ഹരിപ്പാട്: കരുവാറ്റ സഹകരണബാങ്കിലെ ലോക്കർപൊളിക്കാൻ മോഷ്ടാക്കൾ കുറഞ്ഞത് 24 മണിക്കൂറെങ്കിലും പണിപ്പെട്ടിരിക്കാമെന്ന് വിദഗ്ധർ. 30 വർഷം പഴക്കമുള്ള ലോക്കറാണ്. ലോക്കർനിർമിച്ച കമ്പനിയിലെ സാങ്കേതികവിദഗ്ധർ വിശദമായി പരിശോധിച്ചശേഷമാണ് ഇക്കാര്യം പോലീസിനെയും ബാങ്ക് അധികൃതരെയും അറിയിച്ചത്. സാധാരണ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിക്കാൻകഴിയാത്തവിധത്തിലാണ് ഇതിന്റെ നിർമിതി. വെൽഡിങ് ഗ്യാസും പാചകവാതകവും കൂട്ടിക്കലർത്തി അതീവസൂക്ഷ്മതയോടെയാണ് ലോക്കർ പൊളിച്ചിരിക്കുന്നത്. അഞ്ചുകിലോ 430 ഗ്രാം 899 മില്ലിഗ്രാം സ്വർണാഭരണങ്ങളും 4,43,743 രൂപയുമാണ് കവർന്നത്. ആകെ 2,87,83,765 രൂപയുടെ നഷ്ടമുണ്ടായി. ഓഫീസ്‌മുറിയുടെ തൊട്ടുപിന്നിലായാണ് ലോക്കർ സ്ഥാപിച്ചിരുന്നത്. ലോക്കറിന്റെ വാതിൽ രണ്ടുപാളി ഉരുക്കുകൊണ്ടുനിർമിച്ചതാണ്. ഈ പാളികൾക്കുള്ളിൽ പ്രത്യേക രാസപദാർഥങ്ങൾ ചേർത്തുതയ്യാറാക്കിയ കടുപ്പമേറിയ കോൺക്രീറ്റാണ്. വാതിലിനു തൊട്ടുപിന്നിലായി ഉരുക്കുകൊണ്ടുള്ള ഗ്രില്ലുണ്ട്. ഇതിലെ 11 കമ്പികളിൽ ഏഴെണ്ണം അറത്തുമാറ്റിയിട്ടുണ്ട്.ലോക്കറിന്റെ വാതിലിൽ നിലത്തോടുചേർന്ന് ചതുരാകൃതിയിൽ ദ്വാരമുണ്ടാക്കിയശേഷം അകത്തുകയറിയാണ് ഗ്രിൽ മുറിച്ചത്. ഗ്രില്ലിൽനിന്ന് അല്പംമാറിയാണ് ആഭരണവും പണവും സൂക്ഷിച്ചിരുന്ന ചെസ്റ്റ്. ഇതിന്റെ വാതിലിനും രണ്ടുപാളിയുണ്ട്. ഇതും ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചിരിക്കുകയാണ്. ഇങ്ങനെ ലോക്കർ അഞ്ചിടത്തായി മുറിച്ചാണ് കവർച്ചനടത്തിയിരിക്കുന്നത്. ഒരുദിവസത്തിലധികം തുടർച്ചയായി ജോലിചെയ്താൽമാത്രമേ ഉരുക്കുപാളികളും കമ്പിയും മുറിക്കാൻകഴിയുകയുള്ളൂവെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.ഓഗസ്റ്റ് 28-മുതൽ സെപ്റ്റംബർ രണ്ടുവരെയുള്ള ആറുദിവസങ്ങളിൽ ബാങ്ക് പ്രവർത്തിച്ചിരുന്നില്ല. ഇതിൽ ആദ്യദിവസങ്ങളിൽത്തന്നെ മോഷ്ടാക്കൾ അകത്തുകയറിയിരിക്കാമെന്നാണ് പോലീസ് നിഗമനം. മോഷ്ടാക്കളോ അവരുമായി ബന്ധമുള്ളവരോ നേരത്തേ ബാങ്കിൽ നീരീക്ഷണം നടത്തിയിട്ടുണ്ടാകാമെന്നും പോലീസ് സംശയിക്കുന്നു. ചുറ്റുമതിൽപോലുമില്ലാത്തതും ഏറെപഴക്കമുള്ള കെട്ടിടമുള്ളതുമായ ബാങ്കിൽ വൻസമ്പാദ്യമുണ്ടെന്ന് പുറത്തുള്ള മോഷ്ടാക്കൾക്ക് അറിയാൻവഴിയില്ല. ഇതുകൂടി പരിഗണിച്ചാണ് ആസൂത്രകർ നേരത്തേ ബാങ്ക് നിരീക്ഷിച്ചിരിക്കാമെന്ന് പോലീസ് അനുമാനിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3i62l9u
via
IFTTT
No comments:
Post a Comment