കോട്ടയം: കഴിഞ്ഞ സർക്കാരിന്റെ സമയം. ഇൻഷുറൻസ് ഏജന്റുമാരുടെ സംഘടനയുടെ സമ്മേളനം കൊച്ചിയിൽ നടക്കുന്നു. സംഘാടകർ യോഗമധ്യേ അറിയിക്കുന്നു: മുഖ്യമന്ത്രി ഇതുവഴി പോകുന്നു. അദ്ദേഹം സമ്മേളനവേദിയിലെത്തി നമ്മോട് സംസാരിക്കും. വേദിയാകെ ഉണർന്നു. വരുന്നത് ഉമ്മൻ ചാണ്ടിയല്ലേ. വണ്ടി വന്നുനിന്നു, ഉമ്മൻ ചാണ്ടി ഇറങ്ങി. പ്രതിനിധികൾ എഴുന്നേറ്റുനിന്ന് സ്വീകരിച്ചു, വേദിയിൽ ചെന്ന് അഭിവാദ്യവുംചെയ്തു. അധ്യക്ഷന്റെ അറിയിപ്പ് വന്നു: ബഹുമാനപ്പെട്ട മുഖ്യമന്ത്രി പ്രസംഗിക്കില്ല. പകരം നിങ്ങൾക്ക് ഇഷ്ടമുള്ളത് ചോദിക്കാം, മറുപടി പറയും.മുഖ്യമന്ത്രിയെ മുന്നിൽക്കിട്ടിയതല്ലേ. രണ്ടുചോദ്യം ചോദിച്ചേക്കാമെന്ന് പ്രതിനിധികളും. ചോദ്യത്തിന് മറുപടി പറയാൻ എഴുന്നേറ്റ മുഖ്യമന്ത്രി പക്ഷേ, എല്ലാം പൊളിച്ചു. മറുപടി ഇങ്ങനെ: ‘എന്റെ പ്രിയ സഹോദരങ്ങൾ ക്ഷമിക്കണം. ഞാൻ ഉമ്മൻ ചാണ്ടിയല്ല. ഞാൻ ഗീവർഗീസ് തറയിൽ, പത്തനംതിട്ട മൈലപ്ര സ്വദേശി. നിങ്ങടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രിക്കേ കഴിയൂ. നിങ്ങളെ പറ്റിച്ചതിൽ വിഷമമുണ്ട്. ഒരു തമാശ സംഘാടകർ ഒരുക്കിയതാണ്. ഞാനും നിങ്ങളെപ്പോലെ ഒരു ഇൻഷുറൻസ് ഏജന്റാണ്.’ സൂക്ഷിച്ചുനോക്കിയവർക്ക് തമാശ ബോധ്യപ്പെട്ടു. അതോടെ ഗീവർഗീസിന് കൈയടിയായി. ഒപ്പം നിന്ന് സെൽഫി പെരുക്കവും.ഇത് ഒരനുഭവംമാത്രം. മൈലപ്രക്കാരൻ ഗീവർഗീസിനെ പെട്ടെന്ന് നോക്കിയാൽ ഉമ്മൻ ചാണ്ടിയെന്ന് തോന്നും. ആള് മുൻമുഖ്യന്റെ കട്ട ആരാധകനുമാണ്. വർഷങ്ങളായി പലരും സാദൃശ്യം പറഞ്ഞതോടെ ഗീവർഗീസും അരക്കൈ ഖദർ ഷർട്ടും ഒറ്റമുണ്ടുമൊക്കെയാക്കി വേഷം. 30 വർഷം ഡൽഹിയിൽ ജീവിച്ച് പിന്നീട് നാട്ടിലേക്ക് മടങ്ങി ഇൻഷുറൻസ് ഏജന്റും ഒന്നാംതരം കൃഷിക്കാരനുമൊക്കെയായി മാറിയ ഗീവർഗീസ് കോൺഗ്രസിലും പ്രവർത്തിച്ചു. ഉമ്മൻ ചാണ്ടിയുമായി അടുപ്പവുമുണ്ട്. കോൺഗ്രസുമായി ഇടക്കാലം അകന്ന് ബ്ലോക്ക് പഞ്ചായത്തിലേക്ക് സ്വതന്ത്രനായി മത്സരിച്ചെങ്കിലും ഉമ്മൻ ചാണ്ടിയുമായുള്ള ബന്ധം ഇടറാതെ കാത്തു.ഗീവർഗീസേ... എന്ന് പറഞ്ഞ് സംബോധന ചെയ്യാനുള്ള അടുപ്പം ഉമ്മൻ ചാണ്ടിക്കുണ്ട്. ഉമ്മൻ ചാണ്ടിയുടെ രൂപത്തിന് രണ്ടുഘട്ടമുണ്ടെന്ന് ഗീവർഗീസിന് നിരീക്ഷണമുണ്ട്. ആദ്യകാലം നീട്ടിയ വീതുളി കൃതാവും പുരികത്തിനുമേലേക്ക് അലസമായി വീണ മുടിയുമൊക്കെയുണ്ട്. രണ്ടാംഘട്ടമാണ് ഇപ്പോഴത്തേത്. മുടിക്ക് നീളം കുറഞ്ഞു. കൃതാവും വെട്ടി. എങ്കിലും ഒട്ടും വെട്ടിച്ചുരുക്കാത്ത അദ്ദേഹത്തിന്റെ ലാളിത്യം ജനത്തെ കൂടെനിർത്തുമെന്ന് ഗീവർഗീസ്.ജനസമ്പർക്കപരിപാടി നടന്നപ്പോൾ ഗീവർഗീസ് ആരാധനകൊണ്ട് രാവെളുപ്പോളം വേദിക്കരികെ നിന്നു. ഒന്നിനുമല്ല, ആ സേവനം കണ്ടുകൊണ്ട് നിൽക്കാൻമാത്രം. നാട്ടിലെ പല പരാതികളുമായി മുഖ്യമന്ത്രിയായിരിക്കെയും അല്ലാതെയും ഉമ്മൻ ചാണ്ടിയെ കാണാൻ പോയിട്ടുണ്ട്. സ്വന്തമായി ഒരുകാര്യത്തിനും പോയിട്ടിെല്ലന്നും, സന്തോഷത്തോടെ ഗീവർഗീസ് പറയും.ഒരിക്കൽ നാട്ടിലെ ഒരാവശ്യത്തിന് അതിരാവിലെ എം.എൽ.എ.ഹോസ്റ്റലിലെത്തി അദ്ദേഹത്തെ കാണാൻ നിന്നത് രസകരമായ ഒാർമയാണ്. ഉമ്മൻ ചാണ്ടി കോട്ടയത്തുനിന്ന് പുറപ്പെട്ടതറിഞ്ഞു. കൊട്ടാരക്കര എത്തിയപ്പോഴാണ് മണ്ഡലത്തിൽ ഒരു മരണവിവരം ഉമ്മൻ ചാണ്ടി അറിഞ്ഞത്. ഉടൻ മടങ്ങിപ്പോയി ആ വീട്ടിൽ ചെന്ന് വീണ്ടും തലസ്ഥാനത്തേക്ക് മടങ്ങി. തലേന്നുരാത്രി പുതുപ്പള്ളിക്കുപോയ ഉമ്മൻ ചാണ്ടി ഏതാനും മണിക്കൂറിനിടെയാണ് ഇങ്ങനെ കഠിനയാത്ര ചെയ്തത്. ഇത് മറ്റാർക്കുപറ്റും. ഇതിനെ ആദരിക്കാതെ പറ്റുമോ... ഗീവർഗീസ് ചോദിക്കുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/35fWPNS
via
IFTTT
No comments:
Post a Comment