എം.എസ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കുമ്പോൾ ബാക്കിയാക്കുന്നത് ഒരുപിടി ക്യാപ്റ്റൻസി റെക്കോഡുകൾ മാത്രമല്ല. തന്റേതായ മുദ്ര പതിപ്പിച്ച ക്രിക്കറ്റ് സ്റ്റൈൽ കൂടിയാണ്. കളിക്കളത്തിലെ വ്യത്യസ്തമായ പെരുമാറ്റരീതിയും കളിയോടുള്ള സമീപനവും വഴി ക്യാപ്റ്റൻ കൂളിന് സ്വന്തമാക്കാനായത് ക്രിക്കറ്റ്പ്രേമികളുടെ ഹൃദയം കൂടിയാണ്. സച്ചിനുശേഷം ഇന്ത്യൻ ക്രിക്കറ്റിൽ വിരാട് കോലിയേക്കാൾ വലിയ ഫാൻബേസ് ധോനിക്കു നേടാൻ കഴിഞ്ഞിട്ടുണ്ടെന്നുവേണം കരുതാൻ. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇനിയില്ലെങ്കിലും ഐ.പി.എൽ ഉൾപ്പെടെയുള്ള ടൂർണമെന്റുകളിൽ കളിതുടരുമെന്ന ധോനിയുടെ പ്രഖ്യാപനം പ്രതീക്ഷയോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. ധോനി എന്തുകൊണ്ട് ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനാകുന്നു എന്ന ചോദ്യത്തിന് ഉത്തരം വളരെ ലളിതമാണ്. പ്രതിസന്ധി ഘട്ടത്തിൽ രാഹുൽ ദ്രാവിഡിൽനിന്ന് ഉത്തരവാദിത്തം ഏറ്റെടുത്തതിനു ശേഷം ടീം ഇന്ത്യയുടെ നേടിയ വിജയങ്ങളുടെ പട്ടിക മാത്രം പരിശോധിച്ചാൽ ഇതിനുള്ള ഉത്തരം ലഭിച്ചേക്കും. എന്നാൽ വിജയങ്ങളിൽമാത്രം ഒതുങ്ങിനിൽക്കുന്നതല്ല എം.എസ്. ധോനി എന്ന നായകന്റെ വ്യക്തിപ്രഭാവം. അതുകൊണ്ടുതന്നെയാണ് ധോനി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഒരു ടീമിനെ നയിച്ച നായകനായതും. ഐ.സി.സിയുടെ മൂന്ന് പ്രധാന ടൂർണമെന്റുകൾ സ്വന്തമാക്കിയ ഒരേയൊരു ക്യാപ്റ്റനാണ് ധോനി. 2007-ലെ പ്രഥമ ട്വന്റി-20 ലോകകപ്പും 2011-ലെ ഏകദിന ലോകകപ്പും 2013-ലെ ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യ നേടുമ്പോൾ നായകൻ ധോനിയായിരുന്നു. 2011- െലോകകപ്പിനുശേഷം നടന്ന പരമ്പരയിൽ ഇംഗ്ലണ്ടിനെതിരേ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയ ടീം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി നേടുന്ന കാഴ്ച പലരും അമ്പരപ്പോടെയാണ് നോക്കിക്കണ്ടത്. 2010-ലും 2016-ലും ഇന്ത്യ ഏഷ്യാക്കപ്പ് ചാമ്പ്യന്മാരായതും ധോനിയുടെ നേതൃമികവിലായിരുന്നു. 332 അന്താരാഷ്ട്ര മത്സരങ്ങളിലാണ് ധോനി ഇന്ത്യയെ നയിച്ചത്. 200 ഏകദിനത്തിലും 60 ടെസ്റ്റ് മത്സരങ്ങളിലും 72 ട്വന്റി-20 മത്സരങ്ങളിലും. ഇതിൽ 178 എണ്ണത്തിലും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ബാറ്റിങ് ഓഡറിൽ ഏറെ താഴെയായാണ് ഇറങ്ങുന്നതെങ്കിലും ഇന്ത്യയ്ക്കുവേണ്ടി 10,000 ഏകദിന റൺസ് നേടിയവരുടെ പട്ടികയിൽ ധോനിയുമുണ്ട്. ഏകദിനത്തിലെ മികച്ച ഫിനിഷർ കൂടിയായ ധോനി 84 മത്സങ്ങളിൽ പുറത്താകാതെ നിന്നതിന്റെ റെക്കോഡിനും ഉടമയാണ്. ക്യാപ്റ്റനെന്ന നിലയിൽ ധോനി നേടിയ 204 സിക്സറുകളുടെ റെക്കോഡ് എളുപ്പത്തിൽ തകർക്കപ്പെടാനിടയില്ല. 2006 മുതൽ 2015 വരെ തുടർച്ചയായ 10 വർഷങ്ങളിൽ ഐ.സി.സി റാങ്കിങിൽ ആദ്യ 10-ൽ ഇടംനേടിയ മറ്റൊരു ബാറ്റ്സ്മാൻ ഇല്ലെന്നത് ശ്രദ്ധേയമാണ്. ഏകദിന ക്രിക്കറ്റിൽ വിക്കറ്റിനു പിന്നിൽ പുറത്താക്കിവരുടെ എണ്ണത്തിൽ ദക്ഷിണാഫ്രിക്കയുടെ മാർക്ക് ബൗച്ചറിന്റെയും ആദം ഗിൽക്രിസ്റ്റിനും പിന്നിലാണ് ധോനി. എന്നാൽ വിക്കറ്റ് കീപ്പർമാരുടെ കഴിവിനെ അളക്കാവുന്ന സ്റ്റംപിങിന്റെ കാര്യം വരുമ്പോൾ കണക്കുകൾ മറ്റൊന്നാണ്. 350 ഏകദിന മത്സരങ്ങളിൽനിന്നായി തന്റെ സ്വതസിദ്ധമായ മിന്നൽ സ്റ്റമ്പിങിലൂടെ ധോനി പുറത്താക്കിയത് 123 പേരെയാണ്. ഏകദിനത്തിൽ 100-നുമേൽ ബാറ്റ്സ്മാൻമാരെ സ്റ്റമ്പിങിലൂടെ പുറത്താക്കിയ ഏക വിക്കറ്റ് കീപ്പർ ധോനിയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിലും ധോനിയുടെ ക്യാപ്റ്റൻസി റെക്കോഡ് മറ്റാർക്കും എത്തിപ്പിടിക്കാനായിട്ടില്ല. 12 വർഷമായി ചെന്നൈ സൂപ്പർകിങ്സിന്റെ നായകനായി തുടരുന്ന ധോനി ടീമിനെ നാലു തവണ കിരീട നേട്ടത്തിലും അതിലേറെ തവണ ഫൈനലിലും എത്തിച്ചിട്ടുണ്ട്. ഐ.പി.എല്ലിൽ ഇതുവരെ 4432 റൺസും ധോനി നേടിയിട്ടുണ്ട്. തലയുടെ ആട്ടം ഇനിയും കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ധോനിയും സംഗക്കാരയും; ഒരു താരതമ്യം വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻമാർ നായക സ്ഥാനത്ത് ധോനിക്ക് മുൻപും ശേഷവും എത്തിയിട്ടുണ്ട്. സമകാലികരുടെ പട്ടികയിൽ ധോനിയുമായി താരതമ്യം ചെയ്യാൻ ഏറ്റവും അർഹതപ്പെട്ടയാൾ ശ്രീലങ്കയുടെ കുമാർ സംഗക്കാരയാണ്. ബാറ്റ്സ്മാൻ എന്ന നിലയിൽ പരിഗണിക്കുമ്പോൾ കരിയർ റെക്കോർഡുകളുടെ കാര്യത്തിൽ ധോനിയേക്കാൾ ഒരുപടി മുന്നിലാണ് കുമാർ സംഗക്കാര. 134 ടെസ്റ്റ് മത്സരങ്ങളും 404 ഏകദിന മത്സരങ്ങളും കളിച്ചിട്ടുള്ള സംഗക്കാര രണ്ടു ഫോർമാറ്റിലും പതിനായിരത്തിലേറെ റൺസ് നേടിയിട്ടുള്ള ഒരേയൊരു വിക്കറ്റ്കീപ്പർ ബാറ്റ്സ്മാനാണ്. എന്നാൽ മിക്കപ്പോഴും ബാറ്റിങ് ഓഡറിൽ വൈകി ഇറങ്ങുന്ന ധോനിയുടെ ഏകദിനത്തിലെ ശരാശരി 50-നു മുകളിലാണ്. ഒരുപക്ഷെ ടോപ്പ് ഓഡറിൽ ഇറങ്ങിയിരുന്നെങ്കിൽ മറ്റുപല ബാറ്റിങ് റെക്കോഡുകളും തകർക്കാനുള്ള പ്രഹരശേഷി ധോനിക്കുണ്ടായിരുന്നുവെന്നു പറഞ്ഞാൽ അത്ഭുതപ്പെടേണ്ടതില്ല. വിക്കറ്റിനു പിന്നിലെ കണക്കുകളും ക്യാപ്റ്റൻസി റെക്കോർഡുകളും പരിഗണിക്കുമ്പോൾ ധോനിയുടെ മികവിന്റെ തലം മറ്റൊന്നാണെന്ന് മനസിലാക്കാനാവും. വിവിധ ഫോർമാറ്റുകളിലായി 594 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള സംഗക്കാര 678 പേരെയാണ് പുറത്താക്കിയിട്ടുള്ളത്. 539 ക്യാച്ചും 139 സ്റ്റംപിങും ഇതിൽ ഉൾപ്പെടുന്നു. അതേസമയം 538 മത്സങ്ങളിൽനിന്നായി 829 പേരെയാണ് ധോനി പുറത്താക്കിയത്. 634 ക്യാച്ചും 195 സ്റ്റംപിങും ഉൾപ്പെടെയാണിത്. Content Highlights:MS Dhoni Captain Cool Indian Team
from mathrubhumi.latestnews.rssfeed https://ift.tt/3g52BDQ
via
IFTTT
No comments:
Post a Comment