കൊച്ചി: നാലുവയസ്സുള്ളപ്പോൾ പഠിപ്പിച്ച റൂബി മിസ്സും സിൻസി മിസ്സും മുതൽ ഇപ്പോൾ ഓൺലൈനിൽ പഠിപ്പിക്കുന്ന പ്രീതി മിസ് വരെയായി എഴുപതോളം അധ്യാപകർ. ഒരാളെപ്പോലും വിടാതെ ഓരോരുത്തരെയും ഓർത്തെടുത്ത് അവരുടെ ചിത്രംവരച്ച് അധ്യാപകദിനാശംസകൾ നേരുമ്പോൾ ബ്രയാൻ വിചാരിച്ചുകാണില്ല, അത് ഈ അധ്യാപകദിനത്തിലെ ഏറ്റവുംമൂല്യമേറിയ ഗുരുദക്ഷിണയാകുമെന്ന്. പേരുപോലും വെക്കാതെ ബ്രയാൻ എന്ന 27 വയസ്സുള്ള ഭിന്നശേഷിക്കാരൻ വരച്ച ചിത്രം ഹൃദയപൂർവം സ്വീകരിക്കുമ്പോൾ ഓരോ അധ്യാപകരും പറഞ്ഞതും ഒന്നുമാത്രം- 'ഇതിനേക്കാൾ വലിയ ഗുരുദക്ഷിണ ജീവിതത്തിൽ കിട്ടാനില്ല.' എറണാകുളം വൈറ്റില സ്വദേശി പ്രദീപിന്റെയും അനിതയുടെയും ഇളയമകനായ ബ്രയാൻ വർഗീസ് ജനിക്കുമ്പോൾത്തന്നെ ഓട്ടിസം ബാധിതനായിരുന്നു. തോപ്പുംപടിയിലെ രക്ഷാ സ്പെഷ്യൽ സ്കൂളിൽ നാലുവയസ്സുമുതൽ എട്ടുവയസ്സുവരെ തെറാപ്പി നടത്തിയശേഷമാണ് അവനെ സാധാരണകുട്ടികൾക്കൊപ്പം ഒരു സ്വകാര്യ സ്കൂളിൽ ഒന്നാംക്ലാസിൽ ചേർത്തത്. എട്ടാംക്ലാസ് മുതൽ വീണ്ടും സ്പെഷ്യൽ സ്കൂളിലെത്തിയ ബ്രയാൻ അവിടെനിന്നാണ് പ്ലസ്ടു പാസായത്. പ്രസിഡന്റ് ഡോ. എസ്. രാധാകൃഷ്ണന്റെ ചിത്രമാണ് ബ്രയാനെ സവിശേഷമായൊരു അധ്യാപകദിന സമ്മാനത്തിലേക്കെത്തിച്ചത്. രാധാകൃഷ്ണന്റെ ചിത്രംകണ്ടപ്പോൾ അതാരാണെന്ന് അറിയാമോയെന്ന് അമ്മ ചോദിച്ചതാണ് ബ്രയാന്റെ ചിത്രംവരയുടെ തുടക്കം. ''ഈ ചിത്രം കണ്ടശേഷം അവൻ കടലാസെടുത്ത് എന്തൊക്കെയോ വരയ്ക്കാൻ തുടങ്ങി. കുറേനേരം കഴിഞ്ഞുവന്നു നോക്കിയപ്പോഴാണ് അതുവരെ അവനെ പഠിപ്പിച്ച അധ്യാപകരുടെയെല്ലാം പേരുസഹിതം ചിത്രം വരച്ചതുകണ്ടത്. 'ഹാപ്പി ടീച്ചേഴ്സ് ഡേ, മൈ ഡിയർ ടീച്ചേഴ്സ്' എന്ന തലക്കെട്ടിനുതാഴെ എഴുപതോളം അധ്യാപകരുടെ ചിത്രമാണ് അവൻ വരച്ചത്. ആ ചിത്രം ഞാൻ അവനെ പഠിപ്പിച്ച പെട്രീഷ്യ എന്ന മിസ്സിന് അയച്ചുകൊടുത്തതാണ്. മിസ് അതു വാട്സാപ്പ് സ്റ്റാറ്റസ് ആക്കിയതോടെ മറ്റുമിസ്സുമാരെല്ലാം ആ ചിത്രം കണ്ടെത്തുകയായിരുന്നു'' -അനിത പറഞ്ഞു. സാധാരണഗതിയിലുള്ള കുട്ടികൾപോലും ഇക്കാലമത്രയും തങ്ങളെ പഠിപ്പിച്ച എല്ലാ അധ്യാപകരെയും ഓർത്തിരിക്കാത്തിടത്താണ് ഭിന്നശേഷിക്കാരനായ ബ്രയാന്റെ സ്നേഹം മനസ്സിനെ വല്ലാതെ സ്പർശിക്കുന്നതെന്ന് രക്ഷ സ്കൂളിലെ പ്രിൻസിപ്പൽ ഗിരിജ മേനോൻ പറഞ്ഞു. ''ആ കുഞ്ഞ് വരച്ച ചിത്രം കണ്ടപ്പോൾ മനസ്സ് നിറഞ്ഞുപോയി. എല്ലാ ടീച്ചർമാരെയും ഓർത്തെടുത്ത് വരയ്ക്കണമെങ്കിൽ അവന്റെ മനസ്സിൽ ഇക്കാലമത്രയും മായാതെ അവരുണ്ടാകണമല്ലോ. എല്ലാവരും ചിത്രം വരയ്ക്കുമ്പോൾ അതിനടിയിൽ അവരുടെ പേരാണ് ആദ്യം വെക്കുന്നത്. സ്വന്തം പേരുപോലും വെക്കാതെ ഓരോ മിസ്സുമാരെയും ഓർത്തെടുത്ത് വരച്ച ആ ചിത്രം അവന്റെ നിഷ്കളങ്ക മനസ്സാണ് കാണിക്കുന്നത്. പഠിപ്പിക്കുന്ന കുഞ്ഞുങ്ങളാണ് ജീവിതത്തിലെ ഏറ്റവുംവലിയ സമ്പാദ്യമെന്ന് ഓരോ അധ്യാപകരെയും ഓർമപ്പെടുത്തുന്നതാണ് ഈ സമ്മാനം'' -ഗിരിജ പറഞ്ഞു. Content Highlight: Special Teachers day gift Brayan
from mathrubhumi.latestnews.rssfeed https://ift.tt/324yd94
via
IFTTT
No comments:
Post a Comment