ആലപ്പുഴ: കാൽനൂറ്റാണ്ടുമുന്പത്തെ ഓർമകളുമായി ഡോ. കുഞ്ഞമ്മ ജോർജ് അവനെ തിരയുകയായിരുന്നു; രവിക്കുട്ടൻ എന്ന കുസൃതിക്കൊമ്പനെ. അന്വേഷണത്തിൽ അവർക്കൊപ്പം കവയിത്രി റോസ് മേരിയും നിരൂപക ശാരദക്കുട്ടിയും ചേർന്നു. ഒടുവിൽ അവർ കണ്ടെത്തി, എലിഫന്റ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാനപ്രസിഡന്റും സി.പി.ഐ. നേതാവുമായ ജി. കൃഷ്ണപ്രസാദിന്റെ കുളമാക്കിൽ ജയകൃഷ്ണനായി അവനുണ്ടെന്ന്. ഡോ. കുഞ്ഞമ്മ ജോർജ് കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് അനസ്തേഷ്യ വിഭാഗം മേധാവിയായി വിരമിച്ച ഡോ. കുഞ്ഞമ്മ ഇപ്പോൾ തൊടുപുഴ അൽ-അസർ ആശുപത്രിയിൽ അനസ്തേഷ്യവിഭാഗം മേധാവിയാണ്. അച്ഛൻ പാലാ പ്രവിത്താനം ഞള്ളിയിൽ (എടേത്ത്) വക്കച്ചനും കുഞ്ഞമ്മയുടെ സഹോദരങ്ങളും തടിക്കച്ചവടം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഒരു കൊമ്പനെ വാങ്ങാൻ കോടനാട് പോയതാണ്. 'അമ്മു' എന്ന അമ്മയെ ചുറ്റിനടക്കുന്ന കുട്ടിക്കൊമ്പനിൽ വക്കച്ചൻ എല്ലാം മറന്നു. അദ്ദേഹം അവനെ വാങ്ങി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 12-ന് ലോകഗജദിനത്തിൽ തന്റെ വീട്ടിൽവളർന്ന രവി എന്ന ഒന്നരവയസ്സുകാരൻ കുട്ടിക്കൊമ്പനെക്കുറിച്ചുള്ള ഓർമകൾ സാമൂഹികമാധ്യമത്തിൽ കുഞ്ഞമ്മ എഴുതി: '1966 ഫെബ്രുവരി ആറ്. ഒന്നരവയസ്സുള്ള അവന്റെ വീട്ടിലേക്കുള്ള വരവ്. കിണ്ടിയിൽനിന്നു പാൽ വായിലേക്ക് ഒഴിച്ചുകൊടുത്തത്. സുഖചികിത്സ, അപ്പോൾ കൊടുക്കുന്ന ചോറിൽ അങ്ങാടിമരുന്ന് അരച്ചുചേർത്ത കോഴിയോ താറാവോ ആട്ടിറച്ചിയോ ഒളിപ്പിച്ച് തല്ലിത്തീറ്റിച്ചത്. ചിലപ്പോൾ ഇതിനുശേഷം വരുന്ന വയറിളക്കം. കൊച്ചുകുട്ടികൾപോലും രവിക്ക് അസുഖംവന്നാൽ ചിരിക്കില്ല, കരയുകയുമില്ല. അവധിദിനത്തിൽ ചകിരിചെത്തി നാട്ടുകാരുമൊത്ത് കുളിപ്പിക്കൽ, കുളികഴിഞ്ഞാൽ എല്ലാവരെയും പിന്നിലാക്കി വീട്ടിലേക്കുള്ള അവന്റെ ഓട്ടം...' ഇതുകണ്ടാണ് കവയിത്രി റോസ് മേരിയും നിരൂപക ശാരദക്കുട്ടി ഉൾപ്പെടെയുള്ള സുഹൃത്തുക്കളും കുഞ്ഞമ്മയെ വിളിച്ചത്. രവിക്കുട്ടൻ ഇപ്പോൾ എവിടെയാണെന്നു കണ്ടെത്താൻ അവർ സഹായിക്കാമെന്ന് ഉറപ്പുനൽകി. ആനപ്രേമിയായ സഹോദരന്റെ മകൻ ജോഷി മാത്യുവിനെ അതിനു ചുമതലപ്പെടുത്തി. 1993-ൽ വക്കച്ചൻ മരിച്ചപ്പോൾ രവിക്കുട്ടൻ വിഷാദവാനായി. 11 മക്കളുള്ള കുടുംബത്തിലെ പന്ത്രണ്ടാമനായിരുന്നു അവൻ. ഭക്ഷണംകഴിക്കാൻ മടികാണിച്ചു തുടങ്ങിയതോടെ രണ്ടുവർഷത്തിനുശേഷം അവനെ മറ്റൊരാൾക്ക് കൈമാറി. കൊല്ലത്തും വർക്കലയിലുമായി ഉടമസ്ഥർ മാറി അവസാനം കൃഷ്ണപ്രസാദിന്റെ വീട്ടിൽ 15 വർഷമായി ഉണ്ടെന്ന വിവരം ലഭിച്ചു. അങ്ങനെയാണ് കൃഷ്ണപ്രസാദിനെ വിളിച്ചത്. കോവിഡ് കാലം കഴിയുമ്പോൾ തങ്ങൾ രവിക്കുട്ടനരികിലെത്തുമെന്ന് ഡോക്ടർ അറിയിച്ചിരിക്കുകയാണ്. content highlights: dr kunjamma george finally finds out the elephant, who was once owned by her family
from mathrubhumi.latestnews.rssfeed https://ift.tt/2FycgGA
via
IFTTT
No comments:
Post a Comment