കൊച്ചി: നിർമാണത്തിന് അനുവദിച്ച തുകയിൽ നല്ല പങ്ക് കമ്മിഷനായി പോയതിനാൽ പാലാരിവട്ടം മേൽപ്പാലത്തിനു സംഭവിച്ചത് ലൈഫ് മിഷൻ വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ഫ്ലാറ്റിന്റെ കാര്യത്തിലും സംഭവിക്കുമോയെന്ന് ആശങ്ക. വടക്കാഞ്ചേരിയിലെ അപ്പാർട്ടുമെന്റുകളുടെ ബലപരിശോധന നടത്തണമെന്ന വിജിലൻസ് നിലപാട് ഈ ആശങ്കയിലേക്കാണ് വിരൽചൂണ്ടുന്നത്. അനുവദിച്ച 41 കോടിയും നിർമാണത്തിനു വിനിയോഗിക്കാൻ കഴിയാത്തതാണ് പാലാരിവട്ടം മേൽപ്പാലത്തിന്റെ തകർച്ചയ്ക്കു കാരണമെന്ന നിഗമനത്തിലാണ് വിജിലൻസ്. വടക്കാഞ്ചേരിയിൽ 140 അപ്പാർട്ടുമെന്റിനും ആശുപത്രി കോംപ്ലക്‌സിനും 20 കോടി രൂപയാണ് യു.എ.ഇ. റെഡ്ക്രസന്റ് അനുവദിച്ചത്. ഇതിൽ ആദ്യം അനുവദിച്ച 14.5 കോടിയിൽനിന്നാണ് 4.48 കോടി യു.എ.ഇ. കോൺസുലേറ്റിലെ ഉദ്യോഗസ്ഥനും സന്ദീപ് നായർക്കുമായി കമ്മിഷനായി നൽകിയത്. കരാർ കമ്പനിയായ യൂണിടാക് തന്നെയാണ് ഇക്കാര്യം പറയുന്നത്. കമ്മിഷൻ നൽകിയശേഷം നിർമാണപ്രവർത്തനത്തിന് യൂണിടാകിന് കിട്ടുക 15.52 കോടിയാണ്. 500 ചതുരശ്രയടിയുള്ള 140 അപ്പാർട്ടുമെന്റുകളാണ് വടക്കാഞ്ചേരിയിൽ നിർമിക്കുന്നത്. ഒരു ചതുരശ്രയടിക്ക് ശരാശരി 2000 രൂപ നിർമാണച്ചെലവ് കണക്കാക്കിയാൽ 14 കോടിയോളം രൂപ അപ്പാർട്ടുമെന്റ് നിർമാണത്തിനു മാത്രം വേണ്ടിവരും. ആശുപത്രി കെട്ടിടത്തിനും പണം വേണം. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്തായിരിക്കും അപ്പാർട്ടുമെന്റും ആശുപത്രി കോംപ്ലക്‌സും നിർമിക്കുകയെന്ന് അനുമാനിക്കാം. പാലാരിവട്ടം മേൽപ്പാലം നിർമിച്ചപ്പോൾ കരാറിൽ പറഞ്ഞതിനു വിരുദ്ധമായി 8.25 കോടി രൂപ സർക്കാർ മൊബിലൈസേഷൻ അഡ്വാൻസായി അനുവദിച്ചിരുന്നു. ഇങ്ങനെ മുൻകൂർ പണം അനുവദിച്ചതിനുപോലും ബന്ധപ്പെട്ടവർ കമ്മിഷൻ പറ്റിയെന്ന് പാലാരിവട്ടം ക്രമക്കേട് അന്വേഷിക്കുന്ന വിജിലൻസ് കണ്ടെത്തിയിരുന്നു. ഉദ്ഘാടനത്തിനു പിന്നാലെ പാലത്തിന്റെ തകർച്ചയിലേക്കു നയിച്ചത് ഇത്തരം ക്രമക്കേടായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3nLu9TK
via
IFTTT
No comments:
Post a Comment