കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള നയതന്ത്ര സ്വര്‍ണക്കടത്തിനെക്കുറിച്ചു സൂചന നല്‍കിയത് യു.എ.ഇ. കോണ്‍സുലേറ്റ് ജനറലെന്നു സൂചന. താന്‍ സ്ഥലത്തില്ലാത്തപ്പോള്‍, തന്റെ പേരില്‍ തിരുവനന്തപുരത്തേക്കു കാര്‍ഗോ അയയ്ക്കുന്നതായി ദുബായ് വിമാനത്താവളത്തില്‍ നിന്നാണു കോണ്‍സുലേറ്റ് ജനറല്‍ അറിഞ്ഞത്. ഇതു തന്റെ അറിവോടെയല്ലെന്ന് അദ്ദേഹം ഇന്ത്യന്‍ അധികൃതരെ അറിയിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്നാണു ബാഗേജ് നിരീക്ഷിക്കാനും സ്വര്‍ണം പിടികൂടാനും കസ്റ്റംസിനു കഴിഞ്ഞത്. കോണ്‍സുലേറ്റ് ജനറല്‍ അറിയിപ്പ് നല്‍കിയ വിവരം കസ്റ്റംസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയില്‍ കോവിഡ് വ്യാപനം ആരംഭിച്ച മാര്‍ച്ചില്‍ത്തന്നെ കോണ്‍സുലേറ്റ് ജനറലും ഭാര്യയും യു.എ.ഇയിലേക്കു മടങ്ങിയിരുന്നു. അതിനുശേഷം ഏപ്രില്‍-മേയില്‍ അദ്ദേഹത്തിന്റെ പേരില്‍ പലതവണ നയതന്ത്ര കാര്‍ഗോയെത്തി.
ജൂണില്‍ രണ്ടുതവണയായി 27 കിലോഗ്രാം സ്വര്‍ണം കടത്തിയതായും കണ്ടെത്തി. അറ്റാഷെയുടെ അറിവോടെയാണിതെന്നു പ്രതികളായ പി.എസ്. സരിത്തും സ്വപ്‌ന സുരേഷും മൊഴി നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് വിവാദമായതോടെ അറ്റാഷെ റാഷിദ് ഖാമിസ് അലി അല്‍ ഷമേലി യു.എ.ഇയിലേക്കു കടന്നു. ഇദ്ദേഹത്തില്‍നിന്നു വിവരം തേടാന്‍ കസ്റ്റംസ് വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.
യു.എ.ഇ. അധികൃതരുടെ അനുമതി ലഭിച്ചാല്‍ ദുബായിലെത്തി അറ്റാഷെ അടക്കമുള്ളവരുടെ മൊഴിയെടുക്കും. അറ്റാഷെയെ പ്രതിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും സാക്ഷിയാക്കാന്‍ സാധിക്കുമോയെന്നും പരിശോധിക്കുന്നു. കൂടിക്കാഴ്ചയ്ക്ക് അറ്റാഷെയുടെ സമ്മതം മതിയെങ്കിലും ചോദ്യംചെയ്യാന്‍ യു.എ.ഇ. അധികൃതരുടെയും വിദേശകാര്യമന്ത്രാലയത്തിന്റെയും അനുമതി വേണം.
കേസിലെ പ്രധാന പ്രതികളുമായെല്ലാം അറ്റാഷെ സംസാരിച്ചതിനു തെളിവായി ഫോണ്‍ കോള്‍ രേഖകളുണ്ട്. സ്വര്‍ണം പിടികൂടപ്പെട്ടശേഷവും സ്വപ്‌നയുമായി സംസാരിച്ചു. പിടികൂടപ്പെട്ടതോടെ, ബാഗേജ് തിരിച്ചയയ്ക്കാന്‍ കസ്റ്റംസിന് അറ്റാഷെ സ്വന്തം െകെപ്പടയിലാണു കത്ത് നല്‍കിയത്.
from mangalam.com https://ift.tt/2Xewlro
via IFTTT
No comments:
Post a Comment