പുണെ: ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ (ബി.ആർ.ഒ.) മലയാളി ചീഫ് എൻജിനിയറുടെ നേതൃത്വത്തിൽ ലോകത്തെ ഏറ്റവും നീളം കൂടിയ ഹൈ ആൾട്ടിറ്റ്യൂഡ് ഹൈവേ തുരങ്കത്തിന്റെ പണി പൂർത്തിയായി. മണാലി-ലഡാക്ക് ഹൈവേയിലെ രോതംഗ് ചുരത്തിലെ മഞ്ഞു മലകൾക്കടിയിലൂടെയാണ് 9.02 കിലോമീറ്റർ ദൂരത്തിലുള്ള അടൽ ടണൽ. ഇതിന്റെ ഉദ്ഘാടനം അടുത്ത മാസം നടന്നേക്കും. അതിർത്തിയിലെ സുരക്ഷാ സന്നാഹങ്ങൾക്ക് ആക്കംകൂട്ടുന്ന തുരങ്കത്തിന്റെ പണി കണ്ണൂർ സ്വദേശിയായ ബി.ആർ.ഒ. ചീഫ് എൻജിനിയർ കെ.പി. പുരുഷോത്തമൻ യുദ്ധകാലാടിസ്ഥാനത്തിലാണ് പൂർത്തിയാക്കിയിട്ടുള്ളത്. മഞ്ഞുകാലത്ത് ആറുമാസത്തോളം അടഞ്ഞു കിടക്കുന്ന രോതംഗ് ചുരം ഒഴിവാക്കി അടൽ ടണൽ വഴി യാത്രചെയ്യാം. ലഡാക്കിലേക്കുള്ള ദൂരം 46 കിലോമീറ്റർ കുറയുകയും ചെയ്യും. അതിർത്തിയിലേക്ക് അടിയന്തരഘട്ടത്തിൽ കൂടുതൽ യുദ്ധസാമഗ്രികൾ കാലതാമസം കൂടാതെ എത്തിക്കാൻ ഈ ടണൽ സഹായകമാകും. അതിർത്തിയിലെ റോഡ് നിർമാണങ്ങളിലെ മികച്ച സേവനങ്ങൾക്ക് കഴിഞ്ഞ വർഷം രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ നേടിയ കെ.പി. പുരുഷോത്തമൻ കണ്ണൂർ ജില്ലയിലെ ഏച്ചൂർ സ്വദേശിയാണ്. കഴിഞ്ഞ 33 വർഷങ്ങളായി ബി.ആർ.ഒ.യിൽ ജോലിചെയ്യുന്ന അദ്ദേഹം 2015 മുതൽ 2017 വരെ രണ്ടുവർഷം കേരളത്തിൽ ചീഫ് ടെക്നിക്കൽ എക്സാമിനറായും പ്രവർത്തിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2EM8oRJ
via
IFTTT
No comments:
Post a Comment