തിരുവനന്തപുരം: നിയമസഭയിൽ യു.ഡി.എഫ്. നൽകിയ വിപ്പ് ലംഘിക്കുകകൂടി ചെയ്തതോടെ കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗവുമായി ഒത്തുതീർപ്പ് എന്ന മുന്നണിയുടെ പ്രതീക്ഷയറ്റു. സെപ്റ്റംബർ മൂന്നിനു ചേരുന്ന യു.ഡി.എഫ്. നേതൃയോഗം ജോസ് വിഭാഗത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്കു നീങ്ങും. യു.ഡി.എഫ്. യോഗങ്ങളിൽനിന്നു മാത്രമല്ല, മുന്നണിയിൽനിന്നുതന്നെ പുറത്താക്കുകയെന്ന തീരുമാനത്തിലേക്കാണ് നേതൃത്വം നീങ്ങുന്നത്. സർക്കാരിനെതിരായ അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്യണമെന്നു കാണിച്ച് യു.ഡി.എഫും കേരള കോൺഗ്രസ് പി.ജെ. ജോസഫ് വിഭാഗവും ജോസ് വിഭാഗം എം.എൽ.എ.മാർക്ക് വിപ്പ് നൽകിയിരുന്നു. മറുപടിയായി ജോസ് വിഭാഗത്തിലെ റോഷി അഗസ്റ്റിൻ, ജോസഫ് വിഭാഗം എം.എൽ.എ.മാർക്ക് വിട്ടുനിൽക്കാനും വിപ്പ് നൽകി. പാർട്ടി പിളർന്നതിനാൽ ഇരുവിഭാഗവും തങ്ങളുടെ വിപ്പിനാണ് നിയമപരമായ പ്രാബല്യമെന്ന് അവകാശപ്പെടുന്നുണ്ട്. ജോസ് വിഭാഗത്തിലെ റോഷി അഗസ്റ്റിനും എൻ. ജയരാജും തിങ്കളാഴ്ച സഭയിൽ ഹാജരായില്ല. മാത്രമല്ല, ഒരിക്കൽ പുറത്താക്കിയ തങ്ങൾക്ക് എങ്ങനെ വിപ്പ് നൽകാൻ യു.ഡി.എഫിനു കഴിയുമെന്ന് ജോസ് കെ. മാണി ചോദിച്ചു. വിപ്പ് ലംഘിച്ചതിന്റെപേരിൽ ഇരു വിഭാഗവും മറുഭാഗത്തെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകും. സ്പീക്കറുടെ തീരുമാനമാണ് അന്തിമം. എന്നാൽ, പാർട്ടിയിലെ പിളർപ്പിനെത്തുടർന്ന് ഏതു വിഭാഗമാണ് ഔദ്യോഗികമെന്ന കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീർപ്പ് വരാനുണ്ട്. കമ്മിഷന്റെ തീർപ്പ് വരുന്നതിനുമുമ്പ് സ്പീക്കർ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സാധ്യതയുമില്ല. ആദ്യംമുതൽ മധ്യസ്ഥറോളിലുള്ള പി.കെ. കുഞ്ഞാലിക്കുട്ടി ജോസ് വിഭാഗത്തെ യു.ഡി.എഫിൽത്തന്നെ നിലനിർത്താനുള്ള ശ്രമം നടത്തിവരുകയാണ്. കേരള കോൺഗ്രസിന് രണ്ട് എം.പി.മാർ കൂടിയുള്ളതിനാൽ യു.പി.എ.യ്ക്കും ഇക്കാര്യത്തിൽ താത്പര്യമുണ്ട്. കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെടലിലൂടെ പ്രശ്നപരിഹാരത്തിനുള്ള ശ്രമം നടത്തിയെങ്കിലും ഫലപ്രതീക്ഷ കുറവാണെന്ന് മധ്യസ്ഥർ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2Eu7dXg
via
IFTTT
No comments:
Post a Comment