തിരുവനന്തപുരം: രാഷ്ട്രീയവിവാദങ്ങളും സർക്കാരിനെതിരേ പ്രതിപക്ഷ ആരോപണങ്ങളും ശക്തമായി ഉയരുന്ന ഘട്ടത്തിൽ ചേർന്ന ഇടതുമുന്നണി യോഗം ഇക്കാര്യങ്ങളൊന്നും ചർച്ചചെയ്യാതെ പിരിഞ്ഞു. ജോസ് കെ. മാണിമുതൽ ശിവശങ്കർവരെയുള്ള കാര്യങ്ങളിൽ സി.പി.എമ്മിനോട് പരസ്യമായി കലഹിച്ച സി.പി.ഐ. യോഗത്തിൽ ഇക്കാര്യങ്ങളൊന്നും മിണ്ടിയില്ല. കൺസൽട്ടൻസി നിയമനങ്ങളിൽ സുതാര്യത വേണമെന്നാണ് സി.പി.ഐ. ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, യോഗത്തിൽ അധ്യക്ഷതവഹിച്ച കാനം രാജേന്ദ്രൻ വിവാദങ്ങളെക്കുറിച്ച് പരാമർശിക്കുകപോലും ചെയ്തില്ല. സർക്കാരിലും മുന്നണിയിലും ഘടകകക്ഷികൾക്ക് പരിഗണന കിട്ടണമെന്ന് കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. പരാതിയോ പരിഭവമോ ആയല്ല ഇക്കാര്യം പറയുന്നതെന്ന ആമുഖത്തോടെയാണ് ഗണേഷ് സംസാരിച്ചത്. മുന്നണിയോഗമാണ് ഇക്കാര്യങ്ങൾ പറയാനുള്ള വേദി എന്നതുകൊണ്ടാണ്. അർഹമായ പരിഗണന കേരള കോൺഗ്രസിനു ലഭിക്കുന്നില്ല. യു.ഡി.എഫിലായിരുന്നപ്പോൾ മന്ത്രിസ്ഥാനമടക്കം പാർട്ടിക്ക് ലഭിച്ചതാണ്. ഇപ്പോഴുള്ളത് മുന്നാക്കവികസന കോർപറേഷനാണ്. അതിന് കാബിനറ്റ് പദവിയുണ്ട് എന്നത് സത്യമാണ്. പക്ഷേ, പണമോ പ്രവർത്തനമോ ഇല്ല -ഗണേഷ് കുമാർ പറഞ്ഞു. ഇത് തന്റെ അഭിപ്രായമായി അവതരിപ്പിച്ചതല്ലെന്നും പാർട്ടി ചെയർമാനായ ആർ. ബാലകൃഷ്ണപിള്ള നിർദേശിച്ചതനുസരിച്ചാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കരിപ്പൂർ വിമാനത്താവളം സന്ദർശിക്കേണ്ടിവന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് ആർക്ക് നൽകണമെന്നതായിരുന്നു ഒരു അജൻഡ. എം.പി. വീരേന്ദ്രകുമാറിന്റെ വിയോഗത്തെ തുടർന്നുണ്ടായ ഒഴിവ് എൽ.ജെ.ഡി.ക്കു നൽകണമെന്നാണ് സി.പി.എമ്മിന്റെ അഭിപ്രായമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇതിനോട് എല്ലാ ഘടകകക്ഷികളും യോജിച്ചു. അടുത്ത് ഒഴിവുവരുന്ന സീറ്റ് എൻ.സി.പി.ക്കു നൽകണമെന്ന ആവശ്യം ടി.പി. പീതാംബരൻ ഉന്നയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തണമെന്ന് യോഗം തീരുമാനിച്ചു. നവംബറിലെങ്കിലും തിരഞ്ഞെടുപ്പ് നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോടിയേരി വിശദീകരിച്ചു. തദ്ദേശസ്ഥാപനങ്ങൾ ഉദ്യോഗസ്ഥ സംവിധാനത്തിലാക്കുന്നതിനോട് യോജിപ്പില്ല. രോഗപ്രതിരോധ പ്രവർത്തനം, ദുരിതാശ്വാസ പ്രവർത്തനം എന്നിവയെല്ലാം മുന്നണിപ്രവർത്തകർ ഏറ്റെടുക്കണം. ഇതാണ് തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ പ്രധാന ഭാഗമെന്നും യോഗം വിലയിരുത്തി.
from mathrubhumi.latestnews.rssfeed https://ift.tt/2PAN4RB
via
IFTTT
No comments:
Post a Comment