ടെക്സസ്: കുട്ടികളുടെ ഹൃദയത്തെ ബാധിക്കുന്ന പുതിയരോഗത്തിനും കോവിഡ്-19 കാരണമാവുന്നു. കോവിഡ് മാറിയശേഷം അവരുടെ ഒന്നിലധികം അവയവങ്ങളിലുണ്ടാവുന്ന നീർക്കെട്ടാണ് (മൾട്ടിസിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം-എം.ഐ.എസ്.-സി) വില്ലൻ. ഹൃദയത്തിന്റെ പ്രവർത്തനംതന്നെ ഇത് താളംതെറ്റിക്കുമെന്നാണ് കണ്ടെത്തൽ. ഇത്തരത്തിൽ അസുഖബാധിതരാവുന്ന കുട്ടികൾക്ക് ജീവിതകാലം മുഴുവൻ നിരീക്ഷണവും ചികിത്സയും ആവശ്യമായി വരുമെന്ന് ലാൻസെറ്റിന്റെ ജേണലായ ഇ ക്ലിനിക്കൽ മെഡിസിനാണ് മുന്നറിയിപ്പുനൽകുന്നത്.കോവിഡ് മാറിയശേഷം ആരോഗ്യംവീണ്ടെടുത്ത കുട്ടികളിൽപ്പോലും മൂന്നോ നാലോ ആഴ്ചയ്ക്കുശേഷം ഒരു ലക്ഷണവുമില്ലാതെ ഈ അവസ്ഥ കണ്ടുവരുന്നതായി പഠനങ്ങൾ പറയുന്നു. ടെക്സസ് സർവകലാശാലയുടെ ഹെൽത്ത് സയൻസ് സെന്ററിലെ എം.ഡി. ഡോ. അൽവരോ മൊറേറിയയാണ് ഇതുസംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്. നവജാതശിശുരോഗവിദഗ്ധയും സർവകലാശാലയിലെ പീഡിയാട്രിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമാണ് മൊറേറിയ. ശ്വസനസംബന്ധമായ ലക്ഷണങ്ങൾ പോലുമില്ലാതെ നീർക്കെട്ട് പ്രകടമാവുന്നത് വലിയഭീഷണിയാണ്. ‘‘കോവിഡിനുശേഷം കുട്ടികളെ ബാധിക്കുന്ന പുതിയ രോഗമാണിത്. രോഗബാധ ആർക്കും മനസ്സിലാകില്ല. ആഴ്ചകൾക്കുശേഷം ശരീരത്തിൽ പ്രകടമാവും. ഒന്നിലധികം അവയവങ്ങളെ ബാധിക്കുന്നതിനാൽ മാരകമാവാനും സാധ്യതയുണ്ട്’’ -മൊറേറിയ പറയുന്നു. ജനുവരി ഒന്നിനും ജൂലായ് 25-നും ഇടയിലുണ്ടായ ഇത്തരം 662 കേസുകളാണ് ഗവേഷകസംഘം പരിശോധിച്ചത്. ഇതിൽ 71 ശതമാനം കുട്ടികളെ ഐ.സി.യു.വിൽ പ്രവേശിപ്പിച്ചിരുന്നു. അതിൽ 60 ശതമാനം പേർക്കും ആഘാതവുമുണ്ടായി. ഒരാൾ ശരാശരി 7.9 ദിവസമാണ് ആശുപത്രിയിൽ ചെലവിട്ടത്. എല്ലാവർക്കും പനിയുണ്ടായിരുന്നു. 73.7 ശതമാനം പേർക്ക് അടിവയർ വേദനയോ വയറിളക്കമോ ഉണ്ടായി. 68.3 ശതമാനം പേർക്ക് ഛർദിയും. 90 ശതമാനം പേർക്ക് എക്കോകാർഡിയോഗ്രാം പരിശോധന വേണ്ടിവന്നു. അതിൽ 54 ശതമാനം പരിശോധനാഫലവും പോസിറ്റീവ് ആയിരുന്നു. 22.2 ശതമാനം പേർക്ക് വെന്റിലേഷൻ സഹായവും 4.4 പേർക്ക് ഓക്സിജൻ സഹായവും നൽകേണ്ടിവന്നു. 11 പേരാണ് ഈ രോഗാവസ്ഥയിൽ മരിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2Raxgp7
via
IFTTT
No comments:
Post a Comment