കൊച്ചി: ‘‘അക്ഷരങ്ങൾ കൂട്ടിവായിക്കുമ്പോൾ കിട്ടുന്ന ആത്മവിശ്വാസമുണ്ടല്ലോ, അത് പറഞ്ഞറിയിക്കാനാകില്ല’’ -സ്കൂളിന്റെ പടികയറിയിട്ടേയില്ലാത്ത ലിസിയുടെ വാക്കുകൾ തെല്ലിടറിയിരുന്നു. യൂണിഫോമൊക്കെയിട്ട് സ്കൂളിൽ പോകുന്നത് സ്വപ്നംകാണാൻപോലും അവകാശമില്ലാത്ത അനാഥബാല്യമായിരുന്നു ലിസിയുടേത്. ചെറുപ്പത്തിൽ അമ്മ മരിച്ചു. അച്ഛൻ ബന്ധുവീട്ടിലാക്കി പോയി. അവർ നഗരത്തിലെ ചില വീടുകളിൽ സഹായിയായി നിർത്തി.കഥയിലെ ട്വിസ്റ്റ് 19-ാം വയസ്സിലാണ്. സഹായിയായിനിന്ന വീട്ടിലെ ഡ്രൈവർ സോണിക്ക് ഇഷ്ടംതോന്നിയതോടെ ലിസി ജീവിതസഖിയായി. ലിനിയെന്നും ലിയയെന്നും രണ്ടു മക്കൾ പിറന്നു. മൂത്തമകളെ അങ്കണവാടിയിൽ ചേർത്തപ്പോൾ അവിടത്തെ അന്നമ്മ ടീച്ചർക്ക് ലിസിയും 25 രൂപ ഗുരുദക്ഷിണ നൽകി. അവിടെനിന്ന് മലയാള അക്ഷരങ്ങൾ പഠിച്ചു. മക്കൾ ഹൈസ്കൂളിലായപ്പോൾ പഠിക്കണമെന്ന ലിസിയുടെ ആഗ്രഹം കൂടി. അങ്ങനെ 34-ാം വയസ്സിൽ തുല്യതാ ക്ലാസിലെത്തി. പിന്നെ ഇളയ മകൾ ലിയയ്ക്കൊപ്പം 2014-ൽ ലിസിയും പത്താം ക്ലാസ് പരീക്ഷയെഴുതി. രണ്ടു മക്കളും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയാണ് പാസായത്. എ പ്ലസും എ-യും ബി പ്ലസും നേടി ലിസി മക്കളുടെ അഭിമാനം കാത്തു. 2018-ൽ പ്ലസ്ടുവും പാസായി.ഇതിനിടയിൽ ഒരു ജീവിതവഴിയും ലിസി വെട്ടിത്തെളിച്ചിരുന്നു. ഡ്രൈവിങ് പഠിച്ച് ഒരു ഡ്രൈവിങ് സ്കൂളിൽ പരിശീലകയായി. 2017-ൽ ഇടപ്പള്ളിയിൽ സഹദ എന്നപേരിൽ സ്വന്തമായി ഡ്രൈവിങ് സ്കൂളും തുടങ്ങി. ഇപ്പോഴത്തെ ആഗ്രഹം ഓട്ടോമൊബൈൽ എൻജിനിയറിങ്ങിൽ പോളിടെക്‌നിക് ഡിപ്ലോമ നേടുകയാണ്.ഭർത്താവ് സോണി സ്കൂൾവാഹന ഡ്രൈവറാണ്. മൂത്തമകൾ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി മുംബൈയിൽ ജോലിചെയ്യുന്നു. ഇളയമകൾ ലിയ കളമശ്ശേരി എസ്.സി.എം.എസിൽ എം.സി.എ.യ്ക്കു പഠിക്കുന്നു. ഇടപ്പള്ളി വട്ടേക്കുന്നത്താണ് ലിസിയും കുടുംബവും താമസിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2GwrGvg
via
IFTTT
No comments:
Post a Comment