തിരുവനന്തപുരം: ഡിജിറ്റൽ ടിക്കറ്റ് സംവിധാനത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി. 'ചലോ കാർഡുകൾ' ഏർപ്പെടുത്തിയത് സർക്കാർ ഉത്തരവോ ഭരണസമിതി തീരുമാനമോ ഇല്ലാതെ. നടപടിക്രമങ്ങളൊന്നും പാലിക്കാതെ സ്വകാര്യ കമ്പനിയുടെ ടിക്കറ്റ് മെഷീനുകളും യാത്രാകാർഡുകളും കെ.എസ്.ആർ.ടി.സി. ബസുകളിൽ ഉപയോഗിച്ചു. മേയ് 19-ന് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്ത പദ്ധതിക്ക് അടിസ്ഥാന രേഖകളൊന്നും കെ.എസ്.ആർ.ടി.സി.യുടെ പക്കലില്ല. ടിക്കറ്റ്മെഷീനുകൾ പരീക്ഷിക്കാൻ കമ്പനികളിൽനിന്നു താത്പര്യപത്രം ക്ഷണിച്ചിട്ടില്ലെന്ന് ചീഫ് ഓഫീസിലെ കൺട്രോളർ ഓഫ് സ്റ്റോർ ആൻഡ് പർച്ചേസ് വിഭാഗം പറയുന്നു. വന്നതിനു തെളിവില്ല ടെൻഡർ നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ല. 'ചലോ' എന്ന കമ്പനിയെ എങ്ങനെ തിരഞ്ഞെടുത്തുവെന്നും വ്യക്തമല്ല. ഭരണസമിതി തീരുമാനമെടുത്തിട്ടില്ല. സർക്കാർ ഉത്തരവുമില്ല. കമ്പനിയുമായി കെ.എസ്.ആർ.ടി.സി. കത്തിടപാടുകളോ ചർച്ചയോ നടത്തിയിട്ടില്ലെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നു. പിന്നെങ്ങനെ കമ്പനിയുടെ മെഷീനുകൾ കെ.എസ്.ആർ.ടി.സി. ഉപയോഗിച്ചുവെന്നതിന് ഉത്തരമില്ല. ഇതുസംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ലെന്ന മറുപടിയാണ് കെ.എസ്.ആർ.ടി.സി. മാനേജ്മെന്റ് നൽകുന്നത്. ചീഫ് ഓഫീസിലെ ജനറൽ, സ്റ്റോർ ആൻഡ് പർച്ചേസ്, ട്രാഫിക് വിഭാഗങ്ങളൊന്നും അറിയാതെ നടന്ന ഇടപാടിലെ വെളിപ്പെടുത്തലുകൾ കൂടുതൽ ദുരൂഹത പടർത്തുകയാണ്. വാക്കാലുള്ള നിർദേശം മാത്രം മെഷീനുകൾ പരീക്ഷിക്കാൻ വാക്കാലുള്ള നിർദേശമാണ് താഴേത്തട്ടിലേക്കു നൽകിയത്. സാങ്കേതികസമിതി അറിയാതെയാണ് ഇവ ഡിപ്പോകൾക്കു കൈമാറിയത്. മുൻ മേധാവി എം.പി. ദിനേശിന് ഒരു വർഷത്തേക്കുകൂടി കാലാവധി നീട്ടിനൽകിയതിനു പിന്നാലെയാണ് സ്മാർട്ട് കാർഡുകൾ വഴി പണമിടപാട് നടത്താൻ കഴിയുന്ന ടിക്കറ്റ് മെഷീനുകൾ പരീക്ഷിച്ചത്. ഇടപാടിൽ അഴിമതിയാരോപണം ഉയർന്നതിനു പിന്നാലെ അദ്ദേഹം അപ്രതീക്ഷിതമായി സ്ഥാനമൊഴിയുകയും ചെയ്തു. ഇതോടെ പരീക്ഷണം അവസാനിച്ചു. ചലോ കമ്പനിയുടെ യാത്രാ കാർഡുകളും ടിക്കറ്റ് മെഷീനുകളും വാങ്ങാൻ മാനേജ്മെന്റിനുമേൽ സമ്മർദമുണ്ടായിരുന്നുവെന്ന ആരോപണം ശരിവെക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പരീക്ഷണം നടന്നില്ല ടിക്കറ്റ് മെഷീനുകൾ വാങ്ങുന്നതിനു മുന്നോടിയായി അവ ബസിൽ പരീക്ഷിക്കും. സാങ്കേതിക സമിതി ചേർന്ന് നിശ്ചിത മാനദണ്ഡം പാലിക്കുന്ന കമ്പനികളെയാണ് ഇതിനു തിരഞ്ഞെടുക്കുന്നത്. ഇതിനുശേഷം ബസുകളിൽ ഉപയോഗിച്ച് ക്ഷമത വിലയിരുത്തും. വീണ്ടും സാങ്കേതിക പരിശോധന നടത്തും. ഇതിനുശേഷം കരാറിലേക്കു നീങ്ങും. ഇതൊന്നും 'ചലോ' ഇടപാടിൽ നടന്നിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/33dpHnx
via
IFTTT
No comments:
Post a Comment