കൊല്ലം : കെ.എസ്.ആർ.ടി.സി. ബസിനെ കടന്നുപോകാനനുവദിക്കാതെ അപകടകരമായ രീതിയിൽ സ്കൂട്ടറിൽ യാത്രചെയ്ത യുവാവിനെ കൈയോടെ പിടിച്ച് മോട്ടോർ വാഹന വകുപ്പ്. കാവനാട് സ്വദേശി കണ്ണനാണ് ബസിന് മുൻപിൽ സുഹൃത്തിനൊപ്പം അപകടകരമായരീതിയിൽ സ്കൂട്ടറോടിച്ചത്. ഇയാളുടെ ലൈസൻസ് പിടിച്ചെടുക്കുകയും റദ്ദാക്കാൻ ശുപാർശ നൽകുകയും ചെയ്തെന്ന് ആർ.ടി.ഒ. മഹേഷ് പറഞ്ഞു. സ്കൂട്ടർ ശക്തികുളങ്ങര പോലീസ് കസ്റ്റഡിയിലെടുത്തു. ബസിന് മുൻപിൽ ഇവർ തടസ്സം സൃഷ്ടിച്ച് നീങ്ങുന്നതിന്റെ വീഡിയോ യാത്രക്കാരിലൊരാൾ പകർത്തിയത് സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി.ബുധനാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു സംഭവം. മലപ്പുറം ഡിപ്പോയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റിന് മുൻപിലാണ് നീണ്ടകര പാലത്തിൽ വച്ച് ഇവർ തുടർച്ചയായി ഹോണടിച്ച് ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്തു കയറിയത്. ഈ സമയം ബസ് സഡൻ ബ്രേക്കിട്ടു. അൻപതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. തുടർന്ന് കൊല്ലം ബൈപ്പാസ് തുടങ്ങുന്ന ആൽത്തറമൂട് ജങ്ഷനിലെ സിഗ്നൽ വരെ യുവാക്കൾ ബസിനു മുൻപിൽ കടന്നുപോകാനനുവദിക്കാതെ യാത്രചെയ്തു. സിഗ്നലിലെത്തിയതോടെ സ്കൂട്ടർ ബസിന് കുറുകേ നിർത്തി ഇറങ്ങി ഡ്രൈവറെ അസഭ്യം പറഞ്ഞു. നീണ്ടകര പാലത്തിൽ സ്കൂട്ടറിന് സൈഡ് നൽകിയില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു യുവാക്കളുടെ അക്രമം. സംഭവം യാത്രക്കാരിലൊരാൾ മൊബൈലിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇവർ പിന്മാറിയത്. തുടർന്ന് സ്കൂട്ടറെടുത്ത് കാവനാട് ജങ്ഷനിലെത്തിയ യുവാക്കൾ ഇവിടെവച്ചും ബസിലെ ഡ്രൈവറെയും കണ്ടക്ടറെയും അസഭ്യം പറഞ്ഞു. കൊല്ലം ഡിപ്പോയിലെത്തി സംഭവം റിപ്പോർട്ട് ചെയ്തുവെങ്കിലും പരാതി നൽകിയിരുന്നില്ല. എന്നാൽ ഇതിനോടകം സാമൂഹികമാധ്യമങ്ങളിൽ വൈറലായ വീഡിയോ ശ്രദ്ധയിൽപ്പെട്ട മോട്ടോർ വാഹന വകുപ്പ് ഉടൻ തന്നെ നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു. ഇതോടെ വ്യാഴാഴ്ച രാവിലെ തന്നെ സ്കൂട്ടറോടിച്ച കണ്ണന്റെ ലൈസൻസ് പിടിച്ചെടുത്തു. തുടർനടപടികളുണ്ടാകുമെന്നും കൊല്ലം ആർ.ടി.ഒ. എൻഫോഴ്സ്മെന്റ് അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/350Geff
via
IFTTT
No comments:
Post a Comment