തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന്റെ അന്വേഷണത്തിന് സെക്രട്ടേറിയറ്റിലെ സി.സി.ടി.വി. ദൃശ്യങ്ങൾ എൻ.ഐ.എ.യ്ക്കു കൈമാറാൻ ചീഫ് സെക്രട്ടറി ഉത്തരവിട്ടു. 2019 ജൂലായ് ഒന്നുമുതൽ കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷ് അറസ്റ്റിലായ ഈ വർഷം ജൂലായ് 12 വരെയുള്ള ദൃശ്യങ്ങളാണ് എൻ.ഐ.എ. ആവശ്യപ്പെട്ടത്. എൻ.ഐ.എ. ഉദ്യോഗസ്ഥർ സെക്രട്ടേറിയറ്റിലെത്തി ദൃശ്യങ്ങൾ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ഉത്തരവിട്ടത്. സെക്രട്ടേറിയറ്റിലെ എല്ലാ ക്യാമറകളുടെയും ദൃശ്യങ്ങൾ കൈമാറും. എൻ.ഐ.എ. നിയമത്തിന്റെ ഒമ്പതാംവകുപ്പ് പ്രകാരമാണ് അവർ ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്. ഈ കേസന്വേഷണത്തിന് സെക്രട്ടേറിയറ്റിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ആവശ്യം വന്നേക്കാമെന്ന് ചീഫ് സെക്രട്ടറിക്കു നൽകിയ കത്തിൽ എൻ.ഐ.എ. അറിയിച്ചു. അതിനാൽ ജൂലായ് ഒന്നുമുതൽ 12 വരെയുള്ള ദൃശ്യങ്ങൾ അന്വേഷണത്തിന് ലഭ്യമാകുന്ന വിധത്തിൽ സംരക്ഷിക്കണമെന്നാണ് എൻ.ഐ.എ. ആവശ്യപ്പെട്ടത്. അവർ ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ നൽകാനാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. സ്വപ്നയും സരിത്തും സന്ദീപും സെക്രട്ടേറിയറ്റിൽ നിരന്തരം എത്തിയിരുന്നോ എന്നും ആരൊക്കെയായി ബന്ധപ്പെട്ടിരുന്നുവെന്നുമുള്ള പരിശോധനയാണ് എൻ.ഐ.എ. നടത്തുന്നത്. ഇവരുമായി ബന്ധമുള്ള മുൻ ഐ.ടി. സെക്രട്ടറി ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തിയോയെന്നും പരിശോധിക്കും. ജൂൺ 30-നാണ് സ്വർണം വിമാനത്താവളത്തിലെത്തിയത്. ബാഗേജ് വിട്ടുകിട്ടാൻ പ്രതികൾ ജൂലായ് ഒന്നുമുതൽ ശ്രമം തുടങ്ങിയിരുന്നു. അതിനായി കസ്റ്റംസിൽ ഇടപെടാൻ പ്രതികൾ ശിവശങ്കറിനോട് അഭ്യർഥിച്ചതായി മൊഴിയുണ്ട്. സ്വർണക്കടത്ത് തെളിഞ്ഞ ജൂലായ് അഞ്ചിനാണ് സ്വപ്നയും സന്ദീപും ഒളിവിൽപ്പോയതായി കരുതുന്നത്. ആ ദിവസങ്ങളിൽ സ്വപ്ന സെക്രട്ടേറിയറ്റ് പരിസരത്തുണ്ടായിരുന്നു. 12-ന് പിടിയിലായി. ഒളിവിൽക്കഴിയുമ്പോൾ ഇവരോ ഇവരുമായി ബന്ധമുള്ള മറ്റാരെങ്കിലുമോ സെക്രട്ടേറിയറ്റിൽ എത്തിയോ എന്നും എൻ.ഐ.എ. പരിശോധിക്കും. തങ്ങൾ ആവശ്യപ്പെടുന്ന സമയത്ത് ദൃശ്യങ്ങൾ കൈമാറാൻ തയ്യാറായിരിക്കണമെന്നാണ് എൻ.ഐ.എ. ആവശ്യപ്പെട്ടത്. വരുന്നതിന്റെ തലേന്ന് അറിയിക്കും. 83 ക്യാമറകൾ സെക്രട്ടേറിയറ്റിൽ 83 ക്യാമറകളാണുള്ളത്. ദർബാർഹാളിനു പിറകിലാണ് ഇവയുടെ കൺട്രോൾ റൂം. ചീഫ് സെക്യൂരിറ്റി ഓഫീസറായ ഡിവൈ.എസ്.പി. പദവിയിലുള്ള ഉദ്യോഗസ്ഥനാണ് കൺട്രോൾ റൂമിന്റെ ചുമതല. 12 മാസംവരെയുള്ള ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് സൂക്ഷിക്കാൻ ഇപ്പോൾ സംവിധാനമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസും ശിവശങ്കറിന്റെ ഓഫീസും നോർത്ത് ബ്ലോക്കിലാണ്. ചീഫ് സെക്രട്ടറിയുടെ ഓഫീസ് നോർത്ത് സാൻഡ്വിച്ച് ബ്ലോക്കിലും. Content Highlight:Order to provide CCTV footage of the Secretariat
from mathrubhumi.latestnews.rssfeed https://ift.tt/3jG5j5A
via
IFTTT
No comments:
Post a Comment