കുന്നംകുളം: നേതാവിനെ കൊലപ്പെടുത്തിയ വേദനയ്ക്കിടയിലും മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള പൊതിച്ചോറ് മുടക്കാതെ ചൊവ്വന്നൂരിലെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍. ഡി.വൈ.എഫ്.ഐ. ചൊവ്വന്നൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയും സി.പി.എം. പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറിയുമായ പൊതിച്ചോറ് വിതരണത്തിനും രക്തദാനത്തിനും നേതൃത്വം നല്‍കിയിരുന്ന പി.യു. സനൂപിന്റെ ചേതനയറ്റ ശരീരം തൊട്ടപ്പുറത്തുള്ള മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കുമ്പോഴാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പൊതിച്ചോറ് വിതരണവും രക്തദാനവും നടത്തിയത്.
കൊലപാതകത്തിന്റെ വേദനകള്‍ക്കിടയിലും സംഘടന ഏല്‍പ്പിച്ച ഉത്തരവാദിത്വവും ഭക്ഷണം കാത്തിരിക്കുന്നവരുടെ നിസഹായതയും മനസിലാക്കി ആണ് ഭക്ഷണ പൊതികള്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ വിതരണം ചെയ്തത്. സനൂപിന്റെ തട്ടകമായ പുതുശേരി കോളനിയില്‍നിന്നും രാവിലെ പത്തരയോടെയാണ് ഭക്ഷണപ്പൊതികളുമായുള്ള വാഹനങ്ങള്‍ മെഡിക്കല്‍ കോളജിലേക്കു യാത്ര തിരിച്ചത്.
രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി രണ്ടായിരത്തോളം പൊതിച്ചോറുകള്‍ വിതരണം ചെയ്യുകയും 47 പേര്‍ രക്തം ദാനം ചെയ്യുകയും ചെയ്തു. സനൂപിന്റെ അവസാനപ്രവര്‍ത്തനം പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ടായിരുന്നുവെന്നും ദുഃഖവും വേദനയുമുണ്ടെങ്കിലും സനൂപിന്റെ അന്ത്യാഭിലാഷം നിറവേറ്റാന്‍ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയെന്നും ഡി.വൈ.എഫ്.ഐ. കുന്നംകുളം ബ്ലോക്ക് സെക്രട്ടറി കെ.ഡി. പ്രവീണ്‍ പറഞ്ഞു. ഭക്ഷണ വിതരണത്തിന്റെ അവസാന ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ക്രിമിനല്‍ സംഘം സനൂപിനെ കൊലപ്പെടുത്തിയതെന്നും പ്രവീണ്‍ പറഞ്ഞു.
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹം വൈകിട്ടോടെ ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തില്‍ സംസ്‌കരിച്ചു. കക്ഷിരാഷ്ട്രീയത്തിനുപരി പുതുശേരി കോളനിയിലെ കുടുംബങ്ങളുടെ സഹായിയായിരുന്ന യുവാവിനെ കൊന്നൊടുക്കിയ ഞെട്ടലില്‍നിന്ന് കോളനിവാസികളും ഇനിയും മോചിതരായിട്ടില്ല. അച്ഛന്‍ ഉണ്ണിയെയും അമ്മ സതിയെയും ചെറുപ്പത്തില്‍ നഷ്ടമായ സനൂപിനെ വല്യമ്മ വിലാസിനിയാണ് വളര്‍ത്തിയത്. വിലാസിനിയുടെ മക്കളോടൊപ്പമായിരുന്നു താമസം.
അച്ഛന്‍ ഉപേക്ഷിച്ചു പോയ അമ്മ രണ്ടാമത്തെ പ്രസവത്തിനിടെ മരിച്ചതോടെ രണ്ടു വയസായിരുന്ന സനൂപ് കോളനിവാസികളുടെ സ്വന്തം മകനാവുകയായിരുന്നു. ഞായറാഴ്ച രാത്രി പുതിയതായി നിര്‍മിച്ച പുതുശേരി കോളനിയിലെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ കൂട്ടുകാരോടൊത്തു ക്രിക്കറ്റ് കളി കണ്ടിരുന്ന സനൂപ് സുഹൃത്തായ വിബിനുമൊന്നിച്ച് ബൈക്കില്‍ പോയത് കണ്ടവര്‍ പിന്നീട് അറിയുന്നത് മരണവാര്‍ത്തയാണ്.
ഇരുപതാമത്തെ വയസില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയായ സനൂപ് രണ്ടാമത്തെ തവണയും ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഡി.വൈ.എഫ്.ഐ. ചൊവ്വന്നൂര്‍ വില്ലേജ് മേഖലാ ജോയിന്റ് സെക്രട്ടറിയായ സനൂപ്, ഞായറാഴ്ചവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രോഗികള്‍ക്ക് ഉച്ചഭക്ഷണം ശേഖരിക്കാനുള്ള ശ്രമകരമായ ദൗത്യത്തിലായിരുന്നു. കൊലപാതകം ബൈക്കോടിച്ചതിനെച്ചൊല്ലിയുണ്ടായ വാക്ക് തര്‍ക്കത്തെത്തുടര്‍ന്നായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രദേശവാസിയായ നന്ദന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് സനൂപിനെ കുത്തിയതെന്നു മൊഴിയുണ്ടെന്നും നാലുപേരെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി പതിനൊന്നരയോടെ എയ്യാല്‍ ചിറ്റിലങ്ങാട്ടെ വിജനമായ സ്ഥലത്ത് നടന്ന ആക്രമണത്തിലാണു കൊല്ലപ്പെട്ടത്. എയ്യാല്‍ ചിറ്റിലങ്ങാട് സ്വദേശി മിഥുന്‍ ബൈക്കോടിച്ചതിനെച്ചൊല്ലി നന്ദന്റെ നേതൃത്വത്തിലുള്ള സംഘവുമായി വാക്ക് തര്‍ക്കമുണ്ടായിരുന്നു. മിഥുന്റെ സുഹൃത്തുക്കള്‍ തുടര്‍ന്ന് സ്ഥലത്തെത്തി ഇതിനെ ചോദ്യംചെയ്തു. ഇതേത്തതുടര്‍ന്നാണ് രാത്രിയോടെ മിഥുന്റെ സുഹൃത്തായ വിബിന്റെ ബൈക്കില്‍ സനൂപ് എയ്യാല്‍ ചിറ്റിലങ്ങാട്ടെത്തിയത്. മറ്റു രണ്ടുപേര്‍ മറ്റൊരു ബൈക്കിലും ഒപ്പമുണ്ടായിരുന്നു. ഈ സമയം മദ്യലഹരിയിലായിരുന്ന അക്രമിസംഘം സനൂപിനേയും ഒപ്പമുള്ളവരേയും ആക്രമിക്കുകയായിരുന്നു.
അരയില്‍ സൂക്ഷിച്ച കത്തിയെടുത്ത് സനൂപിനെ നന്ദന്‍ കുത്തിവീഴ്ത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു. നെഞ്ചിന് ആഴത്തില്‍ കുത്തേറ്റ സനൂപ് സംഭവസ്ഥലത്തുതന്നെ മരിച്ചു. സനൂപിനൊപ്പമുണ്ടായിരുന്ന പുതുശേരി കോളനിയില്‍ ബേബിയുടെ മകന്‍ വിബിന്‍ (വിബികുട്ടന്‍-28), കിടങ്ങൂര്‍ കരുമത്തില്‍ വീട്ടില്‍ ആനന്ദന്റെ മകന്‍ അഭിജിത്ത് (28), അഞ്ഞൂര്‍പാലം മുക്കില്‍വീട്ടില്‍ രവീന്ദ്രന്റെ മകന്‍ ജിതിന്‍ (ജിത്തു-25) എന്നിവര്‍ പരുക്കുകളോടെ ചികിത്സയിലാണ്. ചിതറിയോടിയ മറ്റുള്ളവരേയും പിന്നാലെയെത്തി ആക്രമിച്ചു. പരുക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇന്നലെ രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷമാണ് സനൂപിന്റെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്. നന്ദനും സംഘാംഗങ്ങളായ മറുണ്‍, അഭിജിത്ത് എന്നിവരടക്കമുള്ളവര്‍ ഒളിവിലാണ്.
ഇവര്‍ സഞ്ചരിച്ചതെന്നു കരുതുന്ന കാര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍നിന്ന് കണ്ടെത്തിയതായി സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കത്തി സൂക്ഷിച്ചതെന്ന് കരുതുന്ന ഉറയും ഇരുമ്പു പൈപ്പുകളും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി. ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. കുന്നംകുളം എ.സി.പി: ടി.എസ്. സിനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വന്‍ പോലീസ് സന്നാഹം സ്ഥലത്തു ക്യാമ്പു ചെയ്യുന്നുണ്ട്. അതിനിടെ കൊലപാതകത്തിനു പിന്നില്‍ സംഘപരിവാറാണെന്നു സി.പി.എം. ആരോപിച്ചു. സംഭവത്തില്‍ പങ്കില്ലെന്നും വ്യാജപ്രചാരണങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ബി.ജെ.പിയും വ്യക്തമാക്കി.
from mangalam.com https://ift.tt/3ljVuL0
via IFTTT
No comments:
Post a Comment