തിരുവനന്തപുരം: 'അന്വേഷണം ശരിയായ രീതിയിൽ നടക്കട്ടെ. അന്വേഷണം എന്റെ ഓഫീസിൽ എത്തുന്നെങ്കിൽ എത്തട്ടെ. തെറ്റ് ചെയ്തവർ ആരായാലും പിടിക്കപ്പെടട്ടെ. ഉപ്പ് തിന്നവർ ആരായാലും വെള്ളം കുടിക്കും' സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെപേരിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിലേക്ക് കേന്ദ്ര ഏജൻസികളുടെ അന്വേഷണം എത്തിയതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. രാജ്യാന്തര ബന്ധമുള്ള ഒരു കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ അറസ്റ്റുചെയ്തത് സർക്കാരിനെ സംബന്ധിച്ച് ചതുരംഗക്കളിയിലെ ചെക്ക് വിളിയാണ്. പ്രത്യേകിച്ചും കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, എൻ.ഐ.എ., സി.ബി.ഐ. തുടങ്ങിയ കേന്ദ്ര ഏജൻസികൾ നടപടികൾക്കായി ഊഴംകാത്ത് നിൽക്കുമ്പോൾ. സ്വാഭാവികമായും മുഖ്യമന്ത്രിയുടെ രാജിയെന്ന ആവശ്യം പ്രതിപക്ഷം ശക്തമായി ഉയർത്തി. മുഖ്യമന്ത്രി നേരിട്ട് തെറ്റ് ചെയ്തെന്ന് പ്രതിപക്ഷം ആരോപിക്കുന്നില്ല. എന്നാൽ, സ്വന്തം ഓഫീസ് ഇത്തരത്തിലുള്ള വിധ്വംസക പ്രവർത്തനങ്ങൾക്ക് വിട്ടുകൊടുത്തെന്ന ആരോപണമാണ് മുഖ്യമന്ത്രിക്കെതിരേ ഉയർത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് തന്നെയല്ലേയെന്ന ലളിതമായ യുക്തിയാണ് ഇതിനടിസ്ഥാനം. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെയെന്നതാണ് മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും പ്രതിരോധം. ആരോപണം ഉയർന്നപ്പോൾത്തന്നെ പ്രിൻസിപ്പൽ സെക്രട്ടറിയെ തത്സ്ഥാനത്തുനിന്ന് മാറ്റി. പിന്നീട് സസ്പെൻഡ് ചെയ്തു. അദ്ദേഹം തെറ്റ് ചെയ്തെങ്കിൽ സംരക്ഷിക്കാൻ ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന വിശദീകരണമാണ് സർക്കാരും പാർട്ടിയും നൽകുന്നത്. എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമായിരുന്നപ്പോൾ ചെയ്ത കാര്യങ്ങളാണ് കുറ്റകൃത്യത്തിന്റെ പട്ടികയിൽ വരുന്നത് എന്നതിനാൽ ഇത്തരം വാദങ്ങൾക്ക് ബലം പോരെന്ന് വരാം. പാർട്ടിയിലും സർക്കാരിലും മുന്നണിയിലും മുഖ്യമന്ത്രി പിണറായി വിജയനുള്ള മേൽക്കോയ്മ തന്നെയാണ് അദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. മുഖ്യമന്ത്രി നേരിട്ട് എന്തെങ്കിലും കുറ്റം ചെയ്തുവെന്ന ആരോപണമില്ലാത്തതിനാൽ രാജിയെക്കുറിച്ച് ചിന്തിക്കുകയേ വേണ്ടെന്നാണ് സി.പി.എം നിലപാട്. ഇതേസമയം അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ബി.ജെ.പി. ഇതര സർക്കാരുകൾക്കെതിരേ ഉപയോഗിക്കുന്നുവെന്ന ആരോപണം സി.പി.എം., സി.പി.ഐ. കക്ഷികൾ ഉയർത്തുന്നുണ്ട്. സർക്കാരെന്ന നിലയിൽ അന്വേഷണത്തെ തള്ളാതെയും പാർട്ടിയെന്ന നിലയിൽ രാഷ്ട്രീയമായി നേരിട്ടുമായിരിക്കും ഇനിയുള്ള നാളുകളിൽ സർക്കാരും പാർട്ടിയും നിലപാടെടുക്കുക. Content Highlight: Gold smuggling case: Suspended IAS Officer Arrested
from mathrubhumi.latestnews.rssfeed https://ift.tt/3oDE5iP
via
IFTTT
No comments:
Post a Comment