ചണ്ഡിഗഢ്: ഓൺലൈനിലൂടെയുള്ള പഠനം ഉറപ്പുവരുത്തുന്നതിനും സ്കൂൾ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന പഠനവിവരങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും പഞ്ചാബ് സർക്കാർ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യുന്ന പദ്ധതി ഓഗസ്റ്റ് 12 ന് ഉദ്ഘാടനം ചെയ്യും. ലോക്ക്ഡൗൺ മൂലം വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാനാരംഭിക്കുന്നത് വൈകുന്നതിനാലാണ് സർക്കാർ ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തത്. പദ്ധതി നടപ്പിലാക്കുന്നതിലൂടെ ജനങ്ങൾക്ക് പ്രത്യേകിച്ച് യുവജനതയ്ക്ക് നൽകിയ വാഗ്ദാനം സർക്കാർ നിറവേറ്റുന്നതായി മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളും പ്രധാന നഗരങ്ങളും പട്ടണങ്ങളും ഉൾപ്പെടുന്ന 26 വിവിധ ഭാഗങ്ങളിലായാണ് പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങ് നടത്തുന്നത്. പരിപാടിയ്ക്കായി ജനങ്ങൾ തിങ്ങിക്കൂടുന്നത് തടയാനാണിതെന്ന് അമരീന്ദർ സിങ് വ്യക്തമാക്കി. എല്ലാ പട്ടണങ്ങളിലേയും 15 വിദ്യാർഥികളെ മാത്രം പരിപാടിയിൽ പങ്കെടുപ്പിക്കും. ഇതു സംബന്ധിച്ച് എല്ലാ ഡെപ്യൂട്ടി കമ്മിഷണർമാർക്കും മുഖ്യമന്ത്രി കത്തയച്ചു. നവംബറോടെ സംസ്ഥാനത്തെ 1.78 ലക്ഷത്തോളം വരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഇതിൽ 50,000 ത്തോളം പേർക്ക് ബുധനാഴ്ച ഫോണുകൾ വിതരണം ചെയ്യും. ക്യാപ്റ്റൻ സ്മാർട്ട് കണക്ട് എന്ന കുറിപ്പും മുഖ്യമന്ത്രിയുടെ ചിത്രവും ഫോണിന്റെ പിൻഭാഗത്ത് പരിപ്പിച്ചിരിക്കും. സർക്കാരിന്റെ ഇ- സേവ ആപ്പ് ഫോണിൽ ഇൻസ്റ്റോൾ ചെയ്താണ് നൽകുന്നത്. ഫോണുകളുടെ രണ്ടാംഘട്ട വിതരണം അടുത്ത് തന്നെ ഉണ്ടാകുമെന്ന് ഔദ്യോഗികവക്താവ് അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2PIPM7m
via
IFTTT
No comments:
Post a Comment