ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകക്കരയ്ക്കുതെക്കുള്ള കുന്നുകളിൽ ആധിപത്യംസ്ഥാപിക്കാനുള്ള ചൈനീസ് ശ്രമത്തോടെ യഥാർഥ നിയന്ത്രണരേഖയിൽ വീണ്ടും ഉടലെടുത്ത സംഘർഷം തുടരുന്നു. കര-വ്യോമ അതിർത്തിരക്ഷാസേനാ തലവന്മാർ പോർമുഖങ്ങളിൽ നേരിട്ടെത്തി ഇന്ത്യൻ സൈന്യത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി. യഥാർഥ നിയന്ത്രണരേഖയിലുടനീളം സ്ഥിതി ഗുരുതരമാണെന്ന് ദ്വിദിനസന്ദർശനത്തിനായി ലേയിലെത്തിയ കരസേനാമേധാവി ജനറൽ എം.എം. നരവണെ വെള്ളിയാഴ്ച പറഞ്ഞു. തുടർച്ചയായ അഞ്ചാംദിനവും ബ്രിഗേഡ് കമാൻഡർതല ചർച്ചയിൽ സമാധാനത്തിന് ധാരണയായില്ല. ഇന്തോ-ടിബറ്റൻ അതിർത്തിസേനാതലവൻ എസ്.എസ്. ദെസ്വാൾ ആറുദിവസം സൈനിക ഒരുക്കങ്ങൾക്കായി അതിർത്തിയിൽ തങ്ങിയിരിക്കയാണ്. വ്യാഴാഴ്ച ലേയിലെത്തിയ നരവണെ, അതിർത്തിയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ഓഫീസർമാരിൽ നിന്നും ജൂനിയർ കമ്മിഷൻഡ് ഓഫീസർമാരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. സൈനികരുടെയെല്ലാം ആത്മവീര്യവും ആരോഗ്യവും വളരെ ഉയർന്നതാണെന്നും ഏതുവെല്ലുവിളിയും നേരിടാൻ അവർ സജ്ജരാണെന്നും നരവണെ പറഞ്ഞു. സംഘർഷം ലഘൂകരിക്കാൻ സൈനിക-നയതന്ത്ര തലങ്ങളിൽ എല്ലാ പരിശ്രമവും തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ ചൈന നടത്തിയ കടന്നുകയറ്റശ്രമത്തിനുപിന്നാലെ തിങ്കളാഴ്ച മുതലാണ് ബ്രിഗേഡ് കമാൻഡർതല ചർച്ച തുടങ്ങിയത്. വെള്ളിയാഴ്ചത്തെ ചർച്ചയിൽ പാംഗോങ് തടാകത്തിന് പടിഞ്ഞാറുള്ള ഫിംഗർ നാലിൽനിന്ന് തെക്കുള്ള സ്പങ്കൂർ തടാകക്കരയിൽ പുതുതായി കൈയേറിയ സ്ഥലത്തുനിന്ന് ചൈന സൈന്യത്തെ പിൻവലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. എന്നാൽ, പാംഗോങ്ങിന് തെക്കുള്ള ഉയരംകൂടിയ ബ്ലാക്ക് ടോപ്പ് കുന്നിൽനിന്നും മറ്റൊരു തന്ത്രപ്രധാന കുന്നായ ഹെൽമെറ്റ് ടോപ്പിൽനിന്നും ഇന്ത്യ പിന്മാറണമെന്നായിരുന്നു ചൈനയുടെ മുഖ്യ ആവശ്യം. സ്വന്തം സ്ഥലത്തുനിന്ന് ഇന്ത്യയും കൈയേറിയ സ്ഥലത്തുനിന്ന് ചൈനയും പിന്മാറാൻ തയ്യാറാവാത്തതോടെ ചർച്ചയിൽ ധാരണയിലെത്താനായില്ല. Content Highlights:India- China Indian Army
from mathrubhumi.latestnews.rssfeed https://ift.tt/2ES0mHH
via
IFTTT
No comments:
Post a Comment