നെടുങ്കണ്ടം: ശാന്തൻപാറയ്ക്ക് സമീപം രാജാപ്പാറയിലെ സ്വകാര്യ റിസോർട്ടിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വ്യവസായി സംഘടിപ്പിച്ച നിശാപ്പാർട്ടിയിൽ പങ്കെടുത്ത 47 പേരുടെ വിവരങ്ങൾ ലഭിച്ചതായി ശാന്തൻപാറ പോലീസ് അറിയിച്ചു. സി.ഐ. കെ.എസ്.ജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പാർട്ടി നടന്ന ജംഗിൾ പാലസ് റിസോർട്ടിലെത്തി പരിശോധന നടത്തി. സമീപവാസികൾ ഉൾപ്പെടെ മൂന്നൂറോളം പേർ നിശാപ്പാർട്ടിയിൽ പങ്കെടുത്തതായാണ് വിവരം. തിരിച്ചറിഞ്ഞ 47 പേർക്കെതിരേയും കോവിഡ് നിർദേശങ്ങൾ ലംഘിച്ചതിന് കേസെടുക്കും. സംഭവത്തിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയി കുര്യനെതിരേ വ്യാഴാഴ്ച കേസെടുത്തിരുന്നു. മുൻകൂർ അനുമതിയില്ലാതെയാണ് രാജാപ്പാറയിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് പാർട്ടി സംഘടിപ്പിച്ചത്. ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് പോലീസ് അനുമതി വാങ്ങിയിരുന്നില്ല. അർധരാത്രിവരെ ഉച്ചഭാഷിണി ഉപയോഗിച്ചതിന് തെളിവ് ലഭിച്ചിട്ടുണ്ട്.പോലീസ് നടപടികളിലേക്ക് കടന്നെങ്കിലും അനുമതിയില്ലാതെ മദ്യം സൂക്ഷിച്ചതിനും വിളമ്പിയതിനും നടപടിയെടുക്കാൻ എക്സൈസ് തയ്യാറായിട്ടില്ല. ലക്ഷങ്ങളുടെ മുന്തിയ ഇനം വിദേശമദ്യം എറണാകുളം ജില്ലയിൽനിന്നും പ്രത്യേക വാഹനത്തിൽ എത്തിച്ചെന്നാണ് വിവരം. എന്നാൽ മദ്യം വിളമ്പിയതിന് തെളിവൊന്നുമില്ലെന്നാണ് ഉടുമ്പൻചോല എക്‌സൈസിന്റെ വിശദീകരണം. ജൂൺ 28-നാണ് ഉടുമ്പൻചോലയ്ക്ക് സമീപം ചതുരംഗപ്പാറയിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിച്ച വ്യവസായ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നിശാപ്പാർട്ടിയും ബെല്ലിഡാൻസും മദ്യസത്കാരവും നടത്തിയത്. ഉദ്ഘാടനത്തിന് മതമേലധ്യക്ഷൻമാരും സിനിമാതാരങ്ങളും ഇടുക്കിയിലെ ജനപ്രതിനിധികളടക്കം പ്രമുഖ പൊതുപ്രവർത്തകരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. തുടർന്ന് രാത്രി എട്ടുമുതൽ പുലർച്ചെ മൂന്നുമണി വരെയായിരുന്നു, നിശാപ്പാർട്ടി. ബെല്ലിഡാൻസിനായി ഉക്രേനിയൻ നർത്തകിമാരെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിച്ചെന്നാണ് വിവരം. നിശാപ്പാർട്ടിയിൽ പങ്കെടുത്തവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവരം പുറത്തായത്.
from mathrubhumi.latestnews.rssfeed https://ift.tt/2YZCMQj
via
IFTTT
No comments:
Post a Comment