തിരുവനന്തപുരം: രാഷ്ട്രീയ പടക്കളത്തിൽ ഒറ്റയ്ക്കുപടനയിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്ത് കേസിൽ പ്രതിരോധത്തിലായ സർക്കാരിന് അഗ്നിശുദ്ധി വരുത്തേണ്ട ഉത്തരവാദിത്വം മുന്നണിയോ പാർട്ടിയോ ഏറ്റെടുക്കുന്നില്ല. സർക്കാരിനൊപ്പമുണ്ടെങ്കിലും സി.പി.എമ്മിന്റെ രാഷ്ട്രീയകവചവും മുഖ്യമന്ത്രിക്ക് താങ്ങാവുന്നവിധം ശക്തമല്ല. കൂടെനിൽക്കേണ്ട സി.പി.ഐ.യെ മുറിവേൽപ്പിച്ച് വിട്ടതിന്റെ പിറ്റേന്നുതന്നെയാണ് മുഖ്യമന്ത്രിക്കുമേൽ സ്വർണക്കടത്തിന്റെ ഊരാക്കുടുക്ക് വീണത്. അതിനാൽ, കാത്തിരുന്നു കാണാമെന്ന നിലപാടാണ് സി.പി.ഐ.ക്കുള്ളത്. മുഖ്യമന്ത്രിയും ഐ.ടി. സെക്രട്ടറിയും തമ്മിലുള്ള ബന്ധം സർക്കാരിന് വരാനിരിക്കുന്ന ആപത്തിന്റെ വഴിയാണെന്ന് സ്‌പ്രിംക്ളർ വിവാദത്തിൽ സി.പി.ഐ. നിലപാടെടുത്തിരുന്നു. അദ്ദേഹത്തെ മാറ്റിനിർത്തേണ്ടത് അനിവാര്യമാണെന്നും സി.പി.ഐ. സർക്കാരിനെയും സി.പി.എമ്മിനെയും അറിയിച്ചതാണ്. ഇത് പാലിക്കപ്പെടാത്തതിന്റെ പരിണിതിയാണ് ഇപ്പോൾ സർക്കാർ പേറേണ്ടിവരുന്നതെന്നാണ് സി.പി.ഐ. നിലപാട്. അതിനാൽ, ഈ പ്രശ്‌നത്തിൽ മുഖ്യമന്ത്രിക്കൊപ്പം സി.പി.ഐ. ഉണ്ടാകില്ല. പാർട്ടിപ്പത്രത്തിലൂടെത്തന്നെ ഇൗ നിലപാട് അവരറിയിച്ചു. സ്വർണക്കടത്ത് കേസ് കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിയിലാണെന്നതാണ് സി.പി.എമ്മിനെയും എൽ.ഡി.എഫിനെയും കുഴക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറികൂടിയായ ഐ.ടി. സെക്രട്ടറി ശിവശങ്കരനെ പൊടുന്നനെ തത്‌സ്ഥാനത്തുനിന്ന് മാറ്റിയതും അന്വേഷണ ഏജൻസിയുടെ ‘കനം’കൊണ്ടാണ്. വിദേശകാര്യമന്ത്രാലയത്തിന് ഇടപെടാൻ ഏറെപഴുതുള്ള കേസാണിത്. ആ വകുപ്പിലെ സഹമന്ത്രിയാണ് വി. മുരളീധരൻ. പ്രവാസി വിഷയത്തിൽ മുരളീധരനും മുഖ്യമന്ത്രിയും പലതവണ പരസ്യമായി ഇടഞ്ഞതാണ്. കേന്ദ്രസർക്കാരിന്റെ തീരുമാനംപോലും അറിയാത്ത സഹമന്ത്രി എന്നാണ് മുഖ്യമന്ത്രി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അതല്ല, കാര്യങ്ങൾ അറിയുന്നുണ്ടെന്ന് ബോധ്യപ്പെടുത്താൻ ഈ കേസ് ആയുധമാക്കി മുരളീധരൻ ഒരുങ്ങിയിറങ്ങുമോയെന്നതും ഇടതുകേന്ദ്രങ്ങൾ ഉറ്റുനോക്കുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ കൈയിലാണ് കേസിന്റെ ഭാവി. അതറിയാവുന്നതിനാൽ കരുതലോടെയാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നീക്കം.
from mathrubhumi.latestnews.rssfeed https://ift.tt/3iM5agw
via
IFTTT
No comments:
Post a Comment