പത്തനംതിട്ട: സ്വന്തമായൊരു വീട്, കുഞ്ഞുങ്ങളുടെ പഠനം... ഇങ്ങനെ ചെറിയ സ്വപ്നങ്ങളേ ചിറ്റാറിലെ കർഷകനും ഫാം ഉടമയുമായ പി.പി. മത്തായിക്ക് (പൊന്നു-41) ഉണ്ടായിരുന്നുള്ളൂ. എല്ലാം തകർന്നത് പൊടുന്നനെയാണ്. വനപാലകരുടെ കസ്റ്റഡിയിൽ ജൂലായ് 28-ന് മത്തായി മരിച്ചു. ആദ്യനാളുകളിലെ പ്രതിഷേധത്തിനുശേഷം എഴുതിത്തള്ളപ്പെട്ടേക്കാമായിരുന്നു ഒരുപക്ഷേ, ഈ ദുരൂഹമരണം. പിഞ്ചുകുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് സമരമുഖത്തിറങ്ങി മത്തായിയുടെ ഭാര്യ ഷീബ. പ്രിയപ്പെട്ടവന്റെ മരണകാരണം തേടിയുള്ള ഈ സഹനസമരം കേരളത്തിന്റെ ചരിത്രത്തിൽത്തന്നെ അപൂർവതയായിരുന്നു. നീതികിട്ടുംവരെ ഭർത്താവിന്റെ മൃതദേഹം സംസ്കരിക്കില്ലെന്നുറപ്പിച്ചുള്ള പോരാട്ടം തുടർന്നത് 40 ദിവസം. നീതിപീഠം ഷീബയെ കൈവിട്ടില്ല. സി.ബി.ഐ. അന്വേഷണത്തിന് അതിവേഗം വഴിതുറന്നു. പൊന്നുവിന്റെ മരണത്തിനുപിന്നിലെ യാഥാർഥ്യം തെളിയുമെന്ന പ്രതീക്ഷയോടെ കഴിയുന്ന ഷീബ, പ്രിയതമന് കണ്ണീരോടെ ശനിയാഴ്ച യാത്രാമൊഴിയേകി. താൻ പിന്നിട്ട യാതനകൾ ഷീബ വിവരിക്കുന്നു... കരുത്തേകിയത് പൊന്നുവിന്റെ ഓർമകൾ അന്നു വൈകീട്ട് വീട്ടിൽനിന്നു വനപാലകർ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയതറിഞ്ഞപ്പോൾ ആദ്യം ഒന്നും മനസ്സിലായില്ല. ഉടനെ, ചിറ്റാറിലെ ഫോറസ്റ്റ് സ്റ്റേഷനിലേക്കെത്തി. അപ്പോൾ അവിടെയൊന്നും മത്തായിയെ കണ്ടില്ല. സന്ധ്യ കഴിഞ്ഞതോടെയാണു കാര്യങ്ങൾ വ്യക്തമായത്. തളർന്നിരുന്നുപോയി. പലരും ആശ്വാസവാക്കുകളുമായെത്തി. ഒരു തെറ്റും ചെയ്യാത്ത എന്റെ പൊന്നുവിന്റെ ജീവൻ നഷ്ടമാകാൻ ഇടയാക്കിയവരെ കണ്ടെത്താൻ മരണംവരെ പോരാടണമെന്നു തീരുമാനിച്ചു. ഒരു തെറ്റും ചെയ്യാത്ത ഒരാളെ അന്യായമായി തടങ്കലിൽ വെക്കുക, പിന്നീട് ചേതനയറ്റ ശരീരം കൈമാറുക. എന്തു ലോകമാണിത്? ഈ കാട്ടുനീതിക്കെതിരേ പോരാടാൻ എങ്ങനെയോ കരുത്തുകൈവന്നു. അച്ചാച്ചന്റെ ആത്മാവ് ഒപ്പമുള്ളതുപോലെയായിരുന്നു. ''സ്കൂളിലെ അനധ്യാപക ജീവനക്കാരി മാത്രമായ എനിക്ക് സമരരംഗങ്ങളൊക്കെ അന്നുവരെ അപരിചിതമായിരുന്നു. അച്ചാച്ചന് അന്നു സംഭവിച്ചത് എന്താണെന്നറിഞ്ഞേ തീരൂ. അച്ചാച്ചനൊപ്പമുള്ള ജീവിതത്തിന് പത്തുവർഷം തികയുമായിരുന്നു അടുത്ത ജനുവരിയിൽ. ഇനി ഒരു കുടുംബത്തിനും ഈ ഗതി വരരുത്. അതിനാലാണ് നീതി കിട്ടുംവരെ മൃതദേഹം സംസ്കരിക്കേണ്ടെന്നു തീരുമാനിച്ചത്.'' തീരാവേദനയിൽ അന്വേഷണം തുടങ്ങിയെങ്കിലും ആരെയും പ്രതിചേർക്കാതിരുന്നത് സംശയം കൂട്ടി. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. അന്വേഷണച്ചുമതല സി.ബി.ഐ. ഏറ്റെടുത്തത് വളരെ വേഗത്തിലായിരുന്നു. സി.ബി.ഐ. അന്വേഷണത്തിന് തീരുമാനമായപ്പോൾ മൃതദേഹം ഇനി സംസ്കരിച്ചുകൂടേയെന്ന് ചിലർ ചോദിച്ചു. വീണ്ടും പോസ്റ്റുമോർട്ടം വേണ്ടിവന്നാലോ എന്നതിനാലാണ് അന്ന് അതിനു തയ്യാറാകാഞ്ഞത്. കരുതിയപോലെ റീ പോസ്റ്റുമോർട്ടത്തിന് സി.ബി.ഐ. നിർദേശിച്ചു. കാക്കികണ്ടാൽ ഭയം മത്തായിയെ വീട്ടിൽനിന്നു വനപാലകർ കൊണ്ടുപോകുന്നത് മക്കൾ കണ്ടിരുന്നു. മൂത്തമകൾ സോണ നാലാം ക്ലാസിലാണ്. ഇളയകുഞ്ഞ് ഡോണ അങ്കണവാടിയിലും. ഡോണ എപ്പോഴും പപ്പായെ തിരക്കും. പപ്പാ ഐസ്ക്രീം വാങ്ങാൻ പോയിരിക്കുകയാണെന്നു പറഞ്ഞാണ് അവളെ ആശ്വസിപ്പിച്ചിരുന്നത്. ഇപ്പോൾ കാക്കിവേഷം കണ്ടാൽ കുഞ്ഞുങ്ങൾക്കു പേടിയാണ്. നേര് തെളിയുമെന്ന് പ്രതീക്ഷ സി.ബി.ഐ. സത്യം പുറത്തുകൊണ്ടുവരുമെന്ന് ഉറച്ച വിശ്വാസമുണ്ട്. മത്തായിയെ വകവരുത്തിയവർ പിടിയിലാകണം. നീതിക്കായുള്ള സമരത്തിൽ പൊതുസമൂഹത്തിൽനിന്നു നല്ല പിന്തുണയാണു കിട്ടിയത്. അതൊരിക്കലും മറക്കില്ല. Content highlight: Mathai death case
from mathrubhumi.latestnews.rssfeed https://ift.tt/3208XRe
via
IFTTT
No comments:
Post a Comment