തിരുവനന്തപുരം: ഇടതുമുണണിയിലേക്കെന്ന് പ്രഖ്യാപിച്ച് ഒന്‍പതാം ദിവസം കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയുടെ ഭാഗമായി. ഇന്നലെ ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ ഐകകണ്‌ഠ്യേനയാണ് തീരുമാനം. നിലവില്‍ പത്തുകക്ഷികളുള്ള ഇടതുമുന്നണിയില്‍ പതിനൊന്നാമത്തെ കക്ഷിയായാണ് ജോസ് കെ. മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് (എം) എത്തുന്നത്.
ഇടതുയോഗത്തില്‍ കണ്‍വീനര്‍ എ. വിജയരാഘവനാണ് കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു കത്തുനല്‍കിയതായി അറിയിച്ചത്.കേരള കോണ്‍ഗ്രസി(എം)ന്റെ കത്ത് ലഭിച്ച സാഹചര്യത്തില്‍ അവരെ മുന്നണിയോട് സഹകരിപ്പിക്കുന്നതില്‍ ഘടകകക്ഷികള്‍ അഭിപ്രായം അറിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു.
ജോസ് വിഭാഗം പ്രഖ്യാപിച്ച രാഷ്ട്രീയനിലപാട് ഇടതുപക്ഷത്തിന് അനുകൂലമാണെന്നും ഇടതുസര്‍ക്കാരിന്റെ നയസമീപനങ്ങളോട് അവര്‍ യോജിക്കുന്ന സാഹചര്യവും ഇരുവരും വിശദീകരിച്ചു. മുന്നണി പൊതുവായെടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.
സി.പി.എം, സി.പി.ഐ നിലപാടുകള്‍ വന്നതോടെ പൊതുവികാരം ഏറെക്കുറെ വ്യക്തമായി. പിന്നാലെ സംസാരിച്ച ഘടകകക്ഷികളെല്ലാം ജോസ് വിഭാഗത്തെ ഉള്‍പ്പെടുത്തുന്നതിനെ പിന്തുണച്ചു. ഘടകകക്ഷിയായിത്തന്നെ അവരെ ഉള്‍പ്പെടുത്തണമെന്ന അഭിപ്രായം യോഗം അംഗീകരിച്ചു.
പാലാ സീറ്റ് വിട്ടുകൊടുക്കേണ്ടി വരുമെന്ന തരത്തിലുള്ള പത്രവാര്‍ത്തകളില്‍ തങ്ങള്‍ക്കാശങ്കയുണ്ടെന്ന് എന്‍.സി.പി പ്രസിഡന്റ് ടി.പി. പീതാംബരന്‍ പറഞ്ഞു. പറഞ്ഞ് മുഴുമിപ്പിക്കും മുമ്പുതന്നെ മുഖ്യമന്ത്രി ഇടപെട്ട് തടഞ്ഞു. ഇതൊക്കെ വെറും ആശങ്കയാണെന്ന് അദ്ദേഹം സ്വരമുയര്‍ത്തി പറഞ്ഞു. ജോസ് കെ.മാണി വിഭാഗം ഒരു തരത്തിലുമുള്ള ഡിമാന്‍ഡോ അവകാശവാദമോ ഉന്നയിച്ചിട്ടല്ല വരുന്നത്, പിന്നെയെന്തിന് നിങ്ങള്‍ അനാവശ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വരുന്നുവെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇതോടെ എന്‍.സി.പി പിന്‍വാങ്ങി.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച തര്‍ക്കമാണ് കേരള കോണ്‍ഗ്രസ് ജോസ്പക്ഷവും യു.ഡി.എഫും തമ്മില്‍ ഇടയുന്നതിന് വഴിവച്ചത്. ജോസ് പക്ഷത്തിന്റെ വരവോടെ കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നേട്ടമുണ്ടാകുമെന്നാണ് ഇടതുമുന്നണിയുടെയൂം സി.പി.എമ്മിന്റെയും വിലയിരുത്തല്‍.
from mangalam.com https://ift.tt/3kmPaC5
via IFTTT
No comments:
Post a Comment