എപി അബ്ദുള്ളക്കുട്ടി | ഫോട്ടോ: മാതൃഭൂമി കണ്ണൂർ: അവിശ്വസനീയമായ നീക്കങ്ങളാണ് അബ്ദുള്ളക്കുട്ടിയുടെ രാഷ്ട്രീയം. സി.പി.എമ്മിൽനിന്ന് കോൺഗ്രസിലെത്തി വർഷങ്ങൾക്കകം ബിജെ.പി.യിലേക്കുള്ള ചുവടുമാറ്റം. വെറും ഒരു പ്രവർത്തകനായല്ല അബ്ദുള്ളക്കുട്ടിയെ കേന്ദ്രം ഭരിക്കുന്ന കക്ഷി സ്വീകരിച്ചത്. സംസ്ഥാന ഉപാധ്യക്ഷനാക്കിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത്ഷായെയും നേരിട്ട് സന്ദർശിച്ചായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ബി.ജെ.പി.യിലേക്കുള്ള അരങ്ങേറ്റം. കേരളത്തിലെ ബി.ജെ.പി. നേതൃത്വംപോലും ഇക്കാര്യം ആദ്യം അറിഞ്ഞില്ല. ഇപ്പോഴിതാ ദേശീയ ഉപാധ്യക്ഷനാവുന്നതും അതേ രീതിയിൽത്തന്നെ. നേരത്തേ കേരളത്തിൽനിന്ന് ഒ. രാജഗോപാലും പി.കെ. കൃഷ്ണദാസും ഉപാധ്യക്ഷന്മാരായിരുന്നു. എസ്.എഫ്.ഐ.യുടെ സംസ്ഥാന സെക്രട്ടറിയായിരിക്കേ 1999 ലോക്സഭാ തിരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപ്പിച്ചാണ് എ.പി. അബ്ദുള്ളക്കുട്ടി കണ്ണൂർ പിടിച്ചെടുക്കുന്നത്. 2004-ൽ അബ്ദുള്ളക്കുട്ടി വിജയം ആവർത്തിച്ചു. 80,000-ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുല്ലപ്പള്ളിയെ തന്നെ വീഴ്ത്തി. മോദി അനുകൂലമായ ഒരു ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരിൽ പാർട്ടിയിൽനിന്ന് 2009-ൽ പുറത്തായി. പിന്നാലെ കോൺഗ്രസ് സ്വീകരിച്ചു. സുധാകരൻ ലോക്സഭയിലേക്ക് പോയ ഒഴിവിൽ കണ്ണൂരിലെ എം.എൽ.എ.യാക്കി. പല നേതാക്കളുടെയും എതിർപ്പിനെ അവഗണിച്ചായിരുന്നു അത്. അടുത്ത തിരഞ്ഞെടുപ്പിലും അദ്ദേഹം വിജയിച്ചു. സുധാകരനുമായി അകന്ന അബ്ദുള്ളക്കുട്ടിക്ക് അടുത്തതവണ കണ്ണൂരിൽ സീറ്റ് ലഭിച്ചില്ല. തലശ്ശേരിയിൽ മത്സരിച്ചെങ്കിലും എ.എൻ. ഷംസീറിനോട് തോറ്റു. മോദിയെ ഗാന്ധിജിയോട് ഉപമിച്ച അബ്ദുള്ളക്കുട്ടിയുടെ ഫെയ്സ്ബുക്ക്പോസ്റ്റ് വന്നതോടെ കോൺഗ്രസിൽനിന്നു എതിർപ്പായി. പുറത്താക്കപ്പെടാനായി അബ്ദുള്ളക്കുട്ടിയുടെ തന്ത്രമായിരുന്നു ആ പോസ്റ്റ് എന്നു പറയപ്പെടുന്നുണ്ട്. സി.പി.എമ്മിൽ മതജീവിതം നിഷിദ്ധമാണ് എന്നാരോപിച്ച് സി.പി.എമ്മിനെ എതിർത്ത അബ്ദുള്ളക്കുട്ടി പിന്നീട് ബി.ജെ.പി.യിലേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത്. രണ്ടുതവണ സി.പി.എം. എം.പി.യും രണ്ടുതവണ കോൺഗ്രസ് എം.എൽ.എ.യുമായ അബ്ദുള്ളക്കുട്ടി സാമുദായികമായി കേന്ദ്രത്തിൽ ബി.ജെ.പി.ക്ക് സാധ്യതയുള്ള തുറുപ്പുശീട്ടാണെന്ന് കേന്ദ്രനേതൃത്വം തിരിച്ചറിയുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3i70xMG
via
IFTTT
No comments:
Post a Comment