തിരുവനന്തപുരം: ഓരോ സംസ്ഥാനത്തുമെത്തുന്ന നയതന്ത്ര പ്രതിനിധികൾക്ക് എന്തൊക്കെ സഹായം ചെയ്യണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിർദേശിക്കാറുണ്ട്. അതിഥിയായിക്കണ്ട് സ്വീകരിക്കണമെന്നതാണ് പൊതുരീതി. മുമ്പൊരിക്കൽ പാകിസ്താൻ അംബാസഡർ കേരളത്തിലെത്തിയപ്പോൾ വാഹനമൊരുക്കാൻ കൂലിവാങ്ങണമെന്ന നിർദേശമാണ് വിദേശകാര്യ മന്ത്രാലയം സർക്കാരിനു നൽകിയത്. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെകാലത്താണ് പാകിസ്താൻ അംബാസഡർ അഞ്ചുദിവസത്തെ കേരളസന്ദർശനത്തിനെത്തിയത്. ആവശ്യമായ സുരക്ഷ നൽകണമെന്ന് കേന്ദ്രം നിർദേശിച്ചു. വാഹനസൗകര്യം ഉറപ്പാക്കണമെന്നായിരുന്നു അംബാസഡറുടെ ഒരാവശ്യം. ഇത് സർക്കാർ വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. സ്വകാര്യ വാഹനങ്ങൾ ഏർപ്പെടുത്തിക്കൊടുക്കാമെന്നായിരുന്നു മറുപടി. ഇതിന്റെ കൂലി സർക്കാർ വഹിക്കരുതെന്നും അംബാസഡറിൽനിന്ന് ഈടാക്കാമെന്നും കേന്ദ്രം അറിയിച്ചു. ഇതിനൊപ്പം, സർക്കാർവാഹനം ഒരുകാരണവശാലും വിട്ടുനൽകരുതെന്നും നിർദേശംനൽകി. ഇന്ത്യയുമായി നല്ലബന്ധത്തിലായിരുന്ന മലേഷ്യയിലെ ഒരു മന്ത്രി കേരളത്തിലെത്തിയപ്പോഴും നൽകേണ്ട സൗകര്യങ്ങളെക്കുറിച്ച് കേന്ദ്രം വിശദീകരിച്ചിരുന്നു. ഔദ്യോഗിക സന്ദർശനത്തിനെത്തിയപ്പോൾ സുരക്ഷയും വാഹനവും മറ്റു സൗകര്യങ്ങളുമെല്ലാം നൽകാനാണു നിർദേശിച്ചത്. അതേസമയം, അയ്യപ്പഭക്തനായ മന്ത്രി ശബരിമല സന്ദർശിക്കാനെത്തിയപ്പോൾ സുരക്ഷമാത്രം ഒരുക്കിയാൽമതിയെന്നും കേന്ദ്രം അറിയിച്ചു. നയതന്ത്രപ്രതിനിധികൾക്കുള്ള പരിഗണന, അവർ പ്രതിനിധാനംചെയ്യുന്ന രാജ്യവുമായി ഇന്ത്യയ്ക്കുള്ള ബന്ധം അനുസരിച്ചാണ്. അതിനാൽ, സംസ്ഥാനങ്ങൾ സ്വന്തംനിലയിൽ തീരുമാനമെടുക്കാൻ പാടില്ല. ഈ വ്യവസ്ഥകളെല്ലാം യു.എ.ഇ. കോൺസുലേറ്റിലെ നയതന്ത്രപ്രതിനിധികളുടെ കാര്യത്തിൽ സംസ്ഥാനം തെറ്റിച്ചതിന്റെ കാരണമാണ് കേന്ദ്രം ഗൗരവത്തോടെ പരിശോധിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/32FNIom
via
IFTTT
No comments:
Post a Comment