തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയില്‍നിന്നു രണ്ടു കോടി രൂപ തട്ടിയെടുത്ത കേസില്‍ സീനിയര്‍ അക്കൗണ്ടന്റ് ബിജുലാല്‍ നാലുദിവസത്തെ ഒളിച്ചുകളിക്കുശേഷം ക്രൈംബ്രാഞ്ചിന്റെ പിടിയില്‍. ഇന്നലെ ഉച്ചയ്ക്കു വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. രണ്ടേമുക്കാല്‍ കോടി രൂപ മോഷ്ടിച്ചതായി പ്രാഥമിക ചോദ്യംചെയ്യലില്‍ ബിജുലാല്‍ സമ്മതിച്ചു.
മുന്‍ ട്രഷറി ഓഫീസര്‍തന്നെയാണ് യൂസര്‍ ഐഡിയും പാസ്‌വേഡും നല്‍കിയതെന്നാണു ബിജുലാലിന്റെ മൊഴി. ഒരു ദിവസം ട്രഷറി ഓഫീസര്‍ നേരത്തെ വീട്ടില്‍ പോയപ്പോഴാണ് കമ്പ്യൂട്ടര്‍ ഓഫാക്കാന്‍ പാസ്‌വേഡ് പറഞ്ഞുതന്നത്. മാര്‍ച്ചിലായിരുന്നു ഇതെന്നും മൊഴിയില്‍ പറയുന്നു. ട്രഷറി ഓഫീസര്‍ അവധിയില്‍ പോയശേഷം ഏപ്രിലില്‍ പണം പിന്‍വലിച്ചു. ആദ്യം 75 ലക്ഷവും പിന്നീട് രണ്ടു കോടിയുമാണ് പിന്‍വലിച്ചത്. ആദ്യം തട്ടിയ പണം ഭൂമി വാങ്ങാന്‍ സഹോദരിക്ക് അഡ്വാന്‍സ് നല്‍കി. ഭാര്യക്കു സ്വര്‍ണവും വാങ്ങി. ബാക്കി പണം ചീട്ടുകളിക്കാണ് ഉപയോഗിച്ചത്.
ഡിസംബര്‍ മുതലേ മോഷണം തുടങ്ങിയിരുന്നെന്നും ബിജുലാല്‍ അന്വേഷണസംഘത്തോടു സമ്മതിച്ചു. അതേസമയം, താന്‍ ആര്‍ക്കും പാസ്‌വേഡ് നല്‍കിയിട്ടില്ലെന്ന് ട്രഷറി ഓഫീസര്‍ ഭാസ്‌കരന്‍ പറഞ്ഞു. കമ്പ്യൂട്ടര്‍ ഓഫാക്കണമെങ്കില്‍ ചുമതലപ്പെടുത്തുക അഡ്മിനിസ്‌ട്രേറ്ററെയാണെന്നും അദ്ദേഹം വിശദീകരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ 13-ന് കോടതി പരിഗണിക്കാനിരിക്കെയാണ് ബിജുലാല്‍ അഭിഭാഷകന്റെ ഓഫീസിലെത്തിയത്.
അവിടെവച്ച് മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. പണം തട്ടിയെടുത്തിട്ടില്ലെന്നും വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചിട്ടില്ലെന്നുമായിരുന്നു അറസ്റ്റിനു തൊട്ടുമുമ്പുവരെ ബിജുലാല്‍ മാധ്യമങ്ങളോടു പറഞ്ഞത്. അതിനിടെ, ബിജുലാലിനെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ പി.എസ്.സിയുടെയും നിയമവകുപ്പിന്റെയും അനുമതി തേടി.
from mangalam.com https://ift.tt/2DGQwqN
via IFTTT
No comments:
Post a Comment