ഈറോഡ് : മകളുടെ മരണസർട്ടിഫിക്കറ്റ് നൽകാൻ അധികാരി കൈക്കൂലി ചോദിച്ചെന്ന് ആരോപണം. കൈക്കൂലിനൽകാൻ പണം കണ്ടെത്താനാണെന്നറിയിച്ച് മരിച്ച യുവതിയുടെ അമ്മയും മക്കളും ഭിക്ഷാടനംനടത്തി. ഈറോഡ് ജില്ലയിലെ അന്തിയൂർ ആലാംപാളയത്തിൽ താമസിക്കുന്ന ജ്യോതിമണിയും പേരക്കുട്ടികളുമാണ് തഹസിൽദാർ ഓഫീസിനുമുന്നിൽ ഭിക്ഷയാചിച്ചത്.ഇവരുടെ മകൾ പ്രിയ ഏപ്രിൽ 16-ന് അസുഖംമൂലം മരിച്ചിരുന്നു. തുടർന്ന്, പ്രിയയുടെ മക്കളായ പെൺകുട്ടിക്കും ആൺകുട്ടിക്കും പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിനുവേണ്ടി അന്തിയൂരിനടുത്തുള്ള മാതതാർ ഗ്രാമനിർവാഹക അധികാരിക്ക് അപേക്ഷനൽകി. പല പ്രാവശ്യം ഓഫീസിൽ കയറിയിറങ്ങിയെങ്കിലും സർട്ടിഫിക്കറ്റ് കിട്ടിയില്ലെന്ന് ജ്യോതിമണി പറയുന്നു. 3,000 രൂപ നൽകിയാലേ സർട്ടിഫിക്കറ്റ് തരാൻപറ്റൂ എന്ന് അധികാരി പറഞ്ഞതായും പണമില്ലാത്തിനാൽ താനും കൊച്ചുമക്കളും ഭിക്ഷയെടുത്ത് കൈക്കൂലി കൊടുക്കാൻ തീരുമാനിച്ചെന്നും ജ്യോതിമണി പറഞ്ഞു. തഹസിൽദാർ ഓഫീസിനുമുന്നിലിരുന്ന് മൂവരും ഭിക്ഷയാചിക്കുന്നതിന് കാരണം വ്യക്തമാക്കുന്ന പ്ളക്കാർഡും കൈയിൽ വെച്ചിരുന്നു. ഇതുകണ്ട ജനങ്ങൾ ഇവർക്കുചുറ്റും കൂടിയതോടെ തഹസിൽദാർ വിവരമറിഞ്ഞ് മൂവരെയും ഓഫീസിലേക്ക് വിളിച്ചുവരുത്തി. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി അധികൃതർ അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3kcG5Ma
via
IFTTT
No comments:
Post a Comment