ആലുവ: നാണയം വിഴുങ്ങിയ മൂന്നു വയസുകാരനുമായി മൂന്നു സര്‍ക്കാര്‍ ആശുപത്രികള്‍ കയറിയിറങ്ങിയിട്ടും ജീവന്‍ രക്ഷിക്കാനായില്ല. ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ചികിത്സ നിഷേധിക്കപ്പെട്ടതായി പരാതി.
ആലുവ കടുങ്ങല്ലൂര്‍ വളഞ്ഞമ്പലം കൊടിമുറ്റത്ത് വാടകയ്ക്കു താമസിക്കുന്ന കൊല്ലം നെല്ലേറ്റില്‍ തോണിപ്പാറ ലക്ഷംവീട് കോളനിയില്‍ രാജുവിന്റെയും നന്ദിനിയുടെയും മകന്‍ പൃഥ്വിരാജാണു മരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് കുട്ടി ഒരു രൂപ നാണയം വിഴുങ്ങിയത്. 11 മണിയോടെ മാതാവും മുത്തശിയും ചേര്‍ന്ന് ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എക്‌സറേയില്‍ നാണയം ആമാശയത്തില്‍ കണ്ടിട്ടും പഴമടങ്ങിയ ഭക്ഷണം നല്‍കാന്‍ നിര്‍ദേശിച്ചു മടക്കിയയച്ചു. ശസ്ത്രക്രിയ ആവശ്യമായാല്‍ കുട്ടികളുടെ സര്‍ജന്‍ ഇല്ലെന്നും അറിയിച്ചു.
തുടര്‍ന്ന് കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചു. അവിടെ മണിക്കൂറുകള്‍ ചെലവഴിച്ച ശേഷം വിദഗ്ധ ചികിത്സയ്‌ക്കെന്ന പേരില്‍ ആംബുലന്‍സില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്കു മാറ്റി. കണ്ടെയ്ന്‍മെന്റ് സോണില്‍നിന്നായതിനാല്‍ അഡ്മിറ്റ് ചെയ്യാനാകില്ലെന്നും ഓപ്പറേഷന്‍ വേണ്ടെന്ന നിലപാടിലുമായിരുന്നു അവിടെ ആശുപത്രി അധികൃതരെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. രണ്ടു ദിവസത്തിന് ശേഷം എത്താനും നിര്‍ദേശിച്ചു. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ കുട്ടിയുമായി രക്ഷിതാക്കള്‍ ആലുവയിലെ വീട്ടിലെത്തി.
രാവിലെ ആറരയായിട്ടും കുട്ടി ഉണരാത്തതിനെത്തുടര്‍ന്ന് ആലുവ ജില്ലാ ആശുപത്രിയില്‍ വീണ്ടുമെത്തിച്ചു. ഇവിടെ എത്തിച്ചു പത്തു മിനിറ്റിനു ശേഷം കുട്ടി മരിച്ചതായി രക്ഷിതാക്കള്‍ പറഞ്ഞു. സംഭവമറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടി. കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവാണ്. മൃതദേഹം ഇന്ന് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. കര്‍ണാടക സ്വദേശിയായ രാജു ജോലി സംബന്ധമായി ബംഗളൂരുവിലാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മന്ത്രി കെ.കെ. െശെലജ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു നിര്‍ദേശം നല്‍കി.
അതിനിടെ, എറണാകുളം ജനറല്‍ ആശുപത്രി കോവിഡ് ആശുപത്രി ആയതിനാലാണ് കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് അയച്ചതെന്നു സൂപ്രണ്ട് അറിയിച്ചു. പീഡിയാട്രിക് സര്‍ജന്‍ ഇല്ലാത്തതിനാലും വിദഗ്ധ ചികിത്സക്കായിട്ടുമാണ് കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് അയച്ചതെന്ന് ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ടും വിശദീകരിച്ചു. കുട്ടിക്കു ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു.
from mangalam.com https://ift.tt/2Pl079o
via IFTTT
No comments:
Post a Comment