കൊച്ചി : സെക്രട്ടേറിയറ്റിലെ എല്ലാ വിഭാഗത്തിലും ഇ-ഓഫീസ് സംവിധാനം നടപ്പാക്കിയപ്പോഴും ഏറ്റവും കൂടുതല്‍ പേപ്പര്‍ ഫയലുകള്‍ സൂക്ഷിച്ചതു പ്രൊട്ടോക്കോള്‍ വകുപ്പിലാണ്. മറ്റു രാജ്യങ്ങളുമായുള്ള കരാറുകള്‍, വിദേശികളുടെ സന്ദര്‍ശനം, നയതന്ത്ര ബാഗേജ്, കോണ്‍സുലേറ്റുമായുള്ള എഴുത്തുകുത്തുകള്‍ തുടങ്ങിയവയെല്ലാം കടലാസ് പകര്‍പ്പായാണു സൂക്ഷിച്ചിരുന്നത്. പലതും കമ്പ്യൂട്ടറിലാക്കുന്നതു പ്രായോഗികമല്ലാത്തതാണു കാരണം.
തീപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍, കടലാസ് ഫയലുകളുടെ സൂക്ഷിപ്പില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ കഴിഞ്ഞ മാസം നിര്‍ദേശം നല്‍കിയിരുന്നു. വിവിധ സെക്ഷനുകളിലും ഓഫീസുകളിലുമുള്ള കബോര്‍ഡുകള്‍, റാക്കുകള്‍, അലമാരകള്‍ എന്നിവയ്ക്കു മുകളില്‍ ഫയലുകളും വിജ്ഞാപനങ്ങളും മറ്റും അടുക്കുന്നത് അഗ്നിബാധയ്ക്കു സാധ്യത കൂട്ടുമെന്നതിനാല്‍ അവ ഉടനടി നീക്കം ചെയ്യണമെന്നായിരുന്നു നിര്‍ദേശം. മറ്റൊരറിയിപ്പില്ലാതെ അവ ആരോഗ്യവിഭാഗം മുഖേന നീക്കംചെയ്യുമെന്ന് അറിയിച്ചിട്ടും പ്രൊട്ടോക്കോള്‍ വകുപ്പ് അവഗണിച്ചു.
വൈദ്യുതി കേബിളുകളുടെയും സ്വിച്ച് ബോര്‍ഡുകളുടെയും ഇലക്ട്രിക് ഉപകരണങ്ങളുടെയും സമീപത്തു തീപിടിക്കുന്ന വസ്തുക്കള്‍ സൂക്ഷിക്കരുത്, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കു മുകളിലും എ.സി, ഫാന്‍ തുടങ്ങിയവയ്ക്കു താഴെയും കടലാസുകളും പുസ്തകങ്ങളും മറ്റും വയ്ക്കരുത്, ഇലക്‌ട്രോണിക്/ഇലക്ട്രിക് ഉപകരണങ്ങളുടെ ഉപയോഗശേഷം വൈദ്യുതിബന്ധം വിഛേദിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിരുന്നു. ഇതില്‍ പലതും പ്രൊട്ടോക്കോള്‍ വിഭാഗത്തില്‍ അവഗണിക്കപ്പെട്ടു.
ഇലക്ട്രിക്, ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ അസ്വാഭാവിക ശബ്ദമോ തീപ്പൊരിയോ പുകയോ കണ്ടാല്‍ ഉടനടി വൈദ്യുതി വിഭാഗത്തില്‍ അറിയിക്കണമെന്നാണു നിര്‍ദേശം. മുന്‍ പ്രൊട്ടോക്കോള്‍ ഓഫീസര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനാല്‍ മൂന്നുദിവസമായി ഈ ഓഫീസ് അടച്ചിട്ടിരിക്കുകയായിരുന്നു. ഞായറാഴ്ച തുറന്നശേഷം ഫാന്‍ ഓഫാക്കാന്‍ മറന്നതാകാം അഗ്നിബാധയ്ക്കു കാരണമായതെന്നു സംശയിക്കുന്നു.
from mangalam.com https://ift.tt/3gz6PUo
via IFTTT
No comments:
Post a Comment