ന്യൂഡൽഹി: വലിയ ആൾക്കൂട്ടമുണ്ടാക്കണമെന്ന് ഒരു ദൈവവും പറഞ്ഞിട്ടില്ലെന്നും ഉത്സവസീസണിൽ കോവിഡ് കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ. കേരളത്തിൽ ഓണാഘോഷത്തിനുശേഷം കോവിഡ് വ്യാപനം വർധിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സൺഡേ സംവാദ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തണുപ്പുകാലത്ത് കോവിഡ് കേസുകൾ ഇനിയും കൂടാനുള്ള സാധ്യത തള്ളാനാവില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.ഉത്സവാഘോഷങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മന്ത്രി കേരളത്തിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയത്. “കഴിഞ്ഞയാഴ്ച കേരളത്തിൽ കോവിഡ് കേസുകൾ വൻതോതിൽ വർധിച്ചു. സംസ്ഥാനത്ത് ഇപ്പോൾ ചികിത്സയിലുള്ള കോവിഡ് രോഗികളിൽ 60 ശതമാനവും ഒരാഴ്ചയ്ക്കിടെയുണ്ടായതാണ്. ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ രണ്ടുവരെ നടന്ന ഓണാഘോഷം കോവിഡ് കേസുകളിലെ വൻ വർധനയ്ക്ക് ഇടയാക്കിയെന്നാണ് എസ്.ബി.ഐ. നടത്തിയ പഠനത്തിന്റെ റിപ്പോർട്ട്” -മന്ത്രി പറഞ്ഞു. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലും ഓഗസ്റ്റിലെ ഉത്സവാഘോഷങ്ങൾക്കുശേഷം 50 മുതൽ 60 ശതമാനംവരെ കേസുകൾ വർധിച്ചെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.ശ്വാസകോശ രോഗങ്ങൾ തണുപ്പുകാലത്ത് വർധിക്കാറുണ്ട്. കൊറോണയും ശ്വാസകോശത്തെ ബാധിക്കുന്ന വൈറസായതിനാൽ തണുപ്പുകാലത്ത് രോഗവ്യാപനം കൂടിയേക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/3dkR3N5
via
IFTTT
No comments:
Post a Comment