ചേർത്തല: സി.പി.എം.നേതാവും ജനപ്രതിനിധിയുമായിരുന്ന പിതാവിന്റെ സ്മരണാർഥം വീട്ടിൽ നിർമിച്ച സ്മാരകം ബ്രാഞ്ച് സെക്രട്ടറികൂടിയായ മകൻ പൊളിച്ചുനീക്കി. സി.പി.എം. അരൂക്കുറ്റി ലോക്കൽ കമ്മിറ്റിക്കു കീഴിലാണ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവം. എന്നാൽ, വാർഷികവുമായി ബന്ധപ്പെട്ട് താത്കാലികമായി നിർമിച്ചതാണ് സ്മാരകമെന്ന് മകൻ വ്യക്തമാക്കി. അരൂക്കുറ്റി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന അന്തരിച്ച വി.എ. രാജന്റെ വീട്ടിൽ നിർമിച്ച സ്മാരകം പൊളിച്ചതാണ് വിവാദമാകുന്നത്. സി.പി.എം. അരൂക്കുറ്റി ലോക്കൽ കമ്മിറ്റിയംഗം, ചെത്തുതൊഴിലാളി യൂണിയൻ ചേർത്തല ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ്, സി.ഐ.ടി.യു. ചേർത്തല ഏരിയ െസക്രട്ടറി എന്നീനിലകളിൽ വി.എ. രാജൻ പ്രവർത്തിച്ചിരുന്നു. രാജന്റെ മകൻ, സി.പി.എം. കുടപുറം ബ്രാഞ്ച് സെക്രട്ടറിയായ ഉണ്ണി രാജേഷാണ് സ്മാരകം പൊളിച്ചതിന്റെ പേരിൽ വിവാദത്തിൽപ്പെട്ടത്. നേതാവിന്റെ ഒന്നാം ചരമവാർഷികം രണ്ടുമാസം മുൻപാണ് നടന്നത്. അന്ന് പാർട്ടി ജില്ലാ സെക്രട്ടറി ഉൾപ്പടെ നിരവധിയാളുകൾ ഇതേ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയിരുന്നു. അതിനുശേഷമാണ് സ്മാരകം മകൻ പൊളിച്ചത്. എന്നാൽ, ഈ വിവരം രണ്ടുദിവസം മുൻപുമാത്രമാണ് പാർട്ടിക്കാർപോലും അറിഞ്ഞത്. തുടർന്നു കൂടിയ യോഗത്തിലാണ് വിഷയം പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി വിലയിരുത്തപ്പെട്ടത്. ഇതിനെതിരേ പാർട്ടിയുടെ വിവിധതലങ്ങളിൽ പരാതികൾ ലഭിച്ചിട്ടുണ്ട്. വാർഷികത്തിനു മുൻപ് താത്കാലിക സ്മാരകം മാത്രമാണ് വീട്ടിൽ നിർമിച്ചതെന്ന് ഉണ്ണി രാജേഷ് 'മാതൃഭൂമി'യോട് പറഞ്ഞു. ജീവനുള്ള കാലത്തോളം പാർട്ടിനേതാക്കൾക്കും പ്രവർത്തകർക്കും അനുസ്മരണം നടത്താൻ ഇത്തരത്തിൽ താത്കാലിക സ്മാരകം ഇനിയും വാർഷികത്തിൽ നിർമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി കോൺഫറൻസുകളും മറ്റും നടക്കുമ്പോൾ ഇത്തരത്തിൽ താത്കാലിക സ്മാരകങ്ങൾ നിർമിക്കാറുണ്ട്- രാജേഷ് വ്യക്തമാക്കി. താത്കാലികമെങ്കിലും പാർട്ടിയുടെ ഔദ്യോഗികചിഹ്നവും മരിച്ച നേതാവിന്റെ ചിത്രവുമൊക്കെയുള്ള സ്മാരകം പൊളിച്ചുനീക്കിയത് ശരിയല്ലെന്ന് പാർട്ടിയിലെ ഒരുവിഭാഗം പറയുന്നു. Content Highlights:The memorial of CPM leader was demolished by his son
from mathrubhumi.latestnews.rssfeed https://ift.tt/3krgIpR
via
IFTTT
No comments:
Post a Comment