ബെംഗളൂരു: നിധിയുണ്ടെന്ന് വിശ്വസിച്ച് 600 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ കുഴിയെടുക്കുമ്പോൾ, ഒമ്പതംഗസംഘത്തിലെ യുവാവ് കരിങ്കൽത്തൂണുവീണ് മരിച്ചു. മറ്റ് മൂന്നുപേർക്ക് കരിങ്കൽപ്പാളികൾ അടർന്നുവീണ് ഗുരുതരമായി പരിക്കേറ്റു. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട അഞ്ചുപേർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. വ്യാഴാഴ്ച രാത്രി മൂന്നുമണിയോടെയാണ് ക്ഷേത്രത്തിന്റെ തറ കുഴിക്കുന്നതിനിടെ തൂണുകളും കരിങ്കൽപ്പാളികളും അടർന്നുവീണത്. ഹൊസ്കോട്ട ഹിൻഡിഗാനല ഗ്രാമത്തിലെ സരോവര ആഞ്ജനേയസ്വാമി ക്ഷേത്രത്തിലാണ് സംഭവം. പ്രദേശവാസിയായ സുരേഷ് (23) ആണ് മരിച്ചത്. ഇയാളുടെ കൂട്ടാളികളായ ശ്രീനിവാസ്, മഞ്ജുനാഥ്, സെബാസ്റ്റ്യൻരാജരത്ന എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. അപകടം നടന്നതോടെ ആംബുലൻസ് വിളിച്ചശേഷം മറ്റുള്ള അഞ്ചുപേർ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ എത്തിയപ്പോഴാണ് തകർന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ യുവാക്കൾ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. തുടർന്ന് പോലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. സുരേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമായതിനാൽ ക്ഷേത്രത്തിന്റെ തറയ്ക്കുതാഴെ നിധിയുണ്ടെന്ന് കാലങ്ങളായി ഗ്രാമവാസികൾക്കിടയിൽ പ്രചരിച്ചിരുന്നു. മൂന്നുമാസംമുമ്പ് ഇതേക്ഷേത്രത്തിൽ കുഴിക്കാനുള്ള ശ്രമം നടത്തിയിരുന്നു. ചില വിഗ്രഹങ്ങൾ മോഷണംപോകുകയും ചെയ്തു. വ്യാഴാഴ്ച രാത്രി 11-നും പുലർച്ചെ മൂന്നിനുമിടയിലാണ് യുവാക്കളുടെ സംഘം ക്ഷേത്രത്തിലെത്തിയതെന്ന് പോലീസ് പറഞ്ഞു. അടിത്തറയിളകിയതോടെ തൂണുകളും കൽപ്പാളികളും താഴേക്ക് പതിക്കുകയായിരുന്നു. ഒമ്പതംഗസംഘം ഏറെക്കാലമായി നിധിവേട്ട ലക്ഷ്യമിട്ട് പ്രദേശം നിരീക്ഷിച്ചുവരുകയായിരുന്നെന്നാണ് പോലീസിന്റെ നിഗമനം. മുസരി വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രമാണിത്.
from mathrubhumi.latestnews.rssfeed https://ift.tt/31BgMev
via
IFTTT
No comments:
Post a Comment