തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇ.ഡി.യുടെ ചോദ്യംചെയ്യലിന് വിധേയനാകേണ്ടിവന്ന മന്ത്രി കെ.ടി. ജലീലിന്റെ കൈപിടിക്കാനും കൈവിടാനും ആകാതെ സർക്കാരും സി.പി.എമ്മും. ഇ.ഡി.യുടെ ചോദ്യംചെയ്യലിന് കേരളത്തിലെ ഒരു മന്ത്രി ഇരുന്നുകൊടുക്കേണ്ടിവരുന്നത് ആദ്യം. സർക്കാർ അവസാന വർഷത്തിലേക്ക് കടന്നിരിക്കെ, ജലീലിന്റെ രാജിക്കായി പ്രതിപക്ഷത്തിന്റെ മുറവിളി കൂടുതൽ ശക്തമായി. പ്രതിരോധിക്കാനുള്ള പെടാപ്പാടിലാണ് സർക്കാർ. സ്വർണക്കടത്ത് കേസിനിടെയാണ് യു.എ.ഇ.യിൽനിന്ന് മതഗ്രന്ഥങ്ങൾ വന്നവിവരം പുറത്തുവരുന്നത്. വിവാദ പെട്ടികൾ വിദ്യാഭ്യാസവകുപ്പിന്റെ വാഹനത്തിൽ കൊണ്ടുപോയത് ആരോപണത്തിന് തീപിടിപ്പിച്ചു. സ്വപ്നാ സുരേഷുമായുള്ള ഫോൺവിളി വിവരങ്ങൾ പുറത്തുവന്നപ്പോൾ മന്ത്രി തീർത്തും പ്രതിരോധത്തിലായി. പെട്ടികളിൽ വന്നത് മതഗ്രന്ഥങ്ങൾ തന്നെയാണോയെന്ന ചോദ്യവും ഉയർന്നു. ഇ.ഡി.യുടെ അന്വേഷണംകൂടിയായതോടെ മന്ത്രി സംശയനിഴലിലായി. എന്നാൽ, ഈ ഘട്ടത്തിലൊക്കെ മുഖ്യമന്ത്രി ജലീലിനെ സംരക്ഷിച്ചുപോന്നു. നിലവിൽ ചോദ്യംചെയ്യലിന്റെ പേരിൽ മന്ത്രി രാജിവെക്കേണ്ട കാര്യമില്ലെന്നാണ് സി.പി.എമ്മിന്റെ നിലപാട്. കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽമാത്രം രാജി മതിയെന്നാണ് പാർട്ടി നയം. ജലീലിനെ രാജിവെപ്പിച്ചാൽ കുറ്റമേൽക്കുന്നതിനു തുല്യമാകുമെന്നും അത് സർക്കാരിനു തിരിച്ചടിയാകുമെന്നുമാണ് വിലയിരുത്തൽ. രാജിവെച്ചില്ലെങ്കിൽ പ്രശ്‌നം നീറിനിൽക്കും. യു.ഡി.എഫും ബി.ജെ.പി.യും സർക്കാരിനെതിരേ ഒന്നിക്കും. ആരോപണമുയർന്നപ്പോൾ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ മാറ്റിനിർത്തിയത് ജലീലിന്റെ കാര്യത്തിൽ മറന്നോയെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥനും മന്ത്രിക്കും രണ്ട് അളവുകോലെന്ന ന്യായം പോരാതെവരും. സംശയത്തിന്റെ നിഴലിൽനിന്ന് പുറത്തുകടക്കുംവരെ മന്ത്രി മാറിനിൽക്കട്ടെയെന്ന ആവശ്യമാണുയരുന്നത്.അധികാരസ്ഥാനത്തിരിക്കുന്നവരുടെ രാജിയുമായി ബന്ധപ്പെട്ട് സി.പി.എം. കാലങ്ങളായി പാലിക്കുന്ന ചിട്ടവട്ടങ്ങളുണ്ട്. ബന്ധുനിയമനം വിവാദമായപ്പോൾ ഇ.പി. ജയരാജന്റെയും സ്വഭാവദൂഷ്യവുമായി ബന്ധപ്പെട്ട് എ.കെ. ശശീന്ദ്രന്റെയും മുമ്പുനടന്ന വയൽ നികത്തലുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിയുടെയും മറ്റും രാജി എഴുതിവാങ്ങിയ പാർട്ടിക്ക് അതിനെക്കാൾ വലിയ കുരുക്കിൽപ്പെട്ടിരിക്കുന്ന ജലീലിനെ സംരക്ഷിക്കാനാകുമോയെന്ന ചോദ്യം നേരിടേണ്ടിവരും.
from mathrubhumi.latestnews.rssfeed https://ift.tt/35ALZlE
via
IFTTT
No comments:
Post a Comment