിനിറ്റോളം വിവിധ സബ്മിഷനുകളാണ് പരിഗണിച്ചത്. അതിനുശേഷം ആദ്യകേസായി ശിവശങ്കറിന്റെ ജാമ്യഹർജി എടുത്തു. ആദ്യം ഇ.ഡി.യുടെ കേസിലെ ജാമ്യഹർജി എടുത്ത ജസ്റ്റിസ് 'തള്ളുന്നു' എന്ന വാചകത്തിൽ വിധിപറഞ്ഞു. അതിനുപിന്നാലെ കസ്റ്റംസിന്റെ കേസിലും 'തള്ളുന്നു' എന്ന ഒറ്റവാചകത്തിൽ തന്നെയായിരുന്നു വിധി. ഇവിടെ വിധി, അവിടെ... ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി പത്തു മിനിറ്റിനുള്ളിൽ ശിവശങ്കറിനെത്തേടി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ തിരുവനന്തപുരം വഞ്ചിയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി. ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്തുതന്നെ ഈ ഉദ്യോഗസ്ഥർ ആശുപത്രിക്കു സമീപത്ത് നിലയുറപ്പിച്ചു. കൊച്ചിയിൽനിന്ന് സന്ദേശം എത്തിയതോടെ ആശുപത്രിക്കുള്ളിലേക്ക് കടന്നു. ശിവശങ്കറിനെ ചികിത്സിക്കുന്ന ഡോക്ടറോട് സംസാരിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും യാത്രചെയ്യാൻ തടസ്സമില്ലെന്നും മറുപടികിട്ടി. ശിവശങ്കറിന്റെ മുറിയിലെത്തിയ സംഘം അദ്ദേഹത്തിന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനുള്ള നോട്ടീസ് നൽകി. ചേർത്തലയിലെ വണ്ടിമാറൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി 11 മണിക്കുമുമ്പായി എൻഫോഴ്സ്മെന്റ് സംഘം ശിവശങ്കറുമായി കൊച്ചിയിലേക്ക് തിരിച്ചു. എൻഫോഴ്സ്മെന്റിന്റെ രണ്ട് ഉദ്യോഗസ്ഥരാണ് വാഹനത്തിൽ ശിവശങ്കറിനൊപ്പമുണ്ടായിരുന്നത്. ദേശീയപാതയിലൂടെ പോകാതെ എം.സി. റോഡിലൂടെ സഞ്ചരിച്ച സംഘം പന്തളത്തുവെച്ച് വീണ്ടും വഴിമാറി. ചങ്ങനാശ്ശേരിയിൽനിന്ന് വീണ്ടും ദേശീയപാതയിലേക്ക്. സംഘം ഉച്ചയ്ക്ക് 2.20-ന് ചേർത്തലയിലെ ഹോട്ടലിൽ കയറി. ഭക്ഷണം കഴിക്കാനാണെന്ന് ആദ്യം കരുതിയെങ്കിലും കസ്റ്റംസിനുവേണ്ടിയുള്ള നീക്കമായിരുന്നു അത്. ഹോട്ടലിലേക്ക് കയറിയ ഇ.ഡി. സംഘം പത്തു മിനിറ്റിനകം തിരിച്ചിറങ്ങുമ്പോൾ കസ്റ്റംസ് സംഘം അവിടെയെത്തിയിരുന്നു. കസ്റ്റംസ് കൊണ്ടുവന്ന ചുവന്ന കളറിലുള്ള വാഹനത്തിലേക്ക് ശിവശങ്കറിനെ മാറ്റിയായിരുന്നു പിന്നീടുള്ള യാത്ര. ചേർത്തലയിൽനിന്ന് ഒരു മണിക്കൂറിൽ താഴെ സമയംകൊണ്ട് സംഘം ഇ.ഡി.യുടെ കൊച്ചി ഓഫീസിലെത്തി. ശിവശങ്കർ ഇറങ്ങുമ്പോഴേക്കും പിന്നാലെ മാധ്യമപ്പടയെത്തിയെങ്കിലും ചോദ്യങ്ങൾക്കൊന്നും മറുപടിപറയാതെ അദ്ദേഹം അകത്തേക്കു കയറിപ്പോയി. Content Highlight: Gold Smuggling Case: ED arrests Kerala CM's former principal secretary M Sivashankar
from mathrubhumi.latestnews.rssfeed https://ift.tt/3oAyolr
via
IFTTT
No comments:
Post a Comment