കുമ്പള: എണ്ണമിൽ തൊഴിലാളിയെ വഴിയരികിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. മണിക്കൂറുകൾക്കുശേഷം സംഭവത്തിൽ മുഖ്യപ്രതിയായ യുവാവിന്റെ രണ്ട് സുഹൃത്തുക്കളെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. നായ്ക്കാപ്പ് മുജങ്കാവ് സുന്നാഗുലി റോഡിലെ പരേതനായ മാധവയുടെയും ഷീലയുടെയും മകൻ ഹരീഷിനെ (38) ആണ് തിങ്കളാഴ്ച അർധരാത്രിയിൽ വെട്ടേറ്റ് ചോരവാർന്ന് മരിച്ചനിലയിൽ കണ്ടത്. കുമ്പള കുണ്ടങ്കാറടുക്ക എസ്.ടി. കോളനിയിലെ കൂലിത്തൊഴിലാളികളായ രോഷൻ (20), മണി (20) എന്നിവരെയാണ് ചൊവ്വാഴ്ച സന്ധ്യയ്ക്ക് ആറരയോടെ വീട്ടിൽനിന്ന് രണ്ട് കിലോമീറ്റർ അകലെ കൃഷ്ണനഗർ കെ.ഡി. മൂലയിലെ കാട്ടിൽ രണ്ട് മരങ്ങളിലായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹരീഷിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതിയായ ശാന്തിപ്പള്ളത്തെ ശ്രീകുമാറിന്റെ സുഹൃത്തുക്കളാണിവരെന്ന് പോലീസ് പറഞ്ഞു. മിൽ ഉടമയുടെ ഡ്രൈവറാണ് ശ്രീകുമാർ. ശ്രീകുമാറിനെ ചൊവ്വാഴ്ച രാത്രി വൈകി പോലീസ് കസ്റ്റഡിയിലടുത്തു. വ്യക്തിവൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന.15 വർഷമായി സൂരംബയലിൽ ഭഗവതിപ്രസാദം എണ്ണമില്ലിൽ ജോലിക്കാരനായിരുന്നു ഹരീഷ്. പതിവായി നേരത്തെ വീട്ടിലെത്തിയിരുന്ന ഹരീഷ് തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞെത്താൻ വൈകിയപ്പോൾ കുടുംബാംഗങ്ങൾ മൊബൈൽഫോണിൽ വിളിച്ചുനോക്കിയിരുന്നുവെങ്കിലും കിട്ടിയില്ല. സുഹൃത്ത് മില്ലിലേക്ക് അന്വേഷിച്ച് പോയെങ്കിലും കണ്ടെത്തിയില്ല. പിന്നീട് വഴിയാത്രക്കാരാണ് റോഡിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന ഹരീഷിനെ കണ്ടത്. വിവരമറിഞ്ഞ് കുമ്പള പോലീസ് എത്തി ഹരീഷിനെ സഹകരണ ആസ്പത്രിയിലും പിന്നീട് കാസർകോട്ടെ സ്വകാര്യ ആസ്പത്രിയിലും എത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചതായി കുമ്പള ഇൻസ്‌പെക്ടർ പി. പ്രമോദ് പറഞ്ഞു.കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം ഹരീഷിന്റെ മൃതദേഹം സംസ്കരിച്ചു. അതിനുശേഷമാണ് രണ്ട് യുവാക്കൾ തൂങ്ങിമരിച്ചനിലയിൽ ഉണ്ടെന്ന വിവരം പോലീസിന് ലഭിക്കുന്നത്.യശ്വന്തിനിയാണ് ഹരീഷിന്റെ ഭാര്യ. സഹോദരങ്ങൾ: മുരളി, അശ്വിനി.കുണ്ടങ്കാറഡുക്കയിലെ ചേതന്റെയും ഗ്ലാഡിസിന്റെയും മകനാണ് രോഷൻ.ആനന്ദയുടെയും പ്രേമയുടെയും മകനാണ് മണി. രണ്ടുപേരുടെയും മൃതദേഹങ്ങൾ കാസർകോട് ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.
from mathrubhumi.latestnews.rssfeed https://ift.tt/2Q7zMw8
via
IFTTT
No comments:
Post a Comment