ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിന് തെക്കുള്ള തന്ത്രപ്രധാന കുന്നുകളിൽ ഇന്ത്യൻസേന നിലയുറപ്പിച്ചതിനു പിന്നാലെ ഫിംഗർ മൂന്നിലേക്ക് കടന്നുകയറാൻ ശ്രമിച്ച് ചൈന. തടാകക്കരയിലെ എട്ടു കുന്നുകളിലൊന്നായ തങ്ങളുടെ അധീനതയിലുള്ള ഫിംഗർ നാലിൽ പുതിയ സൈനികകേന്ദ്രം സ്ഥാപിച്ച ചൈന ചൊവ്വാഴ്ച രാത്രിമുതൽ ഫിംഗർ മൂന്നിലെ പൊതുപ്രദേശങ്ങളിലും കടന്നുകയറാൻ ശ്രമം തുടങ്ങിയതായി സൈനികവൃത്തങ്ങൾ പറഞ്ഞു. കാണാവുന്ന അകലത്തിൽ നിലയുറപ്പിച്ച് ഇരുസൈന്യവും പരസ്പരം പ്രവർത്തനങ്ങൾ ജാഗ്രതയോടെ നിരീക്ഷിച്ചുവരുകയാണിപ്പോൾ. മേഖലയിൽ ഗണ്യമായി സൈനികശക്തി കൂട്ടിയ ഇന്ത്യ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയുമായി സുഖോയ്, മിഗ് വിമാനങ്ങളെ ഉൾപ്പെടുത്തി വ്യോമപ്രകടനവും നടത്തി. എല്ലാ സൈനിക വിഭാഗങ്ങളോടും കനത്തജാഗ്രത പുലർത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.പാംഗോങ് തടാകക്കരയിലെ കുന്നുകളിൽ ഫിംഗർ എട്ടാണ് ഇന്ത്യ അതിർത്തിയായി കാണുന്നത്. ചൈന നാലും. ഫിംഗർ നാലിന് ഒരുകിലോമീറ്റർ ഇപ്പുറംവരെ ഇന്ത്യയ്ക്ക് റോഡുണ്ട്. ഫിംഗർ എട്ടുവരെ നേരത്തേ കാൽനടയായി ഇന്ത്യൻ സൈന്യം റോന്തുചുറ്റിയിരുന്നു. ഇത് അസാധ്യമാക്കി ഫിംഗർ നാലിലിപ്പോൾ ചൈന സൈനിക പോസ്റ്റ് സ്ഥാപിച്ചു. ഫിംഗർ അഞ്ചിനും എട്ടിനും ഇടയിൽ കൂടുതൽ സൈനിക കേന്ദ്രങ്ങളും തുറന്നു. ചൈനയുടെ വാഹനങ്ങൾ മേഖലയിൽ കൂടുതൽ സാധനസാമഗ്രികൾ എത്തിക്കുന്നതായും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതായുമാണ് വിവരം.പാംഗോങ് തടാകത്തിന് തെക്കുള്ള റിസാങ് ലാ പർവത നിരയിലെ ഉയരംകൂടിയ തന്ത്രപ്രധാന കുന്നുകളിലൊന്നായ മുഖ്പരി പ്രദേശത്തും റചിൻ ലായിലും ഇന്ത്യൻ സൈന്യം ആധിപത്യം പുലർത്തിയത് ചൈനയെ അലോസരപ്പെടുത്തുന്നുണ്ട്. മോൾഡോയിലും സ്പങ്കൂറിലും പാംഗോങ്ങിന് തെക്കും ഫിംഗർ നാലിലുമുള്ള ചൈനീസ് സൈനിക ക്യാമ്പുകളെ മുകളിൽനിന്ന് നേരിട്ട് വീക്ഷിക്കാനാവുംവിധമാണ് ഇന്ത്യൻ സൈന്യത്തിന്റെ സ്ഥാനം.ഗോഡ് പാവോ മലനിരകളിൽ ഇന്ത്യൻ സൈന്യം നിയന്ത്രണരേഖ ലംഘിച്ചതായും വെടിയുതിർത്തതായും ആരോപിച്ച് ചൈന ചൊവ്വാഴ്ച പ്രകോപനം തുടങ്ങിയതോടെയാണ് അതിർത്തി കൂടുതൽ സംഘർഷഭരിതമായത്.
from mathrubhumi.latestnews.rssfeed https://ift.tt/2F5HepH
via
IFTTT
No comments:
Post a Comment