ന്യൂഡൽഹി: വർഷകാല പാർലമെന്റ് സമ്മേളനത്തിൽ ചോദ്യോത്തരവേളയും ആഴ്ചയിൽ ഒരുദിവസമുള്ള സ്വകാര്യ ബിൽ അവതരണവും റദ്ദാക്കി. കോവിഡിന്റെ ഭാഗമായുള്ള പ്രത്യേക സാഹചര്യത്തിൽ പാർലമെന്റ് ചേരുന്നതിനാലാണ് പുതിയ ക്രമീകരണമെന്നാണ് സർക്കാർ വാദം. സെപ്റ്റംബർ 14 മുതൽ ഒക്ടോബർ ഒന്നുവരെയാണ് സമ്മേളനം. ശൂന്യവേള ഉണ്ടാവുമെങ്കിലും അരമണിക്കൂർ മതിയെന്നാണു തീരുമാനം. ആറുമാസത്തിനുശേഷം വിളിച്ചുചേർത്ത പാർലമെന്റ് സമ്മേളനത്തിൽ ചോദ്യോത്തരവേള റദ്ദ് ചെയ്യാനുള്ള കേന്ദ്രസർക്കാർ തീരുമാനം ഗൂഢാലോചനയെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. കോവിഡ് ഉണ്ടാക്കിയ കടുത്ത ജീവിത പ്രതിസന്ധി, തകർന്നടിഞ്ഞ സമ്പദ്വ്യവസ്ഥ, ചൈനയുടെ കടന്നുകയറ്റം തുടങ്ങി ജനങ്ങളെ ബാധിക്കുന്ന വിവിധവിഷയങ്ങൾ പാർലമെന്റിൽ ചർച്ചചെയ്യുകയും നിയമങ്ങൾ പാസാക്കുകയും ചെയ്യേണ്ടപ്പോഴുള്ള ഈ നീക്കം അപലപനീയമാണെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. പ്രസ്താവനയിൽ പറഞ്ഞു. സർക്കാരിനെ ചോദ്യംചെയ്യൽ പാർലമെന്ററി ജനാധിപത്യത്തിന്റെ പ്രാണവായുവാണെന്ന് കോൺഗ്രസ് എം.പി. ശശി തരൂർ പറഞ്ഞു. ''ശക്തരായ നേതാക്കൾ ജനാധിപത്യത്തെയും വിയോജിപ്പിനെയും അടിച്ചമർത്താൻ മഹാമാരി ഉപയോഗപ്പെടുത്തുമെന്ന് ഞാൻ നാലുമാസംമുമ്പു പറഞ്ഞു. എം.പി.മാരെ സുരക്ഷിതരാക്കാനെന്നപേരിൽ ചോദ്യോത്തരവേള റദ്ദാക്കിയത് എങ്ങനെ ന്യായീകരിക്കാനാവും'' -തരൂർ ചോദിച്ചു. ഡി.എം.കെ. എം.പി. കനിമൊഴി, തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ എന്നിവരും സർക്കാരിനെതിരേ രംഗത്തെത്തി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, പ്രതിഷേധം തണുപ്പിക്കാൻ ഗുലാം നബി ആസാദ്, അധീർ രഞ്ജൻ ചൗധരി, ഡെറിക് ഒബ്രിയാൻ തുടങ്ങിയ പ്രതിപക്ഷ നേതാക്കളുമായി ഫോണിൽ സംസാരിച്ചു. പാർലമെന്ററി കാര്യമന്ത്രി പ്രൾഹാദ് ജോഷിയും പ്രതിപക്ഷനേതാക്കളുമായി ചർച്ച നടത്തി. ചോദ്യങ്ങൾക്കു മറുപടി തയ്യാറാക്കാനായി മന്ത്രിമാർക്കു വിശദാംശങ്ങൾ നൽകാൻ ഒട്ടേറെ ഉദ്യോഗസ്ഥർ പാർലമെന്റിൽ ഹാജരാവേണ്ടി വരുമെന്ന് രാജ്നാഥ് പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ ഇതു സുരക്ഷിതമല്ല. എം.പി.മാർക്ക് ശൂന്യവേളയിൽ ചോദ്യങ്ങൾക്കുള്ള സമയം അനുവദിക്കാമെന്നും മന്ത്രി പറഞ്ഞു. ആദ്യദിവസം രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയായിരിക്കും ലോക്സഭ. തുടർന്നുള്ള ദിവസങ്ങളിൽ വൈകീട്ട് മൂന്നുമുതൽ ഏഴുവരെയും. ആദ്യദിനം വൈകീട്ട് മൂന്നുമുതൽ ഏഴുവരെയും തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയുമാണ് രാജ്യസഭ സമ്മേളിക്കുക. Content Highlights:Parliament India
from mathrubhumi.latestnews.rssfeed https://ift.tt/2QKKI34
via
IFTTT
No comments:
Post a Comment