തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ ഉയർന്ന ആരോപണങ്ങൾ മുഖ്യമന്ത്രിക്കുമുന്നിൽ നിഷേധിച്ച് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ. തിങ്കളാഴ്ച വൈകീട്ടുതന്നെ ശിവശങ്കറിനെ വിളിപ്പിച്ച് മുഖ്യമന്ത്രി വിശദീകരണം തേടിയിരുന്നു. പ്രതിക്കായി ഫോണിൽ ബന്ധപ്പെട്ടെന്ന ആരോപണം ശിവശങ്കർ പൂർണമായും തള്ളി. ഔദ്യോഗികപദവിയോ സംവിധാനങ്ങളോ അതിനായി ഉപയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വപ്നാ സുരേഷുമായി ബന്ധമുണ്ടായിരുന്നുവെന്നും പറഞ്ഞതായാണ് സൂചന. തുടർന്നാണ് തിങ്കളാഴ്ച രാത്രിതന്നെ ശിവശങ്കറിനെ സെക്രട്ടറിസ്ഥാനത്തുനിന്നു മാറ്റാൻ തീരുമാനിച്ചത്. ചൊവ്വാഴ്ച രാവിലെതന്നെ ഉത്തരവിറക്കുകയും ചെയ്തു. ആരോപണങ്ങൾ ശരിവെക്കുന്ന ഇന്റലിജൻസ് റിപ്പോർട്ടുകളും മുഖ്യമന്ത്രിക്കു ലഭിച്ചിരുന്നു. കേസിൽ കസ്റ്റംസ് അന്വേഷണം നടക്കുന്നതിനാൽ ശിവശങ്കറിനെ ചോദ്യംചെയ്യാനുള്ള സാധ്യത തള്ളാനാവില്ല. ശിവശങ്കറിനെ കഴിയുന്നതും വേഗം പുറത്താക്കാൻ ഇതും കാരണമായി. അതേസമയം, കോവിഡുമായി ബന്ധപ്പെട്ട വ്യക്തികളുടെ ആരോഗ്യവിവരം കൈകാര്യംചെയ്യാൻ സ്പ്രിംക്ളർ കമ്പനിക്ക് കരാർ നൽകിയതിന് ഐ.ടി. സെക്രട്ടറിയെന്ന നിലയിൽ ശിവശങ്കർ പ്രത്യേക താത്പര്യമെടുത്തത് നേരത്തേ മുഖ്യമന്ത്രിയുടെ അതൃപ്തിക്കുകാരണമായിരുന്നു. ഇതിൽ പ്രതിപക്ഷ ആരോപണങ്ങൾ തള്ളിയ മുഖ്യമന്ത്രി ശിവശങ്കറിനെ സംരക്ഷിച്ചു. കരാറിന്റെ വിശദാംശങ്ങൾ ശിവശങ്കർതന്നെ മാധ്യമങ്ങളോട് പലകുറി വിശദീകരിച്ചതും മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്നായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3iK1EDI
via
IFTTT
No comments:
Post a Comment