ബെംഗളൂരു: ബെംഗളൂരുവിൽ കോവിഡ്-19 വ്യാപനം തീവ്രമായതോടെ ലോക്ഡൗൺ നീട്ടണമെന്ന ആവശ്യം ശക്തമായി. പുതുതായി രോഗം കണ്ടെത്തുന്നവർ നിത്യേന 2000 കടന്നതോടെ സമൂഹവ്യാപനമെന്ന ആശങ്ക ശക്തമാകുകയാണ്. കർണാടകത്തിൽ രോഗം സ്ഥിരീകരിക്കുന്നവരിൽ 60 ശതമാനവും ബെംഗളൂരുവിലാണ്. നഗരത്തിലെ മുഴുവൻ വാർഡുകളിലേക്കും രോഗം പടർന്നതോടെ കണ്ടെയ്ൻമെന്റ് സോണുകൾ 5598 ആയി വർധിച്ചു. രോഗികളുടെ സമ്പർക്കംകണ്ടെത്താൻ കഴിയാത്തതും രോഗലക്ഷണമില്ലാത്തവർക്ക് കൂടുതലായി രോഗം സ്ഥിരീകരിക്കുന്നതുമാണ് ആശങ്കയ്ക്കിടയാക്കുന്നത്. ആരിൽനിന്നും രോഗം പടരുമെന്ന അവസ്ഥയിലാണ്. ബെംഗളൂരു സൗത്ത് മേഖലയിലാണ് കൂടുതൽ രോഗികൾ. ഇവിടെ കണ്ടെയ്ൻമെന്റ് സോണുകൾ 2045 ആയി വർധിച്ചു. രോഗംബാധിച്ച് കൂടുതൽപേർ മരിക്കുന്നതും നഗരത്തിലാണ്. വെന്റിലേറ്ററിൽ കഴിയുന്ന രോഗികളിൽ 97 ശതമാനം പേരും മരണത്തിന് കീഴടങ്ങുകയാണ്. ഗുരുതരമായ മറ്റു രോഗങ്ങളുള്ളവരാണ് മരിക്കുന്നവരിൽ ഭൂരിഭാഗവും. മരണനിരക്ക് കുറയ്ക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. കോവിഡ് പരിശോധനയിൽ വൈറസിന്റെ സാന്നിധ്യം കൂടുതലുള്ളവരെ പ്രത്യേക നിരീക്ഷണത്തിന് വിധേയരാക്കണമെന്നും നിർദേശിച്ചു. കടുത്ത രോഗലക്ഷണമുള്ളവരിൽ കോവിഡ് വൈറസ് സാന്നിധ്യം കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ കോവിഡ് മരണം 1000 കടന്നിരിക്കുകയാണ്. ഇതിൽ 507 മരണവും ബെംഗളൂരുവിലാണ്. തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലുള്ള 539 രോഗികളിൽ 312 പേരും ബെംഗളൂരുവിലാണ്. കോവിഡ് വ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ നഗരത്തിലെ വിവിധ മേഖലകളുടെ ചുമതല വഹിക്കുന്ന മന്ത്രിമാരുമായി ചർച്ചനടത്തി. കോവിഡ് രോഗികൾക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുന്നതിനുള്ള നടപടിസ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. രോഗലക്ഷണമില്ലാത്തവരെ വീടുകളിൽ ഐസൊലേഷനിൽ നിർത്തി ചികിത്സിക്കാനാണ് തീരുമാനം. കോവിഡ് കെയർ സെന്ററുകളും ആശുപത്രികളും രോഗലക്ഷണമുള്ളവർക്കായി മാറ്റിവെക്കാനും നിർദേശിച്ചു. കോവിഡ് രോഗികൾ വർധിക്കുന്നതോടൊപ്പം മരണവും കൂടുകയാണ്. മണിക്കൂറിൽ രണ്ടുപേർ മരിക്കുന്നുവെന്നാണ് കണക്ക്. മരണനിരക്ക് കൂടുന്നതാണ് ആരോഗ്യവകുപ്പിനുമുന്നിലെ പ്രധാന വെല്ലുവിളി. ചികിത്സ കിട്ടാത്തതാണ് മരണത്തിനുകാരണമെന്ന ആരോപണവും ശക്തമാണ്. ആംബുലൻസ് കിട്ടാതെയും ചികിത്സ ലഭിക്കാതെയും മരിക്കുന്നവർ നഗരത്തിൽ കൂടുകയാണ്. കോവിഡ് കാലത്ത് മികച്ചപ്രവർത്തനം കാഴ്ചവെച്ച ശുചീകരണത്തൊഴിലാളി മരിച്ചത് ചികിത്സ കിട്ടാതെയാണെന്ന് പരാതിയുണ്ട്. Content Highlights:Coronavirus Bengaluru
from mathrubhumi.latestnews.rssfeed https://ift.tt/3heAxz4
via
IFTTT
No comments:
Post a Comment