കൊച്ചി: സ്വപ്ന അടക്കമുള്ളവർ പങ്കാളിയായ സ്വർണക്കടത്ത് കേസ് നിയമപരമായ സങ്കീർണതയിലേക്കാണ് വഴിതുറക്കുന്നത്. ഒരേസമയം കസ്റ്റംസ് ആക്ടും യു.എ.പി.എ.യും എല്ലാം ബാധകമാകുന്നുണ്ടിതിൽ. കേസിൽ ഉന്നത ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് തെളിഞ്ഞാൽ സി.ബി.ഐ.യും കേസിന്റെ ഭാഗമാകേണ്ടിവരും. സാമ്പത്തിക കുറ്റത്തിനാണ് കസ്റ്റംസ് കേസെടുക്കുന്നത്. എന്നാൽ, എൻ.ഐ.എ ദേശസുരക്ഷയെ ബാധിക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് എഫ്.ഐ.ആർ. തയ്യാറാക്കുക. യു.എ.പി.എ. വകുപ്പ് 16 പ്രകാരം ഭീകരപ്രവർത്തനം, വകുപ്പ് 17 പ്രകാരം ദേശവിരുദ്ധപ്രവർത്തനം, വകുപ്പ് 18 പ്രകാരം ദേശവിരുദ്ധ പ്രവർത്തനത്തിനുള്ള ഗൂഢാലോചന വകുപ്പുകൾ ഉൾപ്പെടുത്തിയായിരിക്കും എൻ.ഐ.എ. കേസെടുക്കുക. ഇതിനായി തെളിവുകൾ സമാഹരിക്കുകയെന്നതാണ് എൻ.ഐ.എ.യുടെ മുന്നിലെ വെല്ലുവിളിയെന്നാണ് നിയമവിദഗ്ധർ പറയുന്നത്.എന്നാൽ, കസ്റ്റംസ് ആക്ടിലെ 108 സ്റ്റേറ്റ്മെന്റ് പ്രകാരമാണ് കസ്റ്റംസ് അന്വേഷണവുമായി മുന്നോട്ടുപോകുന്നത്. ഡെപ്യൂട്ടി കമ്മിഷണറുടെ മുമ്പിലാണ് സ്റ്റേറ്റ്മെന്റ് നൽകേണ്ടത്. ഇത് മജിസ്‌ട്രേറ്റിനുമുന്നിൽ നൽകുന്ന 164 സ്റ്റേറ്റ്മെന്റിന് തുല്യമാണ്. ഡെപ്യൂട്ടി കമ്മിഷണർ ഈ മൊഴി ഒപ്പിട്ടുവാങ്ങുകയാണ് ചെയ്യുന്നത്. ഈ മൊഴി മാറ്റിപ്പറയാൻ കഴിയില്ല. കസ്റ്റംസ് കേസുകൾ സാമ്പത്തികകുറ്റകൃത്യം കൈകാര്യംചെയ്യുന്ന കോടതിക്കുമുന്നിലാണ് വരുന്നത്. എന്നാൽ, എൻ.ഐ.എ. എടുക്കുന്ന കേസ് എൻ.ഐ.എ. കോടതിയുടെ മുന്നിലായിരിക്കും വരുക. സി.ബി.ഐ.യും കേസിന്റെ ഭാഗമായാൽ സി.ബി.ഐ. കോടതിയിലും കേസ് വരും. ഒരേസമയം ഒട്ടേറെ കോടതിയിൽ കേസുകൾ വരുന്നത് നിയമപോരാട്ടങ്ങളെ കൂടുതൽ സങ്കീർണമാക്കുമെന്നാണ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകർ പറഞ്ഞത്.
from mathrubhumi.latestnews.rssfeed https://ift.tt/2Wa66lv
via
IFTTT
No comments:
Post a Comment