ബെംഗളൂരു: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് അനൂപിന്റെ ഫോൺകോളുകളിൽനിന്ന് കൂടുതൽ ബന്ധങ്ങൾ പുറത്തായി. രാഷ്ട്രീയ, സിനിമാ വ്യവസായ രംഗത്തുള്ളവരുടെ ഫോൺ നമ്പറാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. ബിനീഷ് കോടിയേരി, സംവിധായകൻ, വ്യവസായി എന്നിവരെ ഫോണിൽ വിളിച്ചതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. കൂടുതൽതവണ വിളിച്ചത് ബിനീഷിനെയാണ്. ഫോൺരേഖയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്താൻ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ തീരുമാനിച്ചിട്ടുണ്ട്. കന്നഡ ചലച്ചിത്രമേഖലയിലെ പ്രമുഖരുടെ പങ്ക് എൻ.സി.ബി. അന്വേഷിക്കുന്നുണ്ട്. മയക്കുമരുന്ന് കേസ് പ്രതികൾക്ക് സാമ്പത്തികസഹായം നൽകിയോയെന്ന കാര്യമാണ് അന്വേഷിക്കുന്നത്. ഇതേ മാതൃകയിലായിരിക്കും കേരളത്തിലും അന്വേഷണം. അനിഘ ഇടനിലയായി ബെംഗളൂരു കേന്ദ്രീകരിച്ച് രണ്ടുവർഷമായി മയക്കുമരുന്ന് വിതരണത്തിലുണ്ടെന്നും നൈജീരിയൻ സ്വദേശികൾ വഴിയാണ് ജിംറിൻ അഷിയെ പരിചയപ്പെടുന്നതെന്നും അനിഘയുടെ മൊഴിയിലുണ്ട്. കൊറിയർ സർവീസ് വഴി വിദേശത്തുനിന്ന് ലഹരിമരുന്നെത്തിച്ചാണ് വിദ്യാർഥികൾക്കും സിനിമാപ്രവർത്തകർക്കും നൽകിയിരുന്നത്. 2000 മുതൽ 5000 വരെ രൂപയാണ് എം.ഡി.എം.എ. ഗുളികകൾക്ക് ഈടാക്കിയിരുന്നത്. ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞശേഷം ബെംഗളൂരുവിൽ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു. ഇതിനിടയിൽ നൈജീരിയൻ സ്വദേശിയെ പരിചയപ്പെട്ടതോടെ വസ്ത്രവ്യവസായത്തിലേക്കു തിരിഞ്ഞു. തുടർന്നാണ് സീരിയൽ രംഗത്തെത്തുന്നതും പിന്നീട് ലഹരിമരുന്ന് കടത്തിലേക്ക് അനിഘ തിരിയുന്നതും. വിദേശത്തുനിന്ന് എം.ഡി.എം.എ. ഗുളികകളെത്തിച്ച് വിദ്യാർഥികൾക്ക് വിതരണംചെയ്താണ് മയക്കുമരുന്ന് കച്ചവടത്തിലേക്കു വന്നതെന്നാണ് അനൂപിന്റെ മൊഴി. മയക്കുമരുന്ന് കച്ചവടം നടത്തുന്ന കാര്യം വീട്ടുകാർക്ക് അറിയില്ലെന്നും പറയുന്നു. ടെലിഗ്രാമിലൂടെയും വാട്സാപ്പിലൂടെയുമാണ് കച്ചവടം. 2013-ൽ ആഫ്രിക്കൻ സ്വദേശികളിൽനിന്നാണ് എം.ഡി.എം.എ. ഗുളികകൾ വാങ്ങി മുഹമ്മദ് അനൂപ് ലഹരിക്കച്ചവടം തുടങ്ങിയത്. ഈ പണം ഉപയോഗിച്ച് കമ്മനഹള്ളിയിൽ 2015-ൽ ഹയാത്ത് റെസ്റ്റോറന്റ് ആരംഭിച്ചു. ബിനീഷ് കോടിയേരിയുടെ സാമ്പത്തിക സഹായത്തോടെയാണ് റെസ്റ്റോറന്റ് ആരംഭിച്ചത്. കോവിഡ് വന്നതോടെ ഹോട്ടൽ പ്രതിസന്ധിയിലായി. വീണ്ടും മയക്കുമരുന്ന് ഇടപാടിലേക്ക് നീങ്ങി. ജിംറിൻ അഷി തന്ന നമ്പറിൽ അനിഘയെ വാട്സാപ്പിലൂടെ പരിചയപ്പെട്ടു. ബിറ്റ്കോയിൻ ഇടപാടും മറ്റുമായി വിദേശത്തുനിന്നെത്തിച്ച മയക്കുമരുന്നാണ് അനിഘ വിതരണം ചെയ്തിരുന്നത്. കോത്തന്നൂരിലെ കഫേയിൽവെച്ച് അനിഘയ്ക്ക് 1,36,500 രൂപ നൽകി വാങ്ങിയ ഗുളികകൾ കല്യാൺനഗറിലെ ഹോട്ടൽ റോയൽ സ്യൂട്ടിലെത്തിച്ച് മറ്റൊരു സംഘത്തിന് 2,20,500 രൂപയ്ക്കു വിറ്റു. ഈ പണമാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടിയതെന്നും മൊഴിയിൽ പറയുന്നു. മുഹമ്മദ് അനൂപ് റെസ്റ്റോറന്റ് വാങ്ങിയത് മലയാളികളിൽനിന്ന് ബെംഗളൂരു: മയക്കുമരുന്നുക്കേസിൽ പിടിയിലായ മുഹമ്മദ് അനൂപിന് ഹോട്ടൽ വിറ്റതും മലയാളികളാണ്. കണ്ണൂർ പാനൂർ സ്വദേശി അഷറഫ് കമ്മനഹള്ളിയുടെ പങ്കാളിത്തത്തോടെ അഞ്ച് മലയാളികൾ ചേർന്ന് ആരംഭിച്ച കലിക്കറ്റ് ദർബാർ ഹോട്ടലാണ് മുഹമ്മദ് അനൂപിന് 30 ലക്ഷം രൂപക്ക് നൽകിയത്. കോഴിക്കോട് സ്വദേശി റഷീദിന്റെ നടത്തിപ്പിൽ ഞങ്ങൾ അഞ്ചുപേർ ചേർന്ന് 2014- ലാണ് റെസ്റ്റോറന്റ് ആരംഭിച്ചത്. കച്ചവടം കുറഞ്ഞതോടെ കൈയൊഴിയാൻ തീരുമാനിച്ചപ്പോഴാണ് മുഹമ്മദ് അനൂപ് പാർട്ട്ണർമാരെ സമീപിച്ചത്. അനൂപ് അടക്കം നാലുപേർ ചേർന്നാണ് റെസ്റ്റോറന്റ് എടുത്തതെന്നാണ് ഓർമ അഷറഫ് പറഞ്ഞു. മുഴുവൻ പണവും നൽകിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അഷറഫിന് രണ്ട് ലക്ഷം രൂപയോളം ഇപ്പോഴും ലഭിക്കാനുണ്ട്. മുഹമ്മദ് അനൂപ് റെസ്റ്റോറന്റ് ഹിയാത്ത് എന്ന് പേര് നൽകി. പലപ്പോഴും റെസ്റ്റോറന്റ് പ്രവർത്തിച്ചിരുന്നില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഒന്നുരണ്ടുതവണ പേര് മാറ്റുകയും ചെയ്തിരുന്നു. മുഹമ്മദ് അനൂപിനെ പരിചയമില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് പിന്നീട് അന്വേഷിച്ചിട്ടില്ലെന്നും അഷറഫ് പറഞ്ഞു. മലായാളികൾ ഏറെയുള്ള സ്ഥലമാണ് കമ്മനഹള്ളി. 2013-ലാണ് മുഹമ്മദ് അനൂപ് കമ്മനഹള്ളിയിലെത്തുന്നത്. ഇവിടെവെച്ചാണ് മയക്കുമരുന്ന് വിതരണത്തിലേക്ക് എത്തുന്നതും പിന്നീട് ഹോട്ടൽ വ്യവസായത്തിലേക്ക് കടക്കുന്നതും
from mathrubhumi.latestnews.rssfeed https://ift.tt/3brJ3ZP
via
IFTTT
No comments:
Post a Comment