തിരുവനന്തപുരം/കൊച്ചി: സംസ്ഥാനത്ത് മഴ കനത്തു. മലയോര, വനമേഖലകളില്‍ പേമാരി. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്റെ ഫലമായി കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിലെ കിഴക്കന്‍ മലമേഖലകളില്‍ മഴ കോരിച്ചൊരിയുന്നു. ഇന്നും നാളെയും തീവ്രമഴ പെയ്യുമെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം.
വടക്കന്‍ കേരളത്തില്‍ ശക്തി കുറയുമെങ്കിലും പാലക്കാട് മുതല്‍ തെക്കോട്ടുള്ള ജില്ലകളിലെ മലയോര പ്രദേശങ്ങളില്‍ മഴ കനക്കുമെന്നാണു കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഗവേഷകര്‍ നല്‍കുന്ന വിവരം. ഇടുക്കി വനമേഖലയില്‍ ഇന്നും നാളെയും കനത്ത മഴ പ്രതീക്ഷിക്കുന്നു. ഇത് ഉരുള്‍പൊട്ടലിനും മലവെള്ളപ്പാച്ചിലിനും ഇടയാക്കും. പെരിയാര്‍ അടക്കമുള്ള നദികളില്‍ കൂടുതല്‍ വെള്ളമെത്തും.
ഇന്നലെ ഏറ്റവും കൂടുതല്‍ മഴ പെയ്തത് വയനാട്ടില്‍ കഴിഞ്ഞവര്‍ഷം ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയിലാണ്; 24 മണിക്കൂറില്‍ 53 സെന്റി മീറ്റര്‍. സമാനമായ സാഹചര്യമാകും ഇടുക്കിയിലുണ്ടാകുക. മണിക്കൂറില്‍ 50 കിലോമീറ്ററിലധികം വേഗത്തില്‍ വീശുന്ന കാറ്റാണ് മണ്‍സൂണ്‍ മേഘങ്ങളുടെ ഗതി നിര്‍ണയിക്കുന്നത്. നാളെ കഴിഞ്ഞ് മഴയുടെ ശക്തി കുറഞ്ഞേക്കും.
നാലു ദിവസം കൂടി മഴയുണ്ടാകുമെന്നും പ്രളയസാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മിഷന്‍ അറിയിച്ചു. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കനത്ത മഴ ഭവാനി, കബനി നദികളിലെ ജലനിരപ്പ് ഉയര്‍ത്തും. പെരിയാര്‍ തടത്തില്‍ ശക്തമായ മഴ ലഭിക്കും. ഒമ്പതോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാം നൂനമര്‍ദം രൂപപ്പെട്ടാല്‍ അതിശക്തമായ മഴ പത്തു വരെ തുടരും.
ഇടുക്കി, വയനാട് ജില്ലകളിലെ ദുരന്തസാധ്യതാ മേഖലകളില്‍ താമസിക്കുന്നവരെ മുന്‍കരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്കു നിര്‍ബന്ധപൂര്‍വം മാറ്റാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. ദുരിതാശ്വാസ ക്യാമ്പുകളില്‍ കോവിഡ് മാനദണ്ഡപ്രകാരമുള്ള സംവിധാനങ്ങളുണ്ടാകണം.
ക്വാറെന്റെനില്‍ കഴിയുന്നവര്‍, രോഗലക്ഷണമുള്ളവര്‍, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതല്‍ അപകട സാധ്യതയുള്ളവര്‍, രോഗസാധ്യത കുറഞ്ഞവര്‍ എന്നിങ്ങനെ നാലു തരത്തില്‍ ക്യാമ്പുകള്‍ സജ്ജമാക്കണം. കടലാക്രമണത്തിനു സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
from mangalam.com https://ift.tt/2Dj8Erh
via IFTTT
No comments:
Post a Comment