ന്യൂഡൽഹി: പെട്രോളിനും ഡീസലിനും വിലനിയന്ത്രിക്കുന്നതിൽനിന്ന് സർക്കാർ പിൻവാങ്ങിയത് ശരിയായ അർഥത്തിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയ്ക്ക് വൻതോതിൽ വിലകുറയുമ്പോൾ അതിന്റെ ആനുകൂല്യം ഇവിടെയും ഉപയോക്താക്കൾക്ക് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂരിലെ ഷാജി കെ. കോടങ്കണ്ടത്താണ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച് കേസ് ചൊവ്വാഴ്ച പരിഗണിക്കും. പെട്രോളിനും ഡീസലിനും നികുതി നിശ്ചയിക്കേണ്ടത് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലയ്ക്കനുസരിച്ചാകരുത്. മറിച്ച് ഇവയ്ക്ക് പരമാവധി നികുതി സർക്കാർ നിശ്ചയിക്കണം. പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി (വാറ്റ്) കുറയ്ക്കണമെന്നും അഡ്വ. നിഷെ രാജൻ ശങ്കർ വഴി ഫയൽചെയ്ത ഹർജിയിൽ ആവശ്യപ്പെട്ടു. നിലവിൽ ചില്ലറവിൽപ്പന വിലയുടെ ഏതാണ്ട് 25 ശതമാനമാണ് മൂല്യവർധിത നികുതി. ഉടമസ്ഥാവകാശം ഭൂരിഭാഗവും സർക്കാരിന്റേതായ പൊതുമേഖലാ എണ്ണക്കമ്പനികൾ പ്രതിദിനമെന്നോണം വില വർധിപ്പിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില എക്കാലത്തേയും കുറവാണ് ഏപ്രിലിൽ രേഖപ്പെടുത്തിയത്. ഇപ്പോൾ അല്പം ഉയർന്നെങ്കിലും കഴിഞ്ഞ സാമ്പത്തികവർഷത്തേക്കാൾ വളരെ കുറവാണ്. ഈടാക്കുന്നത് 150 ശതമാനത്തിലേറെ വില: അന്താരാഷ്ട്ര വിപണിയിൽ വീപ്പയ്ക്ക് (159 ലിറ്റർ) ഏതാണ്ട് 38 ഡോളറാണ് ഇപ്പോഴത്തെ വില. രണ്ടു ഡോളർ വീതം ഇറക്കുമതി ചെയ്യാൻ ചെലവാകും. ഏതാണ്ട് 3000 രൂപയാണ് വീപ്പയ്ക്ക് ഇന്ത്യയിലെത്തുമ്പോൾ വിലവരുന്നത്. അതായത് ഒരു ലിറ്റർ അസംസ്കൃത എണ്ണയ്ക്ക് 18.86 രൂപ. ഇതിനൊപ്പം എൻട്രി ടാക്സ്, ശുദ്ധീകരണ ചെലവ്, ഗതാഗതം, ഡീലർമാരുടെ കമ്മിഷൻ എന്നിവയെല്ലാം കൂടി ലിറ്ററിന് പത്തു രൂപ കൂടിയാകുമ്പോൾ 30 രൂപയ്ക്ക് താഴെയേ പെട്രോളിനും ഡീസലിനും വിലവരാവൂ. എന്നാൽ, ലിറ്ററിന് 80 രൂപയ്ക്ക് മുകളിലാണ് നിലവിൽ ഈടാക്കുന്നത്. കേന്ദ്രസർക്കാർ, പെട്രോളിയം മന്ത്രാലയം എന്നിവർക്ക് പുറമേ പൊതുമേഖലാ എണ്ണക്കമ്പനികളെയും എതിർകക്ഷിയാക്കിയാണ് ഹർജി. Content Highlights:Fuel price Supreme Court
from mathrubhumi.latestnews.rssfeed https://ift.tt/2Zs8CoT
via
IFTTT
No comments:
Post a Comment