ബയ്റുത്ത്: ലെബനനിലെ ബയ്‌റുത്തിൽ സ്ഫോടനത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽനിന്ന് ജീവന്റെ തുടിപ്പ്. തുറമുഖത്ത് സ്ഫോടനമുണ്ടായിട്ട് ഒരുമാസം പിന്നിട്ടെങ്കിലും കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് പ്രത്യേക സെൻസർ ഉപകരണം ഹൃദയമിടിപ്പ് തിരിച്ചറിഞ്ഞിരിക്കുകയാണിപ്പോൾ. ഇതോടെ കാണാതായ ആരെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടിരിക്കാമെന്ന പ്രതീക്ഷയിൽ തിരച്ചിൽ വെള്ളിയാഴ്ചയോടെ പുനരാരംഭിച്ചു. ഓഗസ്റ്റ് നാലിനാണ് ലെബനനെ നടുക്കിയ സ്ഫോടനമുണ്ടായത്. 191 പേർ മരിച്ചിരുന്നു. ഏഴുപേരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. സ്ഫോടനം ഏറ്റവും രൂക്ഷമായി ബാധിച്ച ജെമ്മായിസെ, മാർ മിഖായേൽ ജില്ലകൾക്കിടയിലുള്ള സ്ഥലത്തുനിന്ന് അവശിഷ്ടങ്ങൾ നീക്കംചെയ്തു. ജീവന്റെ അവശേഷിപ്പ് എവിടെയെങ്കിലുമുണ്ടോയെന്നറിയാൻ കെട്ടിടത്തിന്റെ ത്രീഡി മാപ്പിങ് സ്കാനുകളും തിരച്ചിലിൽ വിദഗ്ധരായ നായകളുടെ സഹായവും അധികൃതർ ഉപയോഗപ്പെടുത്തുന്നുണ്ട്.മുൻകരുതലില്ലാതെ തുറമുഖത്തിന് സമീപം സൂക്ഷിച്ച 2750 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. 6500-ലേറെ പേർക്ക് പരിക്കേൽക്കുകയും മൂന്നുലക്ഷത്തോളംപേർ ഭവനരഹിതരാകുകയും ചെയ്തു. കൂടാതെ, സ്ഫോടനത്തിന്റെ 20 കിലോമീറ്റർ ചുറ്റളവിൽ ആറുലക്ഷത്തോളം കുട്ടികളാണ് താമസിച്ചിരുന്നത്. ഇവർക്ക് മാനസികമായി പലപ്രശ്നങ്ങളെയും അതിജീവിക്കേണ്ടതായിവരുമെന്നും യൂണിസെഫ് വിലയിരുത്തുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2Gn6U15
via
IFTTT
No comments:
Post a Comment