കാവലായി ഗുണ്ടാപ്പട, ഭക്ഷണവും മദ്യവുമടക്കം സര്‍വസന്നാഹം ; കോവിഡ് കാലത്തും മണര്‍കാട്ടെ ചീട്ടുകളികേന്ദ്രത്തില്‍ ദിവസവും മറിഞ്ഞത് 50 ലക്ഷത്തിലേറെ രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 23, 2020

കാവലായി ഗുണ്ടാപ്പട, ഭക്ഷണവും മദ്യവുമടക്കം സര്‍വസന്നാഹം ; കോവിഡ് കാലത്തും മണര്‍കാട്ടെ ചീട്ടുകളികേന്ദ്രത്തില്‍ ദിവസവും മറിഞ്ഞത് 50 ലക്ഷത്തിലേറെ രൂപ

കോട്ടയത്തിനു സമീപം മണര്‍കാട്ടെ ഒരു ചീട്ടുകളികേന്ദ്രത്തില്‍ അതീവരഹസ്യമായി കഴിഞ്ഞദിവസം പോലീസ് നടത്തിയ റെയ്ഡിന്റെ വാര്‍ത്ത വായിച്ചവര്‍ മൂക്കത്ത് വിരല്‍വച്ചു. ഇതു മുംബൈയോ കേരളമോ! കോവിഡ് കാലത്തുപോലും ചീട്ടുകളി കേന്ദ്രത്തില്‍ ഒരുദിവസം മറിഞ്ഞിരുന്നത് 50 ലക്ഷത്തിലേറെ രൂപ. ഭക്ഷണവും മദ്യവുമടക്കം സര്‍വസന്നാഹവുമുള്ള ചീട്ടുകളികേന്ദ്രത്തിനു കാവലായി ഗുണ്ടാപ്പട. കളിക്കാനെത്തിയിരുന്നതു വമ്പന്‍മാര്‍.

സ്ഥലത്തെ പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കാതെ, അയല്‍ സ്‌റ്റേഷനുകളിലെ എസ്.ഐമാര്‍ ഉള്‍പ്പെട്ട പ്രത്യേകസംഘത്തിനായിരുന്നു ദൗത്യത്തിന്റെ ചുമതല. മണര്‍കാട് എസ്.എച്ച്.ഒയും ചീട്ടുകളി മാഫിയാ തലവനുമായുള്ള ഫോണ്‍ സംഭാഷണവും പിന്നീടു പുറത്തുവന്നു. റെയ്ഡിനു പിന്നാലെ, ചീട്ടുകളി ക്ലബ്ബുമായി ബന്ധമുള്ള മത-സാമൂഹിക-രാഷ്ട്രീയ ഉന്നതരെല്ലാം ഞെട്ടിയിരിക്കുകയാണ്.

മണര്‍കാട് പിടിയിലായ ചീട്ടുകളി മാഫിയ മഞ്ഞുമലയുടെ ഒരറ്റം മാത്രം. കേരളത്തിലമ്പാടും നഗരങ്ങളും ഗ്രാമങ്ങളും കേന്ദ്രീകരിച്ചു നടക്കുന്ന ചൂതാട്ടകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഉത്തരേന്ത്യന്‍ അധോലോകസംഘങ്ങളെപ്പോലും വെല്ലുന്ന തരത്തിലാണ്...നിയമസംവിധാനങ്ങള്‍ക്കു പ്രവേശനമില്ലാത്ത സമാന്തരലോകങ്ങള്‍. ഇടതുസര്‍ക്കാര്‍ അധികാരമേറ്റശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ച ‘അവതാരങ്ങളി’ല്‍ ഇത്തരം മാഫിയകളുടെ തലവന്‍മാരും ഉള്‍പ്പെടും. ഭരണ-രാഷ്ട്രീയ-ഉദ്യോഗസ്ഥ-മതനേതൃത്വങ്ങളില്‍ ഇവര്‍ക്കുള്ള പിടിപാട് അത്രയ്ക്കാണ്.

[IMG]

ചൂതാട്ടത്തിന്റെയും അരാജകജീവിതത്തിന്റെയും തലസ്ഥാനമായി വിശേഷിപ്പിക്കപ്പെടുന്ന ചൈനയിലെ ‘മക്കാവു’വിന്റെ പേരിലാണു മണര്‍കാട്ടെ ക്രൗണ്‍ ക്ലബ് എന്ന ചൂതാട്ടകേന്ദ്രം അറിയപ്പെട്ടത്. അതിന്റെ നടത്തിപ്പുകാരനായ മാലം സുരേഷ് വെറുമൊരു അവതാരമല്ലെന്നു നാട്ടുകാരും സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും ഉള്‍പ്പെടെ തന്റെ അടുപ്പക്കാരാണെന്ന് ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ പോലീസും ഇയാളെ തൊടാന്‍ ഭയന്നു. ബ്ലേഡ് പലിശക്കാരനില്‍നിന്നാണു മാലം സുരേഷ് ചീട്ടുകളി ക്ലബ്ബിന്റെ നേതൃത്വത്തിലേക്ക് എത്തിയത്.

ക്രൗണ്‍ ക്ലബ്ബിലെ ചീട്ടുകളിക്കളത്തില്‍ പ്രതിദിനം മറിഞ്ഞിരുന്നത് അരക്കോടി രൂപ! കളിക്കാര്‍ കൂടുതലെത്തുന്ന അവധി ദിവസങ്ങളില്‍ ഇത് ഒന്നരക്കോടി രൂപവരെ എത്തിയിരുന്നതായി പോലീസ് പറയുന്നു. ചീട്ടുകളിക്കു സ്ഥലമൊരുക്കി നല്‍കിയ ബ്ലേഡ് മാഫിയാ തലവനെതിരെയും സംരക്ഷണമൊരുക്കിയ ഗുണ്ടാസംഘത്തിനെതിരെയും കേസെടുക്കാന്‍ പോലീസ് ആദ്യം മടിച്ചിരുന്നു.

ഒടുവില്‍, കോട്ടയം ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക പോലീസ് സംഘം കഴിഞ്ഞ ശനിയാഴ്ച രാത്രി മണര്‍കാട് ''നാലുമണിക്കാറ്റി''നു സമീപമുള്ള ചീട്ടുകളികേന്ദ്രത്തിലെത്തി. റെയ്ഡില്‍ പിടിച്ചെടുത്തതു 18.33 ലക്ഷം രൂപ! 43 പേര്‍ പിടിയിലായി. 14 കാറുകളും നിരവധി മൊെബെല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തു.

നടത്തിപ്പുകാരനു ‘ചീട്ടുമേശ’ ഇനത്തില്‍ ഒരുദിവസം അഞ്ചുലക്ഷം രൂപവരെയായിരുന്നു വരുമാനം. പരിയില്‍, ഗുണ്ട്, മലത്ത്, കീച്ച് എന്നിങ്ങനെയായിരുന്നു കളി. ഗുണ്ടിന് അരലക്ഷം മുതല്‍ ഒരുലക്ഷം രൂപവരെയാണ് ഒരാള്‍ കളത്തില്‍ വയ്‌ക്കേണ്ടത്.

ഏഴുമുതല്‍ ഒന്‍പതുപേര്‍ വരെ കളിക്കിറങ്ങും. അരമണിക്കൂര്‍ കൂടുമ്പോള്‍ ചീട്ട് മാറി, പുതിയ ചീട്ട് കൊണ്ടുവരും. ഒരുതവണ ചീട്ടുമാറാന്‍ 2000 രൂപയാണു സംഘത്തലവനു ലഭിച്ചിരുന്നത്. ഒരു മേശയില്‍ ദിവസം 14 തവണയെങ്കിലും ചീട്ടുമാറും. മണര്‍കാട്ടെ കേന്ദ്രത്തില്‍ ദിവസേന 30 സംഘങ്ങള്‍ വരെ ചീട്ടുകളിക്കാനെത്തിയിരുന്നു. ഗുണ്ട് ഇനത്തില്‍ മാത്രം ഒന്നരലക്ഷം രൂപ വരുമാനം.

സന്ധ്യയോടെയാണു ചീട്ടുകളികേന്ദ്രം സജീവമാകുന്നത്. ഒരാള്‍ 7000 മുതല്‍ 10,000 രൂപവരെ ഇറക്കുന്ന ‘പരിയിലാ’ണു തുടക്കം. ഗുണ്ടും കീച്ചും മലത്തും ആരംഭിക്കുന്ന രാത്രി 10-നുശേഷം ഒരുലക്ഷത്തില്‍ കുറഞ്ഞ കളിയില്ല. കളത്തില്‍ കീശകീറി നില്‍ക്കുന്നവര്‍ക്കു പലിശയ്ക്കു പണം നല്‍കാനും കേന്ദ്രത്തില്‍ സംവിധാനമുണ്ട്. ഒറ്റരാത്രിക്ക് 90,000 രൂപ നല്‍കും. കളികഴിഞ്ഞ്, രാവിലെ മടങ്ങുംമുമ്പ് ഒരുലക്ഷം തിരികെനല്‍കണം. കാറും വീടും സ്വര്‍ണാഭരണങ്ങളും മൊെബെല്‍ ഫോണുകളും പണയംവച്ച് കളിക്കുന്ന ‘ധര്‍മപുത്രന്‍’ മാരുമുണ്ട്. ഇതെല്ലാം വില്‍ക്കാനും വേറെങ്ങും പോകേണ്ടതില്ല.

ഏറ്റുമാനൂര്‍ സ്വദേശിയായ സുരേഷ് 2006-ല്‍ ഷാപ്പ് തൊഴിലാളിയായാണു മാലത്ത് എത്തിയത്. അതോടെ ‘മാലം’ പേരിനൊപ്പം പതിഞ്ഞു. മണര്‍കാട്ടെ ബ്ലേഡ് പലിശസംഘങ്ങളുടെ പിരിവുകാരനായാണു തുടക്കം. പിന്നീട് വന്‍ ബ്ലേഡുകാരില്‍നിന്നു പണം വാങ്ങി, കൂടിയ പലിശയ്ക്കു മറിച്ചു കൊടുത്തുതുടങ്ങി. ഇടുക്കി ജില്ലയിലെ മഞ്ജുമലയില്‍ വില്‍ക്കാനിട്ടിരുന്ന 300 ഏക്കര്‍ എസ്‌റ്റേറ്റ് വാങ്ങാന്‍ ഒരുകൂട്ടര്‍ എത്തിയതാണു സുരേഷിന്റെ രാശി മാറ്റിയത്.

കോട്ടയം, ആറുമാനൂര്‍ സ്വദേശിയായ അന്തരിച്ച ഒരു നേതാവിന്റെ ഉടമസ്ഥതയിലുള്ള ട്രസ്റ്റിന്റെ സ്ഥലം കമ്പ്യൂട്ടര്‍ വിപണനരംഗത്തുള്ള മല്ലപ്പള്ളി സ്വദേശിനിക്ക് എഴുതിനല്‍കിയിരുന്നു. ഈ സ്ഥലം ബാങ്കില്‍ പണയപ്പെടുത്തി എസ്‌റ്റേറ്റ് വാങ്ങാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍, ട്രസ്റ്റ് വക സ്ഥലമായതിനാല്‍ വായ്പ നല്‍കാന്‍ ബാങ്ക് തയാറായില്ല. അതോടെ ഇവര്‍ സുരേഷിനെ സമീപിച്ചു.

ട്രസ്റ്റിന്റെ ആധാരം വാങ്ങി സുരേഷ് 10 രൂപ പലിശയ്ക്കു രണ്ടുതവണയായി 35 ലക്ഷം രൂപ വായ്പ നല്‍കി. പലിശയില്‍ വീഴ്ച വരുത്തിയതിനേത്തുടര്‍ന്ന് മല്ലപ്പള്ളി സ്വദേശിനിയെ ഭീഷണിപ്പെടുത്തി 1.27 കോടി രൂപ സുരേഷ് വാങ്ങിയെടുത്തു. ഇതിനെതിരേ ആഭ്യന്തര സെക്രട്ടറിയായിരുന്ന കെ.ജെ. മാത്യുവിനു മല്ലപ്പള്ളിക്കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്നത്തെ കോട്ടയം ജില്ലാ പോലീസ് മേധാവി കേസെടുത്തു. എന്നാല്‍, കോടതിയില്‍ കേസെത്തിയപ്പോള്‍ പ്രോസിക്യൂട്ടര്‍ ഹാജരായില്ല.

അങ്ങനെ കേസില്‍നിന്നു തലയൂരിയ മാലം സുരേഷ് അറിയപ്പെടുന്ന ബ്ലേഡുകാരനായി. ചെത്തിപ്പുഴ സ്വദേശിയായ ബിസിനസുകാരനു കനറാ ബാങ്കില്‍നിന്നു വായ്പ തരപ്പെടുത്താന്‍ സുരേഷ് ഈടായി വാങ്ങിയിരുന്ന ആധാരങ്ങള്‍ നല്‍കിയിരുന്നു. 2012-ല്‍ മാത്രം സുരേഷിന്റെ പേരില്‍ കോട്ടയം രജിസ്ട്രാര്‍ ഓഫീസിന്റെ പരിധിയില്‍ 38 ആധാരങ്ങളും പാമ്പാടി രജിസ്ട്രാര്‍ ഓഫീസിനു കീഴില്‍ എട്ട് ആധാരവും ഉണ്ടായിരുന്നു.



from mangalam.com https://ift.tt/2WPQns1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages