തിരുവനന്തപുരം: യു.എ.ഇ. കോൺസുലേറ്റിനുള്ള നയതന്ത്ര പരിരക്ഷ ഉപയോഗപ്പെടുത്തി സ്വർണക്കടത്ത് നടത്തിയ സംഭവത്തിൽ ഇന്റലിജൻസ് കൂടുതൽ പരിശോധന നടത്തുന്നു. കേരളത്തിൽ പ്രവർത്തിക്കുന്ന കോൺസുലേറ്റിന്റെപേരിൽ ഇതുവരെയെത്തിയ എല്ലാ ബാഗേജുകളെക്കുറിച്ചും അന്വേഷിക്കും. റവന്യൂ ഇന്റലിജൻസിനൊപ്പം ഇന്റലിജൻസ് ബ്യൂറോയും വിവരം തേടുന്നുണ്ട്. 2019 മുതൽ നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് സരിത്തിന്റെ കുറ്റസമ്മതം. 100 കോടിയിലധികം രൂപയുടെ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് ലഭിച്ച വിവരം. യു.എ.ഇ. കോൺസുലേറ്റിന്റെപേരിൽ ഇടയ്ക്കിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ ബാഗേജുകൾ വന്നിട്ടുണ്ട്. ഇതിൽ ഒന്നുമാത്രമാണ് ഇതുവരെ പരിശോധിച്ചിട്ടുള്ളത്. അതിലാണ് 30.25 കിലോ സ്വർണം കണ്ടെത്തിയത്. യു.എ.ഇ. നയതന്ത്ര കാര്യാലയത്തിൽനിന്ന് കോൺസുലേറ്റിലേക്കുവന്ന ബാഗേജുകൾ ഏതൊക്കെയാണെന്ന് നിർണയിക്കുകയാണ് ആദ്യം ചെയ്യുക. ഔദ്യോഗികമായി ഇക്കാര്യം ഉറപ്പിച്ചാൽ, അവരറിയാതെ കടത്തിയ ബാഗേജുകൾ എത്രയെന്നത് കണ്ടെത്താനാകും. സ്വർണം കടത്തിയ അതേ നയതന്ത്ര ചാനലിൽ യു.എ.ഇ.യിലേക്കും ബാഗേജുകൾ പോയിട്ടുണ്ട്. ഇതിൽ കള്ളപ്പണ ഇടപാടുമുണ്ടെന്നാണ് സംശയിക്കുന്നത്. യു.എ.ഇ.യിൽ മലയാളികൾ ഉൾപ്പെടുന്ന സംഘമാണ് സ്വർണക്കടത്തിന് പിന്നിലുള്ളതെന്നാണ് സംശയിക്കുന്നത്. സംസ്ഥാനത്ത് യു.എ.ഇ., മാലദ്വീപ് കോൺസുലേറ്റുകളാണ് പ്രവർത്തിക്കുന്നത്. രണ്ടിടത്തേക്കും ബാഗേജുകൾ വരാറുണ്ടെങ്കിലും യു.എ.ഇ. കോൺസുലേറ്റുകളുടെ പേരിലാണ് കൂടുതൽ വരുന്നത്. സ്വർണക്കടത്തിനു പുറമേ, കള്ളപ്പണ ഇടപാടുകൂടി ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ രാജ്യസുരക്ഷാ ഭീഷണിയുടെ പരിധിയിലേക്ക് അന്വേഷണം മാറിയേക്കും.
from mathrubhumi.latestnews.rssfeed https://ift.tt/3ed87Dj
via
IFTTT
No comments:
Post a Comment