കൊച്ചി: സ്വര്‍ണം കള്ളക്കടത്തിലെ മുഖ്യഇടപാടുകാരന്‍ കെ.ടി. റമീസിനെ പരിചയപ്പെട്ടതു തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റില്‍ വച്ചാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ചോദ്യംചെയ്യലില്‍ സ്വപ്‌ന സുരേഷിന്റെ മൊഴി. അന്നു താനും പി.എസ്. സരിത്തും കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരായിരുന്നു. സരിത്താണ് തന്നെ റമീസിന് പരിചയപ്പെടുത്തിയത്. റമീസിനെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂ എന്നും സ്വപ്‌ന പറഞ്ഞു. ജൂണ്‍ 30ന് എത്തിയ ബാഗേജ് വിട്ടുകിട്ടാന്‍ അറ്റാഷെയുടെ ആവശ്യപ്രകാരമാണു കസ്റ്റംസ് ഓഫീസറെ വിളിച്ചത്.
അറ്റാഷെയുടെ പേരില്‍ വന്ന സ്വകാര്യ ബാഗേജായിരുന്നു അത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ ആ ദിവസങ്ങളില്‍ വിളിച്ചിട്ടില്ല. കോള്‍ ഡാറ്റകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. സ്വര്‍ണം പിടികൂടിയ ദിവസം താന്‍ ശിവശങ്കറെ വിളിച്ചിട്ടില്ല. എന്നാല്‍ ശിവശങ്കര്‍ വിളിച്ചിരുന്നു. അതു സ്വര്‍ണക്കടത്തുമായി ബന്ധമുള്ള വിഷയമായിരുന്നില്ല.
അതേസമയം, ഖത്തര്‍ വഴിയുള്ള ധനസഹായം നിലച്ചതോടെയാണു തീവ്രവാദ ആവശ്യങ്ങള്‍ക്കായി യു.എ.ഇ. വഴി കള്ളക്കടത്ത് ഊര്‍ജിതമായതെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. സുരക്ഷിതമാര്‍ഗം എന്നനിലയിലാണു കോണ്‍സുലേറ്റിലേക്കുള്ള ബാഗേജ് തെരഞ്ഞെടുത്തത്. വലിയ അളവില്‍ സ്വര്‍ണം കൊണ്ടുവരാമെന്ന സൗകര്യവും കാരണമായി. സ്വപ്‌ന തീവ്രവാദ സംഘടനകള്‍ക്കു വിവരം ചോര്‍ത്തി നല്‍കുന്ന ചാരപ്പണി ചെയ്തിരുന്നോ എന്ന് എന്‍.ഐ.എ. പരിശോധിക്കുന്നുണ്ട്. സര്‍ക്കാരിന്റെ ഉന്നതതല തീരുമാനങ്ങള്‍ പലതും സ്വപ്‌ന അപ്പപ്പോള്‍ അറിഞ്ഞിരുന്നു.
യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്നു സ്വപ്‌നയെ പുറത്താക്കിയിരുന്നില്ലെന്നും ഒഴിവാക്കിയെന്നു രേഖയുണ്ടാക്കി നിലനിര്‍ത്തിയെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കോണ്‍സുലേറ്റില്‍നിന്നും ഐടി വകുപ്പില്‍നിന്നും ഇവര്‍ ഒരേസമയം പ്രതിഫലം വാങ്ങിയിരുന്നു. ബാങ്ക് ലോക്കറില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണവും തുകയ്ക്കും കണക്കുണ്ടെന്നു സ്വപ്‌ന എന്‍ഫോഴ്‌സ്‌മെന്റിനെ അറിയിച്ചു. തന്റെയും സഹോദരന്റെയും വിവാഹവേളയില്‍ വാങ്ങിയ 120 പവന്‍ സ്വര്‍ണമാണുള്ളത്. 56 ലക്ഷം രൂപ സ്ഥിരനിക്ഷേപമാണ്.
അതിന്റെ പലിശയുള്‍പ്പെടെയാണ് ഇപ്പോഴത്തെ തുക. കൂടാതെ 2000 ഡോളര്‍ െകെയിലുണ്ട്. 35 വര്‍ഷം തന്റെ മാതാപിതാക്കള്‍ അബുദാബി രാജകുടുംബത്തിലാണു ജോലിചെയ്തത്. കോണ്‍സുലേറ്ററുടെയും അറ്റാഷെയുടെയും കുടുംബങ്ങളുമായി വ്യക്തിബന്ധമുണ്ട്. ഇന്ത്യയിലെ എല്ലാ ആവശ്യങ്ങള്‍ക്കും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ തന്നെയാണു ദ്വിഭാഷിയായി കൂട്ടാറുള്ളത്. ഇവരോടൊപ്പം ഷോപ്പിങിനു പോകുമ്പോള്‍ പലതും സമ്മാനമായി നല്‍കിയിട്ടുണ്ട്. അവര്‍ വിളിക്കുമ്പോഴോക്കെ താന്‍ സഹായിച്ചിട്ടുണ്ടെന്നും സ്വപ്‌ന മൊഴി നല്‍കി.
from mangalam.com https://ift.tt/2EXb0fR
via IFTTT
No comments:
Post a Comment