തിരുവനന്തപുരം: കഴിഞ്ഞദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ച ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്കുള്ള ഓർഡിനൻസ് അടുത്ത മന്ത്രിസഭായോഗം പരിഗണിച്ചേക്കും. നിയമവകുപ്പ് ഓർഡിനൻസിനുള്ള അംഗീകാരം നൽകി. ഒക്ടോബർ രണ്ടിന് നിലവിൽവരുന്ന സർവകലാശാലയിൽ ഈ അധ്യയനവർഷംതന്നെ കോഴ്സുകൾ ആരംഭിക്കും. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാല കൂടാതെ രാജ്യത്തെ പതിന്നാലാമത്തെ ഓപ്പൺ സർവകലാശാലയാകും ഇത്. സർവകലാശാല വി.സി., പ്രോ വൈസ്ചാൻസലർ, പരീക്ഷാ കൺട്രോളർ, രജിസ്ട്രാർ, ഫിനാൻസ് ഓഫീസർ എന്നിവരെ സർക്കാർ നേരിട്ട് നിയമിക്കും. മറ്റു സർവകലാശാലകളുടെ ഘടനതന്നെയാകും ഓപ്പൺ സർവകലാശാലയ്ക്കും. ഭരണനിർവഹണത്തിന് സർവകലാശാലാ സിൻഡിക്കേറ്റും അക്കാദമിക കാര്യങ്ങൾക്ക് അക്കാദമിക് കൗൺസിലും ഉണ്ടാകും. സെനറ്റ് ഉണ്ടാകില്ല. വിദൂരപഠനം സർവകലാശാലയുടെ ഭാഗമാകും കേരള, എം.ജി., കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളുടെ വിദൂര വിദ്യാഭ്യാസം ഇനി ഓപ്പൺ സർവകലാശാലയുടെ ഭാഗമാകും. കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ വിദൂരപഠനവും കേരള, എം.ജി. എന്നിവിടങ്ങളിലെ പ്രൈവറ്റ് രജിസ്ട്രേഷനും ഓപ്പൺ സർവകലാശാലയ്ക്കു കീഴിലാകും. വിദൂരവിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയുള്ള 17 ബിരുദ കോഴ്സുകളും 15 ബിരുദാനന്തര ബിരുദ കോഴ്സുകളും ഏതാനും സർട്ടിഫിക്കറ്റ് കോഴ്സുകളും ഓപ്പൺ സർവകലാശാലയുടെ കീഴിലാകും. സർക്കാർകോളേജുകളുടെ സൗകര്യങ്ങൾ ഉൾപ്പെടുത്തി സയൻസ് വിഷയങ്ങളിലും കോഴ്സുകളുണ്ടാകും. തൊഴിലധിഷ്ഠിത നൈപുണി വികസന കോഴ്സുകളും മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകളും നടത്തും. നാല് സർവകലാശാലകളുടെയും വിദൂരവിദ്യാഭ്യാസകേന്ദ്രങ്ങൾ കൊല്ലം കേന്ദ്രമായുള്ള ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ പ്രാദേശികകേന്ദ്രങ്ങളാവുകയും ചെയ്യും. പ്രയോജനം ഒന്നരലക്ഷം വിദ്യാർഥികൾക്ക് മൂന്ന് സർവകലാശാലകളിലുള്ള വിദൂരവിദ്യാഭ്യാസ പ്രോഗ്രാമിലെ 93,000 വിദ്യാർഥികൾക്കും കേരള, എം.ജി. സർവകലാശാലകളിലെ 25,000-ഓളം പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കും തുല്യതാപരീക്ഷ പാസായ 30,000-ഓളം വിദ്യാർഥികൾക്കും സർവകലാശാല പ്രയോജനംചെയ്യും. പ്രവേശനം, പരീക്ഷാനടത്തിപ്പ്, മൂല്യനിർണയം തുടങ്ങിയവ ഓൺലൈൻ സംവിധാനത്തിലാക്കും. വിദൂരവിദ്യാഭ്യാസകേന്ദ്രങ്ങളിലെ ജീവനക്കാർ ഓപ്പൺ സർവകലാശാലാ ജീവനക്കാരായി മാറും. ബിരുദം അംഗീകരിപ്പിക്കാൻ ശ്രമിക്കും ഓപ്പൺ സർവകലാശാലാ സർട്ടിഫിക്കറ്റുകൾ മറ്റ് സർവകലാശാലകൾ അംഗീകരിക്കണമെന്ന് നിഷ്കർഷിക്കും. ഓപ്പൺ കോഴ്സുകൾ പി.എസ്.സി.യെക്കൊണ്ട് അംഗീകരിപ്പിക്കാനും ശ്രമമുണ്ടാകും. യു.ജി.സി. നിബന്ധന സർവകലാശാല വേഗത്തിലാക്കി നാക് സ്കോർ 3.26-നു മുകളിലുണ്ടെങ്കിലേ സർവകലാശാലകൾക്ക് വിദൂരപഠനസംവിധാനങ്ങൾ നടത്താനാവൂ എന്ന യു.ജി.സി. മാർഗനിർദേശം വന്നതോടെ കേരളത്തിലെ നാല് സർവകലാശാലകൾക്കും അത് നടത്താനാവാത്ത അവസ്ഥ വന്നതാണ് ഓപ്പൺ സർവകലാശാല രൂപവത്കരണം വേഗത്തിലാക്കിയത്. ഒരുവർഷം മുമ്പുതന്നെ ഇതുസംബന്ധിച്ച റിപ്പോർട്ട് സർക്കാരിനു നൽകിയിരുന്നെങ്കിലും സാമ്പത്തികബാധ്യത ചൂണ്ടിക്കാട്ടി ധനവകുപ്പ് എതിർത്തിരുന്നു. Content Highlight: Sree Narayana guru open university
from mathrubhumi.latestnews.rssfeed https://ift.tt/2EQmulH
via
IFTTT
No comments:
Post a Comment