കണ്ണൂര്‍: എം.വി. രാഘവന്‍, കെ.എം. മാണി തുടങ്ങിയ രാഷ്ട്രീയപ്രതിയോഗികളെ മരണാനന്തരം ''വിശുദ്ധരാ''ക്കുന്ന സി.പി.എം. നീക്കത്തില്‍ മുറമുറുപ്പടങ്ങാതെ അണികള്‍. ഒരുമാസം കഴിഞ്ഞ് വീണ്ടുമൊരു കൂത്തുപറമ്പ് ദിനാചരണം കടന്നുവരുമ്പോള്‍, ''ജീവിക്കുന്ന രക്തസാക്ഷി'' പുഷ്പന്റെ സഹോദരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതും സി.പി.എം. നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നു.
എം.വി. രാഘവന്റെ മകന്‍ എം.വി. നികേഷ്‌കുമാറിനെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചപ്പോള്‍ പുഷ്പന്‍ കരഞ്ഞെന്നു സഹോദരന്‍ വെളിപ്പെടുത്തിയതും നേതൃത്വത്തെ ഉത്തരം പറയാന്‍ ബാധ്യസ്ഥരാക്കും. ''പുഷ്പനെ അറിയാമോ...'' എന്ന െവെകാരികഗാനം പരിഹാസരൂപേണ രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കുന്നുമുണ്ട്. കൂത്തുപറമ്പ് രക്തസാക്ഷികള്‍ സി.പി.എം. അണികള്‍ക്ക് എന്നും ആവേശമായിരുന്നു.
വര്‍ഗശത്രുവിനേക്കാള്‍ എതിര്‍ക്കപ്പെടേണ്ടവനാണു കുലംകുത്തിയെന്ന പാര്‍ട്ടി കല്‍പ്പന ശിരസ്സാവഹിച്ച്, എം.വി. രാഘവനെ തടയാന്‍ ചെങ്കൊടിയേന്തി പുറപ്പെട്ട റോഷനും ഷിബുലാലും മധുവും ബാബുവും രാജീവും അര്‍ധപ്രാണനായ പുഷ്പനും...പക്ഷേ, കൂത്തുപറമ്പിനെ ചുവപ്പിച്ച നവംബര്‍ 25 കഴിഞ്ഞ കുറേവര്‍ഷങ്ങളായി സി.പി.എമ്മിനു തലവേദനയാണ്. എം.വി.ആറിന്റെ ഓര്‍മകളെ അംഗീകരിച്ചതോടെ രക്തസാക്ഷി ദിനാചരണ പരിപാടിയുടെ പകിട്ടും പാര്‍ട്ടി കുറച്ചു.
നവംബര്‍ 25-നു നടത്തിയിരുന്ന വന്റാലികള്‍, സെമിനാറുകള്‍, മുന്‍നിരനേതാക്കളുടെ സാന്നിധ്യം എന്നിവയെല്ലാം 2014-ല്‍ എം.വി.ആറിന്റെ വിയോഗത്തിനുശേഷം ക്രമേണ ഇല്ലാതായി. കഴിഞ്ഞവര്‍ഷം ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ 'ചൂണ്ടയിടല്‍' മത്സരവും വിമര്‍ശനത്തിനിടയാക്കി. എം.വി.ആറിനെ പുറത്താക്കിയ കാലത്ത് എം.വി.ആറിന് ഊണുകൊടുത്തവരും വീട്ടില്‍ സൗഹൃദസന്ദര്‍ശനം നടത്തിയവരും ഉള്‍പ്പെടെ പാര്‍ട്ടി നടപടിക്കു വിധേയരായിരുന്നു. എന്നാല്‍, എം.വി.ആറിന്റെ അവസാനകാലത്ത്, അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും പുറത്താക്കല്‍ക്കാലത്തു സെക്രട്ടറിയായിരുന്ന വി.എസ്. അച്യുതാനന്ദനും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
മറവിരോഗത്തിന്റെ പിടിയിലായതിനാല്‍ അതേക്കുറിച്ചോ സി.എം.പിയിലെ പിളര്‍പ്പിനെക്കുറിച്ചോ എം.വി.ആറിന് ഒന്നും പറയാനുണ്ടായിരുന്നില്ല. അവശനിലയിലായിരുന്ന എം.വി.ആറിനെ, മരണത്തിനു തലേന്നും സി.പി.എം. പൊതുപരിപാടിയില്‍ പങ്കെടുപ്പിച്ചു. പാപ്പിനിശേരി ആയുര്‍വേദ ആശുപത്രിയില്‍ ആയിരുന്നു പരിപാടി. സി.എം.പിയുടെ സ്വത്തുക്കള്‍ സംബന്ധിച്ച തര്‍ക്കത്തില്‍ നിയമപിന്‍ബലത്തിനു വേണ്ടിയായിരുന്നു ആ നീക്കമെന്ന് ആരോപണമുയര്‍ന്നിരുന്നു.
പരിയാരം മെഡിക്കല്‍ കോളജിന്റെ പേരില്‍ തെരുവുകലാപം സൃഷ്ടിച്ച സി.പി.എം. നേതാക്കള്‍ പിന്നീട് അതേ സ്ഥാപനത്തിന്റെ പേരില്‍ എം.വി. ആറിനെ വാനോളം വാഴ്ത്തി. മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ചടങ്ങിലായിരുന്നു അത്. പരിയാരം സ്വാശ്രയ മെഡിക്കല്‍ കോളജിന്റെ പേരിലാണ് 1994-ല്‍ മന്ത്രിയായിരുന്ന എം.വി.ആറിനെ ഡി.െവെ.എഫ്.ഐ. പ്രവര്‍ത്തകര്‍ തടഞ്ഞതും വെടിവയ്പ്പില്‍ കലാശിച്ചതും.
from mangalam.com https://ift.tt/3o1ePCC
via IFTTT
No comments:
Post a Comment