ഹരിപ്പാട് : മൂന്നുദിവസമായി നടത്തിയ ബാങ്കുകവർച്ചയ്ക്ക് മോഷ്ടാക്കൾക്ക് സഹായമായത് ബാങ്ക് ഉദ്യോഗസ്ഥർ അണയ്ക്കാതെപോയ ഒരു ബൾബാണ്. കരുവാറ്റ സർവീസ് സഹകരണ ബാങ്കിന് ഓഗസ്റ്റ് 28-മുതൽ സെപ്റ്റംബർ രണ്ടുവരെ ഓണം അവധിയായിരുന്നു. 27-ന് വൈകീട്ട് ബാങ്ക് പൂട്ടിപ്പോകുമ്പോൾ ജീവനക്കാർ പുറത്തുള്ള ലൈറ്റ് കത്തിച്ചിട്ടു. ബാങ്കിന്റെ മുറ്റത്ത് വെട്ടംകിട്ടാൻ വേണ്ടിയായിരുന്നു ഈ മുൻകരുതൽ. ആരെങ്കിലും രാത്രി ബാങ്കിനു മുന്നിലെത്തിയാൽ പുറത്തുള്ളവർക്ക് കാണാൻകഴിയുമെന്നായിരുന്നു ജീവനക്കാർ ധരിച്ചത്.ഓഗസ്റ്റ് 29-ന് രാത്രിയിലാണ് മോഷ്ടാക്കൾ ബാങ്കിലെത്തിയത്. ഒന്നാംപ്രതി ആൽബിൻരാജ് മുൻഭാഗത്തെ പൂട്ടുപൊളിച്ച് അകത്തുകയറിയശേഷം ഗ്യാസ് സിലിൻഡറും കട്ടറും ഉൾപ്പെടെയുള്ള സാധനങ്ങൾ അകത്തുവെച്ചു. ബാങ്കിനുള്ളിലെ സാഹചര്യം മനസ്സിലാക്കിയശേഷം മുൻഭാഗത്തെ ജനലഴി അറത്തുമാറ്റി. നേരത്തേ പൂട്ടുതകർന്ന വാതിൽ അകത്തുനിന്ന് പൂട്ടിയിട്ടു. ഇതിനുശേഷമാണ് ജനലിലൂടെ പുറത്തിറങ്ങുന്നത്.അടുത്തദിവസം രാവിലെ രണ്ടാം പ്രതി ഷൈബുവിനെ ബാങ്കിന്റെ പരിസരം വീക്ഷിക്കാൻ ആൽബിൻരാജ് പറഞ്ഞുവിട്ടു. പുറത്തുള്ള ലൈറ്റ് കത്തിക്കിടക്കുന്നുണ്ടോയെന്ന് നോക്കിയാൽമാത്രം മതിയെന്നായിരുന്ന ആൽബിൻരാജിന്റെ നിർദേശം. ഷൈബുവെത്തിയപ്പോൾ ലൈറ്റ് കത്തിനിൽക്കുന്നുണ്ട്. രണ്ടാംദിവസം ലോക്കർ പകുതി അറത്തുവെച്ചശേഷം പുലർച്ചേ പുറത്തിറങ്ങിയ ആൽബിൻരാജിനെ താമസസ്ഥലത്ത് എത്തിച്ചശേഷം ഉച്ചയോടെ ഷൈബു വീണ്ടും കരുവാറ്റയിലെത്തി. അപ്പോഴും ലൈറ്റിനു മാറ്റമില്ല. ഇതോടെയാണ് ബാങ്കിലെ മോഷണശ്രമം ആരും അറിഞ്ഞിട്ടില്ലെന്ന് പ്രതികൾ മനസ്സിലാക്കുന്നത്. ബാങ്കിൽ ആരെങ്കിലും കയറിയിട്ടുണ്ടെങ്കിൽ ലൈറ്റിന്റെ സ്വിച്ച് ഓഫ് ചെയ്യുമെന്ന ആൽബിൻരാജിന്റെ വിലയിരുത്തലിനെപ്പറ്റി രണ്ടാംപ്രതിയാണ് പോലീസിനോടു പറഞ്ഞത്. ഇതിനിടെ കവർച്ചക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിലെ കൂടുതൽ ഉദ്യോഗസ്ഥർ കോയമ്പത്തൂരിലെത്തി. അവിടെ വിശദമായ തിരച്ചിൽ നടത്താനാണ് തീരുമാനം.
from mathrubhumi.latestnews.rssfeed https://ift.tt/3nU2251
via
IFTTT
No comments:
Post a Comment